- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രെയിൻ യുദ്ധത്തിന്റെ പൂർണ്ണ ചുമതല ഏറ്റെടുത്ത് പുടിൻ; സ്റ്റാലിനെ പോലെ യുദ്ധഭ്രാന്തിലേക്ക് മാറുന്നുവെന്ന് വിലയിരുത്തൽ; യുദ്ധ സമയത്ത് യുക്രെയിൻ പാർലമെന്റിന്റെ അഭിസംബോധന ചെയ്ത് വിൻസ്റ്റൺ ചർച്ചിലാവാൻ ബോറിസ് ജോൺസനും; ചരിത്രത്തിന്റെ തനിയാവർത്തനമോ ?
കർമ്മ ചക്രം ഒരു വട്ടം പൂർത്തിയായാൽ പിന്നെ നടക്കുക കഴിഞ്ഞകാലത്തിന്റെ തനിയാവർത്തനമായിരിക്കും എന്ന് പറയാറുണ്ട്. റഷ്യൻ -യുക്രെയിൻ യുദ്ധം മറ്റൊരു ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പുടിനിലൂടെ സ്റ്റാലിൻ പുനരവതരിക്കുകയാണ് എന്നാണ് പാശ്ചാത്യ നിരീക്ഷകർ വിലയിരുത്തുന്നത്. റഷ്യയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല പൂർണ്ണമായും പ്രധാനമന്തിർ മിഖായേൽ മിഷുസ്റ്റിനെ ഏൽപിച്ച് പുടിൻ പൂർണ്ണമായും യുദ്ധ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മെയ് 9 ലെ വിജയ ദിവസാഘോഷങ്ങൾക്ക് മുൻപായി എടുത്തുകാട്ടുവാൻ തക്ക ഒരു വിജയം കൈവരിക്കുവാൻ വലിയ വലിയ ആവശ്യങ്ങളാണ് പുടിൻ മുന്നോട്ട് വയ്ക്കുന്നതെന്ന സൂചന അവർ നൽകുന്നു. അതിലൊന്ന് യുക്രെയിൻ പ്രസിഡണ്ട് വൊളോഡിമർ സെലെൻസ്‌കിയുടെ ജന്മസ്ഥലമായ ക്രീവി റീ പിടിച്ചെടുക്കണമെന്നാണെന്ന് യുക്രെയിൻ സൈനിക മേധാവിയെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഈ നഗരവും പുടിനും റഷ്യൻ സൈന്യത്തിനും ഒരു ബാലികേറാമലയായി അവശേഷിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുക്രെയിനിന്റെ കിഴക്കൻ മേഖലയിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. ഒൻപതര ആഴ്‌ച്ചകളായി തുടരുന്ന യുദ്ധത്തിൽ 25,000 ല അധികം സൈനികരെ റഷ്യയ്ക്ക് നഷ്ടപ്പെട്ടു എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനിടയിൽ പാശ്ചാത്യ ചേരിയിലേക്ക് കൂറുമാറിയ ഒരു മുൻ കെ ജി ബി ഏജന്റ് പറയുന്നത് പുടിന്റെ യഥാർത്ഥ ആരോഗ്യസ്ഥിതിയെ പറ്റി അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത വൃത്തങ്ങൾക്ക് പോലും അറിയാത്ത വിധം രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടാകാം എന്നാണ്. പുടിന് ചിത്തഭ്രമം പിടിപെട്ടു എന്നും വിചിത്രമായ ആശയങ്ങൾക്ക് പുറകെയാണ് പുടിനെന്നുമാണ് ബോറിസ് കാർപിച്ച്കോവ് എന്ന ഈ മുൻ കെ ജി ബി ഏജന്റ് പറയുന്നത്.
റഷ്യൻ സുരക്ഷാ സൈന്യം മുതൽ, തന്റെ ഉറ്റ അനുയായികളെ വരെ ഇപ്പോൾ പുടിൻ വഞ്ചകരായിട്ടാണ് കാണുന്നതെന്നും അയാൾ പറയുന്നു. ശക്തനായ മനുഷ്യൻ എന്ന പ്രതിച്ഛായ കാത്തു സൂക്ഷിക്കുവാൻ തന്റെ അനാരോഗ്യ രഹസ്യം, ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ നിന്നുപോലും മറച്ചുപിടിക്കുകയാണെന്നും അയാൾ സൂചിപ്പിച്ചു. സ്റ്റാലിന്റെ അവസാന നാളുകളും ഇത്തരത്തിൽ ചിത്തഭ്രമവും സംശയരോഗവുമായിട്ടായിരുന്നു കടന്നുപോയിരുന്നത്. ആരോഗ്യം സംരക്ഷിക്കുവാൻ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കണമെന്ന് നിർദ്ദേശിച്ച സ്വന്തം ഡോക്ടറെ ജയിലിൽ അടക്കുക കൂടി ചെയ്തു സ്റ്റാലിൻ.
