ന്യൂഡൽഹി: കോവിഡിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ പ്രധാന വിദേശയാത്രയായിരുന്നു യുറോപ്പിലേക്ക്. വിവിധ രാജ്യങ്ങളിൽ മോദി എത്തി. ഒരോ രാജ്യത്തും വെവ്വേറെ വിഷയങ്ങൾ. വ്യത്യസ്തമായ കരാറുകളും മോദി ഓരോ രാജ്യവുമായും ഒപ്പിട്ടു. ഓടി നടന്നാണ് ചർച്ച. അതീവ സുരക്ഷയും ഉണ്ട്. അങ്ങനെ എല്ലാ അർത്ഥത്തിലും കൈയടി നേടുകയാണ് മോദി. ലോകനേതാവായി മോദി മാറിയെന്ന വസ്തുതയാണ് ഈ യാത്രയിലും തെളിയുന്നത്.

സുപ്രധാന വിവരങ്ങൾ കൈമാറാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്നതുൾപ്പെടെ 9 കരാറുകളിൽ ഇന്ത്യയും ജർമനിയും ഒപ്പുവച്ചതാണ് മോദി യാത്രയിലെ പ്രധാന സവിശേഷത. ത്രിദിന യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി ജർമനിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമാണ് കരാറിലൊപ്പുവച്ചത്. തുടർന്നു ഡെന്മാർക്കിലെത്തിയ മോദി, പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സനുമായി ചർച്ച നടത്തി. പാരമ്പര്യേതര ഊർജ മേഖലയിൽ സഹകരണം ശക്തിപ്പെടുത്താനും ഇന്ത്യയിലെ നിക്ഷേപങ്ങൾ വർധിപ്പിക്കാനും ചർച്ചകളിൽ തീരുമാനമായി.

രഹസ്യവിവരങ്ങൾ ചോരാതെ വിദേശ മന്ത്രാലയങ്ങൾ വഴി എൻക്രിപ്റ്റഡ് ആയി കൈമാറാനുള്ള സംവിധാനം നടപ്പിലാക്കുന്നതു സംബന്ധിച്ച കരാറിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ജർമൻ വിദേശ മന്ത്രി അന്നലേന ബേർബോക്കും ഒപ്പിട്ടു. റഷ്യയുടെ യുക്രെയ്ൻ ആക്രമണം സംബന്ധിച്ച് ഇരു രാജ്യങ്ങൾക്കും വ്യത്യസ്ത അഭിപ്രായം നിലനിൽക്കുമ്പോൾ തന്നെ യുക്രെയ്‌നിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് മോദിയും ഷോൾസും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സമാധാനമാണ് വലുതെന്ന സന്ദേശമാണ് മോദി നൽകിയത്.

യുക്രെയിനിൽ റഷ്യ നടത്തുന്ന ആക്രമണത്തെ ഡെന്മാർക്ക് പ്രധാനമന്ത്രി അപലപിച്ചപ്പോൾ, അവിടത്തെ സാധാരണ പൗരന്മാരുടെ ജീവിതത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചു. അങ്ങനെ സർക്കാരുകളെ പിണക്കാത കരുതലോടെ പ്രതികരിച്ച മോദി നയതന്ത്രത്തിന്റെ സാധ്യതയാണ് തുറന്ന് ഇടുന്നത്. ജർമനിയിൽ ബിസിനസ് വട്ടമേശസമ്മേളനത്തിലും ഇന്ത്യൻ സമൂഹത്തിന്റെ സമ്മേളനത്തിലും മോദി പ്രസംഗിച്ചു. ദേശഭക്തിഗാനം ആലപിച്ച ബാലനെ ചേർത്തുനിർത്തി മോദി കുശലാന്വേഷണം നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മോദി ഇതു ഫേസ്‌ബുക്കിലും പോസ്റ്റ് ചെയ്തു.

