ന്യൂയോർക്ക്: തിരുവല്ല വളഞ്ഞവട്ടം വെസ്റ്റ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ശതാബ്ദിയുടെ നിറവിൽ എത്തിയിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിൽ കടപ്ര വില്ലേജിൽ പുളിക്കീഴ് ബ്ലോക്കിലെ വളഞ്ഞവട്ടത്ത് 1922-ൽ സ്ഥാപിതമായ ഈ ദേവാലയം 100 വർഷത്തെ സ്മരണകളുമായി ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ്.

വർഷങ്ങൾക്കു മുമ്പ് ചെമ്പകശ്ശേരി രാജാവിന്റെ ക്ഷണപ്രകാരം അമ്പലപ്പുഴ താലൂക്കിലെ തലവടിയിൽ താമസമുറപ്പിച്ച അവിരാ വൈദ്യന്റെ പിൻതലമുറക്കാരാണ് ഈ ദേവാലയത്തിന് രൂപം നൽകിയത്. വളഞ്ഞവട്ടം വല്യപറമ്പിൽ താമസമുറപ്പിച്ച ഒരു പിതാവിന്റെ നാലു മക്കളിൽ നിന്നു വളർന്നു വന്ന കുടുംബങ്ങൾ ആരാധനക്കായി ആദ്യം നിരണം സെന്റ് മേരീസ് പള്ളിയിലാണ് എത്തിയിരുന്നത്. പിന്നീട് സൗകര്യാർത്ഥം വളഞ്ഞവട്ടം സെന്റ് മേരീസ് പള്ളിയിൽ അംഗങ്ങളാകുകയും അവിടെ നിന്ന് അല്പകാലം പുളിക്കീഴ് സെന്റ് മേരീസ് പള്ളിയിൽ ചേരുകയും ചെയ്തു. പിന്നീട് 1922-ൽ സൗകര്യാർത്ഥം കുടുംബാംഗങ്ങളൊരുമിച്ച് അവരുടെ സ്ഥലത്ത് ആറ് കരിങ്കൽത്തൂണുകളിൽ താങ്ങിനിർത്തിയ, ഓല മേഞ്ഞ ഒരു ദേവാലയം സ്ഥാപിച്ച് അവിടെ ആരാധന ആരംഭിച്ചു. കുടുംബാംഗങ്ങൾക്കൊപ്പം മറ്റു ചില ക്രൈസ്തവ ഭവനങ്ങൾ കൂടി ഈ ദേവാലയത്തിൽ അംഗങ്ങളായിരുന്നു. നാല്പതുകളുടെ അവസാനത്തിലാണ് ഇന്നത്തെ ദേവാലയം നിർമ്മിതമായത്.

വി. ഗീവറുഗീസ് സഹദായുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ ദേവാലയം ഭക്തജനങ്ങൾക്ക് ആശ്രയമായി മാറിയിരിക്കുന്നു. പെരുന്നാൾ ഈ ദേശത്തിന്റെ ആഘോഷമാണ്. രണ്ടു ദിവസങ്ങളിലായാണ് ഇവിടെ പെരുന്നാൾ ആഘോഷിക്കുന്നത്. ഒന്നാം ദിവസം ആദ്യഫല ശേഖരണവും, കിഴക്ക് പ്രധാന റോഡിൽ സ്ഥാപിതമായ കുരിശടിയിലേക്കുള്ള ഭക്തിനിർഭരമായ റാസയും, രണ്ടാം ദിവസം രാവിലെ മൂന്നിന്മേൽ കുർബ്ബാന, ലേലം എന്നിവക്കു ശേഷം പടിഞ്ഞാറു ഭാഗത്തേക്ക് ഒരു കിലോമീറ്ററോളം ദൂരത്തിൽ റാസയും ഉണ്ടാകും.

ഈ റാസകളിൽ വിവിധ മതസ്ഥരായ ആളുകൾ പങ്കെടുക്കുന്നു. ശയനപ്രദിക്ഷണം, ഇഷ്ടിക ചുമന്നുകൊണ്ടും മുട്ടേൽ നീന്തിയും, കൊടി, മുത്തുക്കുട എന്നിവ വഹിച്ചും, വെറ്റില വിതറിയും പലവിധത്തിൽ വിശ്വാസികൾ നേർച്ചകൾ നിവർത്തിക്കുന്നു. ഭക്തജനങ്ങൾ സമർപ്പിക്കുന്ന അപ്പവും ഇറച്ചിയും ചേർന്ന നേർച്ച വിളമ്പോടുകൂടി പെരുന്നാൾ സമാപിക്കുന്നു. സാധാരണ ദിവസങ്ങളിൽ പോലും ഇവിടെ നേർച്ചകളും പ്രാർത്ഥനകളുമായി വിശ്വാസികൾ കടന്നുവരുന്നുണ്ട്. ഈ ദേവാലയത്തിന്റെ ശതാബ്ദി സമുചിതമായി ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇടവകാംഗങ്ങൾ.

2022-2023 ശതാബ്ദി വർഷമായി ആഘോഷിക്കുകയാണ്. മെയ് 4-ാം തീയതി മാതൃദേവാലയമായ നിരണം വല്യപള്ളിയിൽ നിന്ന് ഏറ്റുവാങ്ങുന്ന ശതാബ്ദി പതാകയുമായി പുളിക്കീഴ്, വളഞ്ഞവട്ടം എന്നീ പള്ളികൾ സന്ദർശിച്ച് വാഹന ഘോഷയാത്രയുടേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടു കൂടി ദേവാലയത്തിലെത്തുന്നു. 6-ാം തീയതി പ്രധാന പെരുന്നാളിനോടൊപ്പം പതാക ഉയർത്തലും ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനസമ്മേളനവും നടത്തുന്നു. തുടർന്ന് മാർഗ്ഗനിർദ്ദേശക ക്ലാസ്സുകളും, കൺവെൻഷനും, തീർത്ഥയാത്രയും, മോട്ടിവേഷൻ ക്ലാസ്സുകളും, ചികിത്സാസഹായവും, മെഡിക്കൽക്യാമ്പും, വിദ്യാഭ്യാസധനസഹായവും, ഭവനനിർമ്മാണ പദ്ധതിയും, മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളും ചേർന്ന വിപുലമായ പ്രവർത്തനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

2023 മെയ് മാസത്തിലെ പെരുന്നാളിനോടനുബന്ധിച്ചാണ് ശതാബ്ദിയാഘോഷങ്ങളുടെ സമാപനം.