1952- ആയപ്പോഴേക്കും റഷ്യയിൽ ഡോക്ടർമാർക്കെതിരെ ഒരു ഭരണകൂട ഭീകര അഴിച്ചു വിടുന്നതു വരെ എത്തിയിരുന്നു കാര്യങ്ങൾ. രാഷ്ട്രീയ നേതാക്കളെ ഇല്ലാതെയാക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു. ഇത്. അക്കാലത്ത് റഷ്യയിലെ പല ഡോക്ടർമാരും നാടുവിട്ട് മറ്റു രാജ്യങ്ങളിൽ അഭയം തേടുകയായിരുന്നു. ഇതിന്റെ ആവർത്തനമെന്നോണം ഇപ്പോൾ പുടിനും ഡോക്ടർമാരെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ടത്രെ. കഴിഞ്ഞ ഫെബ്രുവരിയിൽ പുടിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് റഷ്യൻ അധികൃതർ പ്രൊഫസർ വലേരി സൊളോവിയേവിനെ ചോദ്യം ചെയ്തത് തുടർച്ചയായ ഏഴു മണിക്കൂറുകളായിരുന്നു.
റഷ്യൻ സ്റ്റാലിൻ പുനരവതരിക്കുമ്പോൾ, രണ്ടാം ലോക മഹായുദ്ധത്തിലെ വീരനായകരിൽ ഒരാളായ സർ വിൻസ്റ്റൺ ചർച്ചിലിന് വെറുതെയിരിക്കാൻ ആകുമോ? കടിച്ചുപിടിക്കാൻ ആ വിശ്വപ്രസിദ്ധമായ പൈപ്പ് ഇല്ലെങ്കിലും, തന്റെതായ രീതിയിൽ വിൻസ്റ്റൺ ചർച്ചിൽ എന്ന യുദ്ധനായകനെ പുനരവതരിപ്പിക്കുകയാണ് ബോറിസ് ജോൺസൺ. ഇന്ന് യുക്രെയിനിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്ത് ബോറിസ് ജോൺസൺ സംസാരിക്കുമ്പോൾ വിൻസ്റ്റൺ ചർച്ചിലിന്റെ സ്മരണകൾ ഉയർത്തിയായിരിക്കും യുക്രെയിൻ സൈന്യത്തിന്റെ ധീരതക്ക് അഭിവാദ്യം അർപ്പിക്കുക.
വീഡിയോ ലിങ്ക് വഴി യുക്രെയിൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ബോറിസ് ജോൺസൺ അതോടൊപ്പം യുക്രെയിന് 300 മിലയ്ൺ പ്പൗണ്ടിന്റെ സൈനിക പാക്കേജും പ്രഖ്യാപിക്കും. കഴിഞ്ഞ മാസം അവിചാരിതമായി യുക്രെയിൻ സന്ദർശിച്ച ലോക നേതാവാണ് ബോറിസ് ജോൺസൺ. മാർച്ച് മാസത്തിൽ ഇതുപോലെ ഓൺലൈൻ വഴി ബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ച വേളയിൽ സെലെൻസ്‌കിയും വിൻസ്റ്റൺ ചർച്ചിലിനെ ഉദ്ധരിച്ചിരുന്നു.
ബോറിസ് ജോൺസന്റെ എക്കാലത്തേയും വലിയ ആരാധനാപാത്രമാണ് വിൻസ്റ്റൺ ചർച്ചിൽ. ദി ചർച്ചിൽ ഫാക്ടർ എന്നപേരിൽ യുദ്ധകാല നായകന്റെ ജീവചരിത്രവും ബോറിസ് ജോൺസൺ രചിച്ചിട്ടുണ്ട്. അങ്ങനെ രണ്ട് പഴയകാല യുദ്ധനായകർ ഉയർത്തെഴുന്നേൽക്കുമ്പോൾ ആശങ്കപ്പെടുന്നത് ലോകമാണ്. അന്ന് ഇരുവരും ഒരേചേരിയിൽ നിന്നായിരുന്നു പോരാടിയതെങ്കിൽ ഇന്നവർ വിരുദ്ധ ചേരികളിലാണ്. ഈ പഴയകാല യുദ്ധ നായകരുടെ വീരസ്മരണകളിൽ ഇരുവരും ആവേശം ഉൾക്കൊണ്ടാൽ അത് അവസാനിക്കുക ലോകത്തിന്റെ സർവ്വനാശത്തിലായിരിക്കും എന്ന് സ്വതന്ത്ര നിരീക്ഷകർ ഇരുവരേയും ഓർമ്മിപ്പിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