അതിനിടെ ഇന്ത്യയുമായി അന്തർവാഹിനി നിർമ്മാണത്തിൽ സഹകരിക്കാനാവില്ലെന്ന് ഫ്രഞ്ച് കമ്പനിയായ നേവൽ ഗ്രൂപ്പ് അറിയിച്ചു. അന്തർവാഹിനിയിൽ ഉപയോഗിക്കുന്ന എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷനുമായി (എഐപി) ബന്ധപ്പെട്ട് ഇന്ത്യ മുന്നോട്ടു വച്ച നിബന്ധനകൾ പാലിക്കാൻ കഴിയാത്തതിനാലാണു പിന്മാറുന്നതെന്ന് കമ്പനി അറിയിച്ചു. ്ര

കടലിനടിയിൽ കൂടുതൽ നേരം മുങ്ങിക്കിടന്ന് അതിവേഗം സഞ്ചരിക്കാൻ അന്തർവാഹിനിയെ സജ്ജമാക്കുന്ന സംവിധാനമാണ് എഐപി. ഫ്രഞ്ച് നാവികസേനയ്ക്കു വേണ്ടി കമ്പനി നിർമ്മിക്കുന്ന അന്തർവാഹിനികളിൽ എഐപി ഇല്ല. അന്തർവാഹിനിയിൽ ഉപയോഗിക്കുന്ന എഐപി പ്രവർത്തനക്ഷമത തെളിയിച്ചതായിരിക്കണമെന്ന നിബന്ധനയാണു കമ്പനിക്കു തടസ്സമായത്. എന്നാൽ ഇത് ഇന്ത്യയുടെ ലക്ഷ്യത്തെ തകർക്കില്ല. അന്തർവാഹിനി നിർമ്മിക്കാൻ മറ്റ് കരാറുകാർ സജീവമായി രംഗത്തുണ്ട്.

പ്രോജക്ട് 75ഐ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ 6 മിസൈൽവേധ അന്തർവാഹിനികളാണ് ഇന്ത്യയിൽ നിർമ്മിക്കുക. വിദേശ അന്തർവാഹിനി നിർമ്മാണ കമ്പനി ഇന്ത്യയിലെ കപ്പൽ നിർമ്മാണശാലകളിലൊന്നുമായി സഹകരിച്ചാവും പദ്ധതി നടപ്പാക്കുക. റഷ്യ, ജർമനി, സ്‌പെയിൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ കമ്പനികൾ പദ്ധതിയിൽ താൽപര്യമറിയിച്ചിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രാലയം തിരഞ്ഞെടുക്കും.

ഡെന്മാർ്ക്കും വാക്‌സിനും

കോവിഡ് വാക്‌സീൻ നിർമ്മാണത്തിൽ സഹകരിക്കാൻ ഇന്ത്യയും ഡെന്മാർക്കും തീരുമാനിച്ചു. രാജ്യാന്തര ആന്റിമൈക്രോബിയൽ പ്രതിരോധ സംവിധാന സംരംഭത്തിൽ പങ്കാളിയാകാനുള്ള ഡെന്മാർക്കിന്റെ ക്ഷണം ഇന്ത്യ സ്വീകരിച്ചു.

ജലശക്തി മന്ത്രാലയവും ഡാനിഷ് പരിസ്ഥിതി മന്ത്രാലയവും ചേർന്ന് വാരാണസിയിൽ നദീജലം ശുദ്ധീകരിക്കാനുള്ള ലബോറട്ടറി സ്ഥാപിക്കും. ഷിപ്പിങ്, ഡെയറി മേഖലയിൽ മികവിന്റെ കേന്ദ്രം, ഹരിതോർജ പ്രോത്സാഹന പദ്ധതികൾ, നൈപുണ്യ വികസനം തുടങ്ങിയവയിലും സഹകരിക്കും. വ്യാപാരവും വർധിപ്പിക്കും.

ഡെന്മാർക്ക് പ്രധാനമന്ത്രിയുടെ വസതിയിൽ മോദി സ്വകാര്യ സന്ദർശനം നടത്തി. കഴിഞ്ഞ ഒക്ടോബറിൽ അവർ ഇന്ത്യയിൽ വന്നപ്പോൾ സമ്മാനിച്ച ഒഡീഷയിൽ നിന്നുള്ള പെയിന്റിങ് വസതിയിൽ സൂക്ഷിച്ചത് മെറ്റെ ഫ്രെഡറിക്‌സൻ മോദിക്കു കാണിച്ചു കൊടുത്തു. മോദി ഇന്നു പാരിസ് വഴി ഡൽഹിക്കു മടങ്ങും.

