തിരുവനന്തപുരം, ഏപ്രിൽ 27, 2022: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി കേരളത്തിലെ കോളേജ് വിദ്യാർത്ഥികൾക്കായി ഹാക്കത്തോൺ സംഘടിപ്പിച്ചു. ഹാക്ക് ഫോർ ടുമാറോ എന്ന പേരിൽ യു എസ് ടിയുടെ തിരുവനന്തപുരം കാമ്പസിൽ നടന്ന ഹാക്കത്തോൺ, പരമ്പരാഗത അക്കാദമിക് പരിതസ്ഥിതിയിൽ നിന്ന് കോളേജ് വിദ്യാർത്ഥികൾക്ക് ഒരു പ്രൊഫഷണൽ ഇടവേള അനുഭവിക്കുന്നതിനും സപ്ലൈ ചെയിനുകൾ ഡീകാർബണൈസ് ചെയ്യുന്നതിനുള്ള ഫലപ്രദവും സുസ്ഥിരവുമായ പരിഹാരങ്ങൾ കണ്ടെത്തുവാനും ഉതകുന്ന വിധത്തിലുള്ളതായിരുന്നു 'ഇന്നവേറ്റിങ് ടുവേർഡ് നെറ്റ് സീറോ' എന്ന പ്രമേയത്തോടെയുള്ള യു എസ് ടിയുടെ ഹാക്ക് ഫോർ ടുമാറോ ഹാക്കത്തോൺ.

70-ലധികം കോളേജുകളിൽ നിന്നായി 173 ടീമുകൾ ഹാക്കത്തോണിനായി രജിസ്റ്റർ ചെയ്തിരുന്നു. അതിൽ നിന്നും 25 ടീമുകളെയണ് ഓഫ്‌ളൈൻ പരിപാടിയിൽ പങ്കെടുക്കാൻ ഷോർട്ട്‌ലിസ്റ്റ് ചെയ്തത്. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ടാണ് ഹാക്കത്തോൺ സംഘടിപ്പിച്ചത്. 10 ദിവസങ്ങളിലായി വിവിധ റൗണ്ടുകളിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. പങ്കെടുത്ത വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ശിൽപശാലയിൽ 'ഹ്യൂമൻ സെന്റേർഡ് ഡിസൈൻ' എന്ന വിഷയത്തിൽ യു എസ് ടിയുടെ ഗ്ലോബൽ പ്രോഗ്രാം മാനേജർ വിഷ്ണു രാജശേഖരനും, 'സസ്റ്റൈനബിൾ ഇന്നോവേഷൻ' എന്ന വിഷത്തിൽ യു എസ് ടി ക്ലയന്റ്റ് പാർട്ട്ണർ തൻവീർ മുഹമ്മദ്അസീസും സംസാരിച്ചു.

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികളായ രഞ്ജന എച്ച്, അമൃത എ നായർ, അഭിജിത് നാരായൺ എസ്, അനുപമ പി എന്നിവരടങ്ങിയ സൂസി ടെക്കീസ് എന്ന ടീമാണ് മത്സരത്തിൽ വിജയികളായത്. കോതമംഗലം, മാർ അത്ഥനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ സുജീത് ബി, മെറിൻ മേരി ജോസി, ജോൺ രാജു, ഷഫ്ന കെ വി എന്നിവരടങ്ങുന്ന ഫയർഫോക്സ് ടീമാണ് ഫസ്റ്റ് റണ്ണേഴ്സ് അപ്പ്. തിരുവനന്തപുരം മോഹൻദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ ക്രിസ് ഹാരിസ്, മാളവിക ജെ എം, രേഷ്മ ബി, എ കമൽജിത്ത് എന്നിവരടങ്ങുന്ന ദ സ്ട്രാറ്രജിസ്റ്റ്സ് ടീം രണ്ടാം റണ്ണേഴ്‌സ് അപ്പുമായി.

യു എസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവിയും സീനിയർ ഡയറക്ടറുമായ ശിൽപ മേനോൻ, വർക്ക് പ്ളേസ് മാനേജ്‌മെന്റ് ആൻഡ് ഓപ്പറേഷൻസ് സീനിയർ ഡയറക്റ്റർ ഹരികൃഷ്ണൻ മോഹൻകുമാർ ജയശ്രീ, അപാക് മേഖലയിലെ സെയ്ൽസ് ഓപ്പറേഷൻസ് മേധാവി അജയ് സുധാകരൻ, പബ്ലിക്ക് സെക്റ്റർ ആഗോള മേധാവി ഹരി ചന്ദ്രശേഖരൻ, അപാക്ക് അലയൻസ് പാർട്ണർ ഭവേഷ് ശശിരാജൻ എന്നിവരടങ്ങുന്ന ജഡ്ജിങ് പാനലാണ് ടീമുകൾ നടത്തിയ അവതരണങ്ങൾ വിശദമായി വിലയിരുത്തിയതും വിജയികളെ തിരഞ്ഞെടുത്തതും. വിജയികൾക്ക് സമ്മാനങ്ങൾ കൂടാതെ പതിനായിരം രൂപ വിലമതിക്കുന്ന ലേർണിങ് ക്രെഡിറ്റുകളും , യു എസ് ടി യുടെ മുൻ നിര നേതൃ നിരയിലെ ഉദ്യോഗസ്ഥരുമായി ആശയ വിനിമയത്തിനുള്ള അവസരവും നൽകി. വിജയികൾക്ക് യു എസ് ടിയിലെ ടെക്നോളജി ആർക്കിടെക്റ്റുകളുടെ സഹായത്തോടെ അവർ മുന്നോട്ടു വച്ച ആശയങ്ങൾക്കനുസരിച്ചുള്ള പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കാനും അവസരം നൽകും. കൂടാതെ, യു എസ് ടി യിൽ സ്ഥിര ജീവനക്കാരായി ചേർന്ന് ഈ ഉൽപ്പനങ്ങൾ വികസിപ്പിക്കാനും വിജയികൾക്ക് അവസരം നൽകും.