കണ്ണൂർ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ കെ.റെയിൽ സർവേക്കല്ലിടൽ അധികൃതർ അനിശ്ചിതക്കാലത്തേക്ക് നിർത്തിവെച്ചു.സർവേക്കെതിരെ പ്രദേശവാസികളിൽ നിന്നും വ്യാപകമായ പ്രതിഷേധമുയരുകയും അതു മാധ്യമങ്ങളിൽ വാർത്താവുകയും ചെയ്യുന്ന സാഹചര്യം തുടർന്നാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് താൽക്കാലികമായികല്ലിടൽ നിർത്തിവയ്ക്കാൻ സർക്കാർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയത്.

എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലെ ചാല, നടാൽ, മുഴപ്പിലങ്ങാട്, പ്രദേശങ്ങളിലാണ് കെ.റെയിൽ കുറ്റിയിടൽ നടന്നത്. എന്നാൽ ഇവിടങ്ങളിൽ അതിശക്തമായ പ്രതിഷേധമാണുയർന്നത്. ഉദ്യോഗസ്ഥരും പൊലിസുമായി സമരസമിതി പ്രവർത്തകരും പൊതുജനങ്ങളും ഏറ്റുമുട്ടുന്ന സാഹചര്യവുമുണ്ടായി.സമരം ചെയ്യുന്ന യു.ഡി. എഫ് പ്രവർത്തകരെ ചെറുക്കുന്നതിനായി സി.പി. എം പ്രവർത്തകർരംഗത്തിറങ്ങിയതും ഇവരിൽ ചിലരെ മർദ്ദിച്ചതും വാർത്തയായിരുന്നു.

ഇതിനിടെയിൽ കെ.റെയിൽ സർവേക്കെത്തിയ ഉദ്യോഗസ്ഥരിലൊരാൾക്കും മർദ്ദനമേറ്റു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സർവേ നടപടികൾതാൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു. ചെറിയ പെരുന്നാൾ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന സർവേ ഇന്നലെ ധർമടം പൊലിസ് സ്റ്റേഷൻ പരിധിയിൽ പുനരാരംഭിക്കുമെന്നു അധികൃതർ അറിയിച്ചിരുന്നുവെങ്കിലും സർവേ നടപടികൾ അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കാൻ കെ.റെയിൽ കോർപറേഷൻആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സർവേ നടത്തുന്ന ഉദ്യോഗസ്ഥർ നൽകുന്ന വിവരം.