പട്യാല: പഞ്ചാബിലെ പട്യാലയിൽ ഖലിസ്ഥാൻ സംഘടനകൾക്കെതിരെ ശിവസേന നടത്തിയ മാർച്ച് അക്രമാസക്തമായതുമായി ബന്ധപ്പെട്ടു ശിവസേന നേതാവ് ഹരീഷ് സിങ്ല അറസ്റ്റിൽ. പട്യാലയിൽ വെള്ളിയാഴ്ച രാത്രി ഏഴു മുതൽ ശനിയാഴ്ച രാവിലെ ആറു വരെ കർഫ്യു പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിനു പിന്നാലെയായിരുന്നു അറസ്റ്റ്. സംഘർഷം ദൗർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഭഗവന്ത് വ്യക്തമാക്കി. ഖലിസ്ഥാൻ സംഘടനകൾക്കെതിരെ ശിവസേന മാർച്ച് നടത്തുന്നതിനിടെയാണ് ചില സിഖ് സംഘടനകൾ പ്രതിഷേധവുമായി എത്തിയത്. ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറും വാൾ വീശലും ഉണ്ടായി. നിരവധി പേർക്ക് പരുക്കേറ്റു.

അനുമതി ഇല്ലാതെയാണ് ശിവസേന മാർച്ച് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളിൽ 'ഖലിസ്ഥാൻ മുർദാബാദ്' വിളികൾക്കു പിന്നാലെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടുന്നതും പരസ്പരം വാൾ വീശുന്നതും കല്ലെറിയുന്നതും വ്യക്തമാണ്.