ജയ്പുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. രാജസ്ഥാനിലെ ബുണ്ടി ജില്ലാ പോക്‌സോ കോടതിയുടേതാണ് വിധി. 1.20 ലക്ഷം രൂപ പെൺകുട്ടിയുടെ കുടുംബത്തിന് നൽകണമെന്നും വിധിയിൽ പറയുന്നു.

സുൽത്താൻ ബിൽ(27), ഛോട്ടു ലാൽ (62) എന്നിവർക്കാണ് കോടതി തൂക്കുകയർ വിധിച്ചത്. 17 വയസ്സുള്ള മറ്റൊരു പ്രതിയുടെ വിചാരണ തുടരുകയാണ്. 15 വയസ്സുള്ള പെൺകുട്ടിയെയാണ് ഇവർ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. മൃതദേഹത്തിൽ ഗുരുതര പരുക്കുകളും ഉണ്ടായിരുന്നു. 100 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.

കഴിഞ്ഞ ഡിസംബർ 23നാണ് കേസിനാസ്പദമായ സംഭവം. വനത്തിന് സമീപം ആടുകളെ മെയ്‌ക്കാൻ പോയ കുട്ടിയെയാണ് സംഘം പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. മൃതദേഹം കാട്ടിൽതന്നെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. 12 മണിക്കൂറിനുള്ളിൽ പൊലീസ് പ്രതികളെ പിടികൂടുകയും 40 ദിവസത്തിനുള്ളിൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.