ഡെന്മാർക്കിൽ താരം

യൂറോപ്പ് സന്ദർശനത്തിന്റെ രണ്ടാം ദിവസം ഡെന്മാർക്കിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. കോപ്പൻഹേഗനിൽ വിമാനമിറങ്ങിയ മോദിയെ സ്വീകരിക്കാൻ ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ നേരിട്ട് വിമാനത്താവളത്തിലെത്തി. ഡെന്മാർക്കിൽ ഇറങ്ങിയ ശേഷം മോദി ഫേസ്‌ബുക്കിൽ ചിത്രം പങ്കുവച്ചു. ഇന്ത്യ-ഡെന്മാർക്ക് ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ ഈ സന്ദർശനം ഏറെ സഹായിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള അവസരം നഷ്ടമാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഇന്ത്യയിലെ പരിഷ്‌കാരങ്ങളും നിക്ഷേപ സാധ്യതകളും നോക്കുമ്പോൾ ഞങ്ങളുടെ രാജ്യത്ത് നിക്ഷേപം നടത്താത്തവർക്ക് തീർച്ചയായും നഷ്ടമുണ്ടാകുമെന്ന് എനിക്ക് പറയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോപ്പൻഹേഗനിൽ ഇന്ത്യ- ഡെന്മാർക്ക് ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡെന്മാർക്കും ഇന്ത്യയും തമ്മിൽ മികച്ച ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പുനരുപയോഗിക്കാവുന്ന ഊർജ്ജം, ആരോഗ്യം, ഷിപ്പിങ്, വാട്ടർ മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളിൽ വികസനം ഉണ്ടായി. ഇന്ത്യയിലെയും ഡെന്മാർക്കിലെയും വ്യവസായ ലോകം പലപ്പോഴും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും നമ്മുടെ ശക്തി പരസ്പര പൂരകമാണെന്നും ഡെന്മാർക്കിൽ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ പ്രധാനമന്ത്രി മോദി പറഞ്ഞു.

യുക്രൈനിൽ വെടിനിർത്തലിന് അഭ്യർത്ഥിച്ചുവെന്നും പ്രധാമന്ത്രി പറഞ്ഞു. യുക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. യുക്രൈൻ പൗരന്മാർക്കെതിരെ നടക്കുന്ന ഭീകരമായ കുറ്റകൃത്യങ്ങളുടെയും ഗുരുതരമായ മാനുഷിക പ്രതിസന്ധികളേക്കുറിച്ചും മോദിയുമായി ചർച്ച ചെയ്തുവെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ പറഞ്ഞു.

മോദി ഇന്ന് മടങ്ങും

മോദിയുടെ യൂറോപ്യൻ പര്യടനം ഇന്നവസാനിക്കും. ഫ്രാൻസിലെത്തി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി മോദി ചർച്ച നടത്തും. കൂടുതൽ മേഖലകളിൽ ഉഭയകക്ഷി സഹകരണം ഉറപ്പിക്കാനാകും ചർച്ച. യുക്രെയ്ൻ വിഷയവും കൂടിക്കാഴ്ചയിൽ ചർച്ചയാകും. പ്രശ്‌നം പരിഹരിക്കാൻ റഷ്യയും യുക്രെയ്‌നും സന്നദ്ധത കാട്ടണമെന്ന് പ്രധാനമന്ത്രി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഉഭയകക്ഷി ചർച്ചയിലൂടെ യുക്രെയ്ൻ വിഷയം പരിഹരിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

അതേ സമയം ഇന്ത്യക്കായി പരമ്പരാഗത അന്തർവാഹിനികൾ നിർമ്മിക്കുന്ന പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്ന് ഫ്രാൻസ് അറിയിച്ചിട്ടുണ്ട്. ഉഭയകക്ഷി സഹകരണത്തിൽ നിർണ്ണായകമാകുമായിരുന്ന പദ്ധതിയുടെ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കാൻ കഴിയാത്തതിനാലാണ് പിന്മാറുന്നതെന്നാണ് ഫ്രാൻസിന്റെ വിശദീകരണം. ആറ് അന്തർവാഹനികൾക്കായി നാൽപത്തിമൂവായിരം കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്.