കൊൽക്കത്ത: വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചതിന് ഷഓമിയുടെ സ്വത്തുവകകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര.

പിഎം കെയേഴ്‌സിലേക്ക് പത്തു കോടി രൂപ സംഭാവന നൽകിയ അതേ കമ്പനിയുടെ സ്വത്തുവകകളാണ് ഇഡി ഇപ്പോൾ കണ്ടുകെട്ടിയിരിക്കുന്നതെന്ന് മഹുവ ട്വീറ്റ് ചെയ്തു.

'ചൈനീസ് സ്മാർട്ട്‌ഫോൺ ഭീമന്മാരായ ഷഓമിയുടെ 5,500 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചതിന് ഇഡി കണ്ടുകെട്ടി. ഇതേ ഷഓമിക്കു തന്നെയാണ് പിഎം കെയേഴ്‌സിലേക്ക് 10 കോടി രൂപ സംഭാവന നൽകാൻ അനുമതി നൽകിയതും. പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട ഞങ്ങളുടെ എല്ലാ ചോദ്യങ്ങളും കല്ലെറിയപ്പെട്ടു' മഹുവ പറഞ്ഞു. കോൺഗ്രസ് അംഗങ്ങൾ അടക്കം നിരവധി പേർ ഇതു സംബന്ധിച്ച് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

നാലു ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന ഷഓമിയുടെ 5,551.27 കോടി രൂപ പിടിച്ചെടുത്തതായാണ് ഇഡി അറിയിച്ചത്. ചൈന ആസ്ഥാനമായുള്ള ഷഓമി ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപ സ്ഥാപനമാണ് ഷഓമി ഇന്ത്യ. ഫെബ്രുവരിയിൽ കമ്പനി അനധികൃതമായി പണമയച്ചതുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം ആരംഭിച്ചിരുന്നു.

ഷഓമിക്ക് ഇന്ത്യയിൽ 34,000 കോടിയുടെ വാർഷിക വിറ്റുവരവാണുള്ളത്. 1999ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരമാണു നടപടി. 2014 മുതലാണ് ഷഓമി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. 2015 മുതൽ നടത്തി വന്ന സാമ്പത്തിക ഇടപാടുകളിലായിരുന്നു ഇഡി അന്വേഷണം. വരുമാനത്തിന്റെ നല്ലൊരു പങ്കും ഷഓമി ഇന്ത്യ മാതൃ കമ്പനിയിക്കു കൈമാറിയിരുന്നു.