കീവ്: യുക്രൈനിൽ റഷ്യ നടത്തിയ സൈനിക നടപടിയുടെ ആദ്യ നാളുകളിൽ തന്നേയും കുടുംബത്തേയും റഷ്യൻ സേന ബന്ദികളാക്കുന്നതിന്റെ വക്കോളം എത്തിയിരിരുന്നുവെന്ന് വെളിപ്പെടുത്തി യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി. അധിനിവേശം വളരെ ശക്തമായി നിലനിൽക്കുന്ന സമയത്താണ് ഇത്തരമൊരു ശ്രമമുണ്ടായതെന്നും സെലൻസ്‌കി പറയുന്നു.

17 വയസ്സുള്ള മകളേയും ഒൻപത് വയസ്സുള്ള മകനേയും വിളിച്ചുണർത്തി ബോംബാക്രമണം ആരംഭിച്ചിരിക്കുന്നുവെന്ന തനിക്കും ഭാര്യ ഒലേന സെലൻസ്‌കയ്ക്കും പറയേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ താനാണ് റഷ്യയുടെ ലക്ഷ്യമെന്ന് മനസ്സിലാക്കിയിരുന്നു. ടൈം മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഒരു സുരക്ഷിത സ്ഥാനമല്ലെന്ന് തിരിച്ചറിയുകയും ചെയ്തു. റഷ്യൻ സൈന്യം പാരച്ചൂട്ടിന്റെ സഹായത്തോടെ കീവിലേക്ക് എത്തിയിരുന്നു. അത്തരം ദൃശ്യങ്ങൾ സിനിമകളിൽ മാത്രമാണ് കണ്ടിട്ടുള്ളത്.

റഷ്യൻ സൈന്യത്തിന്റെ നീക്കത്തിന് പിന്നാലെ തന്റെ ഔദ്യോഗിക വസതി ഉൾപ്പെട്ട മേഖലയെ എപ്രകാരമാണ് സുരക്ഷിതമാക്കിയതെന്നും അഭിമുഖത്തിൽ സെലൻസ്‌കി പറയുന്നു.റഷ്യൻ സൈന്യം പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ച് കയറാൻ രണ്ട് തവണ ശ്രമിച്ചെന്നും ഈ സമയം സെലൻസ്‌കിയുടെ ഭാര്യയും കുട്ടികളും അവിടെയുണ്ടായിരുന്നുവെന്നും യുക്രൈൻ സൈന്യത്തിലെ ഇന്റലിജൻസ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഒലെക്സൈ അറസ്റ്റോവിക് പറയുന്നു.

യുക്രെയിനിൽ റഷ്യൻ അധിനിവേശം രണ്ടു മാസം പിന്നിടുമ്പോൾ ഇരു രാജ്യങ്ങളും സന്ദർശിക്കാനുള്ള യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ തീരുമാനത്തെ വിമർശിച്ച് നേരത്തെ സെലൻസ്‌കി രംഗത്തെത്തിയിരുന്നു. ആദ്യം റഷ്യയും പിന്നീട് യുക്രെയിനും സന്ദർശിക്കാനുള്ള ഗുട്ടെറസിന്റെ തീരുമാനംനീതിക്ക് നിരക്കാത്തതാണെന്ന് സെലൻസ്‌കി കുറ്റപ്പെടുത്തി.

'യുദ്ധം യുക്രെയ്‌നിലാണ്. മോസ്‌കോയുടെ തെരുവുകളിൽ മൃതദേഹങ്ങളില്ല. ആദ്യം യുക്രെയ്‌നിലെത്തി അവിടുത്തെ ജനങ്ങളെയും അധിനിവേശത്തിന്റെ ദുരിതവും നേരിട്ടുകാണുന്നതിലാണ് ന്യായമെന്ന് ' സെലൻസ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്താൻ തയാറാണെന്നും സെലൻസ്‌കി വ്യക്തമാക്കിയിരുന്നു.

റഷ്യൻ അധിനിവേശത്തെ തുടർന്ന് യൂറോപ്പ്യൻ രാജ്യങ്ങളുടേത് പോലെ ഏഷ്യൻ രാജ്യങ്ങളും യുക്രെയിനോടുള്ള മനോഭാവം മാറ്റണമെന്നും വൊളൊഡിമിർ സെലൻസ്‌കി അഭ്യർത്ഥിച്ചിരുന്നു. റഷ്യൻ ആക്രമണത്തിനെതിരെ ധീരമായി ചെറുത്തു നില്പു നടത്തുന്ന യുക്രെയ്ന്റെ പോരാട്ടം, യൂറോപ്യൻ രാജ്യങ്ങളുടെ രാജ്യത്തോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ ഇടയാക്കി.

ഇതിന് സമാനമായി ഏഷ്യൻ രാജ്യങ്ങളും യുക്രെയിനോടുള്ള അവരുടെ മനോഭാവം മാറ്റാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ യു.എൻ മനുഷ്യാവകാശ കൗൺസിലിലെ റഷ്യയുടെ അംഗത്വം താത്ക്കാലികമായി നിർത്തിവയ്ക്കാൻ വോട്ടെടുപ്പ് നടത്തിയപ്പോൾ 93 രാജ്യങ്ങൾ അനുകൂലിച്ചും 24 രാജ്യങ്ങൾ എതിർത്തും 58 പേർ വിട്ടുനില്ക്കുകയും ചെയ്തിരുന്നു. വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്ന രാജ്യങ്ങളിലേറെയും ഏഷ്യൻ രാജ്യങ്ങളായിരുന്നു. ഇതിനെ തുടർന്നാണ് സെലൻസ്‌കിയുടെ പരാമർശം.