- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടുപന്നി ക്ഷുദ്രജീവി പ്രഖ്യാപനം - കേന്ദ്രത്തെ പഴിചാരി സംസ്ഥാന സർക്കാർ ജനങ്ങളെ വിഢികളാക്കുന്നു: അഡ്വ.വി സി.സെബാസ്റ്റ്യൻ
പാല: ജനവാസമേഖലകളിലേയ്ക്ക് കടന്നുവന്ന് ജനങ്ങളെ അക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന് തടസ്സം നിൽക്കുന്നത് സംസ്ഥാന സർക്കാരും ജനപ്രതിനിധികളുമാണെന്നതിൽ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആരോപിച്ചു.
പാല ശാലോം പാസ്റ്ററൽ സെന്ററിൽ ചേർന്ന ഇൻഫാം പാല രൂപതാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാതെ നിരന്തരം കേന്ദ്രത്തെ പഴിചാരി ഒളിച്ചോട്ടം നടത്തുന്ന പ്രക്രിയയിൽനിന്ന് സംസ്ഥാന വനംവകുപ്പ് പിന്മാറണം. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 11-ാം വകുപ്പ് 1 ബി ഉപവകുപ്പ് പ്രകാരം പഞ്ചായത്തുകൾക്ക് വന്യമൃഗ അക്രമങ്ങളിൽ നടപടികളെടുക്കാവുന്നതാണ്. ഇതിന്റെയടിസ്ഥാനത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കാട്ടുപന്നികളെ നിയന്ത്രിക്കുവാൻ പഞ്ചായത്തുകൾക്ക് പൂർണ്ണ അധികാരമുണ്ടെന്നിരിക്കെ കേരളത്തിൽ മാത്രം ഈ നടപടി അട്ടിമറിക്കുന്നു. ഈ കേന്ദ്രനയം നടപ്പിൽ വരുത്താൻ സംസ്ഥാനം തയ്യാറാകണം. രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും ചില വോട്ടുകേന്ദ്രങ്ങളെ തൃപ്തിപ്പെടുത്തുവാൻ കാട്ടുപന്നികളെ തൊടരുതെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത് എതിർക്കപ്പെടേണ്ടതാണെന്നും വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.
ഇൻഫാം ഡയറക്ടർ ഫാ. ജോസ് തറപ്പേൽ അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചിരിക്കുന്ന കർഷക കമ്മീഷന്റെ സിറ്റിംഗും തദവസരത്തിൽ നടന്നു. കർഷക കമ്മീഷൻ ചെയർമാൻ അഡ്വ.ബിനോയ് തോമസ് കർഷകരിൽ നിന്നുള്ള പരാതികൾ സ്വീകരിച്ചു. പ്രാദേശികമായി പ്രവർത്തിക്കുന്ന വിവിധ കർഷകപ്രസ്ഥാനങ്ങൾ സംഘടിച്ച് നീങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അഡ്വ.ബിനോയ് പറഞ്ഞു.
ഇൻഫാം പ്രസിഡന്റ് മാത്യു മാമ്പറമ്പിൽ, സെക്രട്ടറി ബേബി പന്തപ്പള്ളി, ജെയിംസ് ചൊവ്വാറ്റുകുന്നേൽ, സണ്ണി അരങ്ങാണിപുത്തൻപുരയിൽ, മാത്തുക്കുട്ടി രത്നഗിരി, ജോളി ഭരണങ്ങാനം എന്നിവർ സംസാരിച്ചു.