തിരുവനന്തപുരം : ആറ് മുതൽ പതിനൊന്നാം തരം വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് കേരളത്തിലെ മുൻനിര സ്പോർട്സ് സ്‌കൂളുകളിലേക്കുള്ള സെലക്ഷൻ ട്രയൽസ് തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നു. അത്ലറ്റിക്സ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ്, തായ്‌ക്വൊണ്ടോ, വോളിബോൾ, ബാസ്‌കറ്റ്ബോൾ, ഹോക്കി, റെസ്ലിങ് തുടങ്ങിയ കായിക ഇനങ്ങൾക്കുള്ള സെലക്ഷനാണ് മെയ് 6, വെള്ളിയാഴ്‌ച്ച നടക്കുന്നത്.വിദ്യാർത്ഥികൾ ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും 2 ഫോട്ടോയും സഹിതം രാവിലെ എട്ട് മണിക്ക് മുൻപായി സ്റ്റേഡിയത്തിൽ ഹാജരാകണം.

6, 7 ക്ലാസ്സുകളിലേക്ക് ജനറൽ ടെസ്റ്റ് വഴിയും 9, 10 ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് സംസ്ഥാനതല മെഡൽ ജേതാക്കൾക്കും 8,11 ക്ലാസ്സുകളിലേക്ക് ജനറൽ ടെസ്റ്റിനൊപ്പം ഗെയിം പ്രാവീണ്യം കൂടി പരിഗണിച്ചാവും പ്രവേശനം നൽകുക. പ്രഗത്ഭരായ അനവധി കോച്ചുമാരുടെ കീഴിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി ട്രെയിനിങ് നടത്താൻ വിദ്യാർത്ഥികൾക്ക് ഇതിലൂടെ സാധിക്കും.

കലാകായിക രംഗത്തെ വികസനത്തിനും പ്രോത്സാഹനത്തിനും നേതൃത്വം വഹിക്കുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാന സർക്കാരിന്റെ അധീനതയിൽ 1986-ൽ സ്ഥാപിതമായ ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സിന്റെ (DSYA) കീഴിലുള്ള സ്പോർട്സ് കേരളയാണ് കായിക വിദ്യാർത്ഥികൾക്കായി ഈ സുവർണാവസരം ഒരുക്കിയിരുക്കുന്നത്്. തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്‌കൂൾ, കണ്ണൂർ സ്പോർട്സ് സ്‌കൂൾ, തൃശ്ശൂർ സ്പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കുള്ള 6 മുതൽ 11 വരെ ക്ലാസ്സുകളിലേക്കുള്ള സെലക്ഷൻ ട്രയൽസാണ് തിരുവനന്തപുരത്ത് വച്ച് നടത്തുന്നത്.