ലക്നൗ: ഉത്തർപ്രദേശിൽ വിവാഹ ചടങ്ങിനിടെ വധുവിനെ മുൻ കാമുകൻ വെടിവെച്ചു കൊലപ്പെടുത്തി. മുബാരിക്പുർ ഗ്രാമത്തിലാണ് സംഭവം. യുവതി മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിൽ കാമുകൻ പ്രതികാരം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ചടങ്ങുകൾക്ക് ശേഷം മുറിയിലേക്ക് പോയപ്പോളാണ് വധു കാജലിനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മുൻ കാമുകൻ അനീഷ് നാടൻ തോക്കുപയോഗിച്ച് വെടിവച്ചു കൊലപ്പെടുത്തിയത്. വെടിയുതിർത്ത ശേഷം ഇയാൾ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.

കാജലിന്റെ പിതാവ് ഖുബി റാം പൊലീസിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് മഥുര പൊലീസ് എസ്‌പി ശ്രിഷ് ചന്ദ്ര പറഞ്ഞു.

മഥുരയിലെ നൗജ്ഹീൽ മേഖലയിൽ വെള്ളിയാഴ്ചയാണ് സംഭവം. കാജലാണ് കൊല്ലപ്പെട്ടത്. കാജലുമായി യുവാവ് പ്രണയത്തിലായിരുന്നു. ബന്ധം അവഗണിച്ച് കൊണ്ട് മറ്റൊരാളെ വിവാഹം കഴിക്കാൻ യുവതി തീരുമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി അനീഷിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

മാലയിടൽ ചടങ്ങിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിനകത്തേയ്ക്ക് പോയ മകൾക്ക് നേരെ അനീഷ് വെടിയുതിർക്കുകയായിരുന്നുവെന്ന് അച്ഛന്റെ പരാതിയിൽ പറയുന്നു. തലയ്ക്ക് വെടിയേറ്റ യുവതി തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു.