ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിച്ച 252 പേർ കൂടി വെള്ളിയാഴ്ച പിടിയിലായതായി അധികൃതർ അറിയിച്ചു. ഇവരിൽ 245 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് അധികൃതർ പിടികൂടിയത്.

മൊബൈലിൽ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇല്ലാതിരുന്നതിന് ഏഴുപേരെയും അധികൃതർ പിടികൂടി. പിടിയിലായ എല്ലാവരെയും തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഖത്തറിൽ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.