മുംബൈ: ഔറംഗബാദ് റാലിയിൽ പ്രകോപനപരമായി പ്രസംഗിച്ചതിന് മഹാരാഷ്ട്രാ നവനിർമ്മാണ് സേന നേതാവ് രാജ് താക്കറെക്കെതിരെ കേസെടുത്ത് പൊലീസ്. റാലിയുടെ സംഘാടകരായ മറ്റ് മൂന്ന് പേർക്കെതിരെയും ഔറംഗബാദ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 പ്രകാരമാണ് രാജ് താക്കറെക്കെതിരെ കേസെടുത്തത്.

പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്നാവശ്യപ്പെട്ട് രാജ് താക്കറെ രംഗത്തെത്തിയിരുന്നു. മെയ് മൂന്നിനകം പള്ളികളിലെ ഉച്ചഭാഷിണി നീക്കിയില്ലെങ്കിൽ പൊതുയിടങ്ങളിലും പള്ളികൾക്ക് മുന്നിലും എംഎൻഎസ് പ്രവർത്തകർ ഹനുമാൻ ചാലിസ വായിക്കുമെന്ന് രാജ്താക്കറെ ഭീഷണി മുഴക്കിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച രാജ് താക്കറെ ഔറംഗാബാദിൽ കൂറ്റൻ റാലി സംഘടിപ്പിച്ചു. റാലിയിലും രാജ് താക്കറെ നിലപാടിൽ ഉറച്ച് പ്രസംഗിച്ചു. തുടർന്നാണ് വിദ്വേഷ പ്രസംഗത്തിന് പൊലീസ് കേസെടുത്തത്. ഈദ് മെയ് 3നാണ്. ആഘോഷങ്ങളുടെ ശോഭ കെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ മെയ് നാലിന് ശേഷം ഉച്ചഭാഷിണി നീക്കിയില്ലെങ്കിൽ ഞങ്ങൾ ഇരട്ടി ശക്തിയോടെ ഹനുമാൻ ചാലിസ വായിക്കും.

ഞങ്ങളുടെ മുന്നറിയിപ്പ് നിങ്ങൾ വകവെച്ചില്ലെങ്കിൽ ഞങ്ങളുടെ രീതിയിൽ കൈകാര്യം ചെയ്യും. മെയ് നാലിനകം ഉച്ചഭാഷിണി നീക്കിയില്ലെങ്കിൽ മഹാരാഷ്ട്രയുടെ ശക്തി ഞങ്ങൾ കാണിക്കും- താക്കറെ പ്രസംഗത്തിൽ പറഞ്ഞു.

''ഞങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ മഹാരാഷ്ട്രയിൽ സംഭവിക്കുമെന്നതിനൊന്നും ഞങ്ങൾ ഉത്തരവാദികളായിരിക്കില്ല. ഇത് മതപരമായ വിഷയമല്ല, സാമൂഹിക വിഷയമാണെന്ന് ഞാൻ ആവർത്തിക്കുന്നു. എന്നാൽ നിങ്ങൾ ഇത് മതപരമായ വിഷയമാക്കിയാൽ ഞങ്ങൾ സമാനമായ രീതിയിൽ പ്രതികരിക്കും,- അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കലാപം ഉണ്ടാക്കുന്നതിൽ താൽപ്പര്യമില്ല. എന്നാൽ ഉച്ചഭാഷിണികൾ പൊതുജീവിതത്തത്തിന് ബുദ്ധിമുട്ടാണ്. ഉത്തർപ്രദേശിൽ ഉച്ചഭാഷിണി നീക്കം ചെയ്യാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് മഹാരാഷ്ട്രയിൽ കഴിയില്ല. നിയമവിരുദ്ധമായാണ് ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത്. എല്ലാ ആരാധനാലയങ്ങളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യണം. ആദ്യം പള്ളികളിൽ നിന്നുള്ളവ നീക്കണമെന്നും രാജ് താക്കറെ പറഞ്ഞു.

അതേസമയം, രാജ് താക്കറെയുടെ വെല്ലുവിളി നേരിടാനൊരുങ്ങി പൊലീസ്. സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ഡിജിപി രാജ്‌നിഷ് സേഠ് പറഞ്ഞു. രാജ് താക്കറെയുടെ പ്രസംഗം പരിശോധിക്കും. ആവശ്യമുണ്ടെങ്കിൽ നിയമനടപടികളെടുക്കും.

ഏതു ക്രമസമാധാന സാഹചര്യത്തെയും നേരിടാൻ സേന സജ്ജമാണ്. സമാധാനം നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസുകാരുടെ അവധികളെല്ലാം റദ്ദാക്കി. സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്‌സിന്റെ (എസ്ആർപിഎഫ്) 87 കമ്പനിയും 30,000 ഹോം ഗാർഡുകളെയും സംസ്ഥാനത്താകെ വിന്യസിച്ചിട്ടുണ്ട്. ആരും നിയമം കൈയിലെടുക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.