വാഷിങ്ടൻ: 1962 ൽ ചൈന ഇന്ത്യൻ പ്രദേശങ്ങളിൽ കടന്നുകയറുന്നതുവരെ ചൈനയെ കണ്ണുംപൂട്ടി വിശ്വസിക്കുന്ന സമീപനമാണ് പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു സ്വീകരിച്ചിരുന്നതെന്ന് നാടുകടത്തപ്പെട്ട ടിബറ്റൻ പ്രസിഡന്റ് പെൻപ സെറിങ്. ടിബറ്റിന്റെ പരമാധികാരം സംബന്ധിച്ച് നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നില്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ ദേശീയ താൽപര്യമാണ് ഏത് രാജ്യത്തെയും മുന്നോട്ടു നയിക്കുന്നതെന്നും പെൻപ സെറിങ് പറഞ്ഞു.

ടിബറ്റിന്റെ പരമാധികാരം സംബന്ധിച്ചുള്ള നെഹ്‌റുവിന്റെ കാഴ്ചപ്പാട് നയതന്ത്ര വീഴ്ചയായി പലരും വ്യാഖ്യാനിക്കുന്ന സാഹചര്യത്തിലാണ് താൻ അങ്ങനെ കരുതുന്നില്ലെന്ന് പെൻപ സെറിങ് പറയുന്നത്. ''ടിബറ്റ് ചൈനയുടെ ഭാഗമാണെന്നു സമ്മതിച്ചു കൊടുക്കുകയാണ് ഇന്ത്യ അന്ന് ചെയ്തത്. നെഹ്‌റു ചൈനയെ അത്രമേൽ വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ലോകവീക്ഷണവും അതിനു കാരണമായിട്ടുണ്ടാകാം.'' യുഎസ് സന്ദർശനത്തിനിടെ വാഷിങ്ടനിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സെറിങ് പറഞ്ഞു. ഇന്ത്യ മാത്രമല്ല ഭൂരിഭാഗം രാജ്യങ്ങളും ടിബറ്റിനു മേലുള്ള ചൈനീസ് അവകാശവാദത്തെ അംഗീകരിക്കുന്നവരാണെന്നും പെൻപ സെറിങ് പറഞ്ഞു.

''ചൈനയുടെ പരമോന്നത നേതാവായിരുന്ന മാവോ സെദുങ്ങും നെഹ്‌റുവും തമ്മിൽ 1959 ൽ നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഇന്ത്യചൈന ഭായി - ഭായി എന്ന മുദ്രവാക്യം പിറവി കൊണ്ടത്. അത്രയ്ക്കു മേൽ ആത്മബന്ധം ഉണ്ടായിരുന്ന ചൈനയുടെ അധിനിവേശം നെഹ്‌റുവിനെ തളർത്തിയെന്നും അദ്ദേഹത്തിന്റെ മരണത്തിന് ഇത് കാരണമായെന്നു വിശ്വസിക്കുന്നവരും ഉണ്ട്. 2014 മുതൽ ടിബറ്റിനോടുള്ള ഇന്ത്യൻ കാഴ്ടപ്പാടിൽ മാറ്റം വന്നുവെന്നാണ് വിശ്വസിക്കുന്നത്'' പെൻപ സെറിങ് പറഞ്ഞു.

ചൈനയ്ക്ക് ഇന്ത്യയുമായുള്ള ശത്രുതയുടെ പ്രധാന കാരണങ്ങളിൽ ഒന്ന് ടിബറ്റ് ആണെന്ന് വിലയിരുത്തപ്പെടുന്നു. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ഇന്ത്യയിലാണെന്നതാണ് അതിന് ഒരു കാരണം. ഇപ്പോഴും ആ ജനതയ്ക്കു മേൽ അദ്ദേഹത്തിന്റെ സ്വാധീനം ശക്തമാണ്. പുറംലോകത്തുള്ള ടിബറ്റൻ അഭയാർഥികളേക്കാൾ കൂടുതൽ ടിബറ്റൻ പൗരന്മാർ ചൈനയിലുണ്ട്. അവരിൽ ചൈന അനുകൂല മനോഭാവം വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ടിബറ്റ് ചൈനയുടെ ഭാഗമാണെന്ന് ഇന്ത്യ അംഗീകരിച്ചിട്ടുണ്ടെങ്കിലും ചരിത്രപരമായിത്തന്നെ ടിബറ്റ് ചൈനയുടെ ഭാഗമായി അംഗീകരിക്കണമെന്നാണ് അവരുടെ ആവശ്യം.

1959ലാണ് ടിബറ്റൻ ആത്മീയാചാര്യനായ പതിനാലാം ദലൈലാമ അനുയായികൾക്കൊപ്പം ഇന്ത്യയിലേക്കു പലായനം ചെയ്യുന്നത്. 1962 ലെ ഇന്ത്യചൈന യുദ്ധത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നതും ടിബറ്റൻ വിഷയമാണ്. അതിർത്തി പ്രശ്നങ്ങൾ രൂക്ഷമായതും രാഷ്ട്രീയ നിലപാടുകളിൽ ഉള്ള ഭിന്ന അഭിപ്രായങ്ങളും യുദ്ധത്തിൽ കലാശിക്കുകയായിരുന്നു.