അലഹബാദ്: ഭർത്താവിൽ ഭാര്യയ്ക്ക് അങ്ങേയറ്റം അവകാശമുണ്ടെന്നും ഭാര്യയെ സംബന്ധിച്ചിടത്തോളം ഭർത്താവ് മറ്റൊരു സ്ത്രീയെ രഹസ്യമായി വിവാഹം ചെയ്യുന്നത് സ്വന്തം ജീവിതം അവസാനിപ്പിക്കാൻ മതിയായ കാരണമാണെന്നും അലഹബാദ് ഹൈക്കോടതി. ഭാര്യയുടെ ആത്മഹത്യയ്ക്ക് പ്രേരണ നൽകിയെന്ന കുറ്റത്തിൽ നിന്ന് വിടുതൽ നൽകണമെന്ന ഹർജി തള്ളിയ വിചാരണക്കോടതി ഉത്തരവ് ശരിവച്ചാണ് അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് രാഹുൽ ചതുർ വേദിയുടെ ബെഞ്ചിന്റെ നിരീക്ഷണം.

വിവാഹിതയായ സ്ത്രീക്ക് തന്റെ ഭർത്താവിനെ മറ്റുള്ളവരുമായി പങ്കിടുന്നത് സഹിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതിയായ സുശീൽ കുമാർ മൂന്നാമതും വിവാഹം കഴിച്ചിരുന്നുവെന്നും ഇതാണ് ഭാര്യ ആത്മഹത്യ ചെയ്യാനുള്ള ഏക കാരണമായതെന്നും കോടതി നിരീക്ഷിച്ചു. ഒരു ഭാര്യയെ സംബന്ധിച്ചിടത്തോളം ഭർത്താവ് മറ്റൊരു സ്ത്രീയെ രഹസ്യമായി വിവാഹം ചെയ്യുന്നത് അവളുടെ ജീവിതം അവസാനിപ്പിക്കാൻ മതിയായ കാരണമാണെന്നും കോടതി വിലയിരുത്തി.

'ഇന്ത്യയിലെ ഭാര്യമാർ ഭർത്താവിനെക്കുറിച്ച് അക്ഷരാർത്ഥത്തിൽ പൊസസീവ് ആണ്. വിവാഹിതയായ ഏതൊരു സ്ത്രീക്കും തന്റെ ഭർത്താവിനെ മറ്റേതെങ്കിലും സ്ത്രീ പങ്കിടുന്നുവെന്നോ അയാൾ മറ്റേതെങ്കിലും സ്ത്രീയെ വിവാഹം കഴിക്കാൻ പോകുന്നു എന്നോ ഉള്ള വിവരങ്ങൾ ഏറ്റവും വലിയ ഞെട്ടലുണ്ടാക്കും. അത്തരം അസുഖകരമായ സാഹചര്യത്തിൽ, അവരിൽ നിന്ന് ഒരു വിവേകവും പ്രതീക്ഷിക്കുക അസാധ്യമാണ്. ഈ കേസിലും അത് തന്നെയാണ് സംഭവിച്ചത്,' കോടതി പറഞ്ഞു

ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവാണ് സുശീൽ കുമാർ. ഭർത്താവും ബന്ധുക്കളും ചേർന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പൊലീസിൽ പരാതി നൽകിയ ശേഷമാണ് ഇവർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ദുരൂഹ സാഹചര്യത്തിൽ ഭർത്താവ് സുശീൽ കുമാറിനും അദ്ദേഹത്തിന്റെ ആറ് കുടുംബാംഗങ്ങൾക്കുമെതിരെ വാരണാസിയിലെ മന്ദുആദിഹ് പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ ഫയൽ ചെയ്തിരുന്നു. ഐപിസി ഒന്നിലധികം വകുപ്പുകൾ പ്രകാരം പങ്കാളിയെ മനപ്പൂർവ്വം മുറിവേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, വീണ്ടും വിവാഹം കഴിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ആത്മഹത്യ ചെയ്ത യുവതിയിൽ സുശീൽ കുമാറിന് രണ്ടു കുട്ടികൾ ജനിച്ചിരുന്നു. പൊലീസ് അന്വേഷണം നടത്തി ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ ആദ്യം വിചാരണ കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചെങ്കിലും അത് തള്ളപ്പെട്ടു. തുടർന്നാണ് ഇവർ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ മതിയായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയും ഇവരുടെ ഹർജി തള്ളിയത്