മംഗലൂരു: ഹിജാബ്, ഹലാൽ വിവാദങ്ങളും മതത്തിന്റെ പേരിലുള്ള ഭിന്നതകളും നിരന്തരം വാർത്തകളായി പുറത്തുവന്ന കർണാടകത്തിൽ നിന്നും മതസൗഹാർദ്ദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഹൃദയ സ്പർശിയായ ഒരു വാർത്തയാണ് പുതുതായി പുറത്തുവരുന്നത്.

ഉത്തര കന്നഡയിലെ കൊച്ചു ഗ്രാമമായ വിട്ലയിൽ നിന്നുമാണ് മതത്തിന്റെ പേരിലുള്ള വൈര്യങ്ങൾ മറന്ന് ഒരു നാട് ഒന്നാകെ ഒരു വിവാഹ ചടങ്ങിൽ ഒന്നിച്ചതിന്റെ വാർത്ത വരുന്നത്. വിട്ല സ്വദേശിയായ ഹിന്ദു യുവാവാണ് തന്റെ വിവാഹ ദിനത്തിൽ വൈകീട്ട് ഇഫ്ത്താർ സംഗമം നടത്തി പുത്തൻ മാതൃക തീർത്തത്. വിട്ല ബൈരിക്കാട്ടെ ജെ. ചന്ദ്രശേഖറിന്റെ വിവാഹ തീയതി റമദാൻ മാസത്തിലായിരുന്നു.

തന്റെ സുഹൃത്തുക്കളും അയൽക്കാരുമായ മുസ്ലിംങ്ങളെ വിവാഹ ആഘോഷത്തിൽ പങ്കെടുപ്പിക്കാൻ കഴിയാത്തതിൽ ചന്ദ്രശേഖറിന് നിരാശയുണ്ടായിരുന്നു.. കല്യാണത്തിന് ക്ഷണിച്ചെങ്കിലും പകൽ സമയത്ത് നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുപ്പിക്കാൻ കഴിയാത്തതിൽ അയൽക്കാരായ മൂസ്ലീം കുടുംബങ്ങൾക്കും തങ്ങളുടെ വിഷമം തുറന്നു പറഞ്ഞിരുന്നു. ഇതോടെയാണ് പ്രശ്‌നത്തിന് പരിഹാരം തേടാൻ ചന്ദ്രശേഖറിനെ പ്രേരിപ്പിച്ചത്. ഗ്രാമത്തിലെ ഏതെങ്കിലും സ്ഥലത്ത് ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ചാലോ എന്നായി പിന്നീടുള്ള ചിന്ത.

വീട്ടുകാരോടും കുടുംബക്കാരോടും ഇക്കാര്യം പറഞ്ഞപ്പോൾ എല്ലാവരും സമ്മതം മൂളി. എന്നാൽ ഇഫ്ത്താർ എവിടെ സംഘടിപ്പിക്കുമെന്ന കാര്യത്തിൽ തീരുമാനമായില്ല. അങ്ങിനെയാണ് മസ്ജിദിൽ വെച്ച് ഇസ്ലാമിക പണ്ഡിതരേയും പള്ളിഭാരവാഹികളേയും ഉൾപ്പെടുത്തി ഇഫ്ത്താർ സംഘടിപ്പിക്കാൻ ആലോചിച്ചത്. ഔദ്യോദികമായി തന്നെ പള്ളി അധികാരികളെ കാര്യമറിയിച്ചപ്പോൾ ഹൃദയപൂർവ്വം അവർ സ്വാഗതം ചെയ്തു.

അങ്ങിനെ മസ്ജിദിൽ വെച്ച് ചന്ദ്രശേഖരും ബന്ധുക്കളും പള്ളിഭാരവാഹികളും അടങ്ങിയ സദസ്സിൽ ഇഫ്ത്താർ വിരുന്നൊരുക്കി. ഒരു വിവാഹ ആഘോഷത്തിന്റെ ഭാഗമായി ഇഫ്ത്താർ വിരുന്നൊരുക്കുന്നത് ഇതാദ്യമാണ്. അതും ഒരു ഹിന്ദുവിന്റെ വിവാഹ ആഘോഷ ചടങ്ങിന്റെ ഭാഗമായി. ഇഫത്താറിൽ പങ്കെടുത്ത മുസ്ലിം പണ്ഡിതരും ഭാരവാഹികളും ചന്ദ്രശേഖറിന്റേയും കുടുംബത്തിന്റേയും ഈ സൽപ്രവർത്തിക്ക് നന്ദി പറഞ്ഞു. നവദമ്പതികളെ പള്ളിഭാരവാഹികളും മറ്റും ആശിർവാദവും അനുഗ്രഹവും നൽകി. അങ്ങിനെ വിട്ല മതസൗഹാർദ്ദത്തിന് പുതിയ മാനങ്ങൾ നൽകി.

2017 ൽ പേജാവർ മഠാധിപതി വിശ്വേശ്വരതീർത്ഥ ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിൽ ബ്രഹ്മഹാളിൽ നൂറുക്കണക്കിന് മുസ്ലീമുകൾക്ക് നമസ്‌ക്കാരത്തിനും തുടർന്ന് നോമ്പു തുറക്കും നേതൃത്വം നൽകിയിരുന്നു. അന്ന് ശ്രീരാമ സേന ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും വിശ്വേശ്വര തീർത്ഥയുടെ ഇഫ്ത്താർ സംഘമത്തെ തടയാനോ നിരുത്സാഹപ്പെടുത്താനോ കഴിഞ്ഞിരുന്നില്ല. ഈ സംഭവത്തിന് ശേഷം ആദ്യമായാണ് കർണാടകത്തിലെ ഒരു ഗ്രാമീണയുവാവ് ഹിന്ദു മുസ്ലിം ഐക്യത്തിന് ശക്തി പകരാനുള്ള ശ്രമം നടത്തിയത്.