കണ്ണൂർ: കർഷകർ വയൽ ഉഴുത് മറിക്കുന്നത് പുതിയ കാഴ്‌ച്ചയല്ല. എന്നാൽ ബക്കളം വയൽ നുകം കെട്ടിയ രണ്ട് കാള കൂറ്റന്മാർ ഉഴുത് തുടങ്ങിയതോടെ ആളുകൾ ചുറ്റും കൂടി. കാരണം മറ്റൊന്നുമല്ല. കലപ്പയും പിടിച്ച് കാളകളെ തെളിച്ച് നിലം ഉഴുതത് തദ്ദേശസ്വയ ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററായിരുന്നു. കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി വയലിലിറങ്ങി കന്നുപൂട്ടിയത്.

ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയിൽ പങ്കെടുപ്പിക്കാനാണ് കർഷകനായ ഏഴോം സ്വദേശി വാസുദേവൻ നമ്പൂതിരി കാളകളെ എത്തിച്ചത്. ഘോഷയാത്രയ്ക്ക് ശേഷം ഇവയെ ഉപയോഗിച്ച് വാസുദേവൻ നിലം ഉഴുതത് പുതു തലമുറക്ക് കൗതുക കാഴ്‌ച്ചയായി. പിന്നാലെയാണ് മന്ത്രിയും പാടത്തിറങ്ങിയത്. താഴെ ബക്കളത്ത് നിന്നും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര കാർഷിക സംസ്‌കൃതി വിളിച്ചോതുന്നതായിരുന്നു.

പാളതൊപ്പിയും കാർഷിക ഉപകരണങ്ങളുമായി കർഷകരും കുട്ടികർഷകരും ഇതിന്റെ ഭാഗമായി. ഹരിത കർമ്മ സേനാംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങി നിരവധിപ്പേരാണ് ഘോഷയാത്രയിൽ അണിനിരന്നത്.കൃഷി വ്യാപകമാക്കികൊണ്ട് തരിശില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റണമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകശ്രദ്ധനേടിയ കാർഷിക ഭൂമികയായിരുന്നു ഒരുകാലത്ത് കേരളം. ഏറ്റവും മികച്ച അരി കേരളത്തിന്റെ സംഭാവനയായിരുന്നു. എന്നാൽ പിന്നീട് പാടങ്ങൾ നികത്താൻ ഭൂമാഫിയകൾ പലയിടത്തും ശ്രമം നടത്തി. അതിനെയെല്ലാം സമര പോരാട്ടങ്ങളിലൂടെയാണ് ചെറുത്ത് തോൽപ്പിച്ചത്. നിശ്ചയ ദാർഡ്യത്തോടെ പ്രവർത്തിച്ച് ഇനിയും കാർഷിക മേഖലയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകണം. ആധുനിക കേരളമാണ് സർക്കാരിന്റെ ലക്ഷ്യം. മറ്റ് പല സംസ്ഥാനങ്ങളിലും ദരിദ്രർ അതിദരിദ്രരും സമ്പന്നർ അതിസമ്പന്നരും ആകുമ്പോൾ കേരളത്തിൽ വികസനവും സേവനങ്ങളും ദരിദ്രരിൽ നിന്നാണ് ആരംഭിക്കുന്നത്. അതിനാലാണ് ഇവിടെയുള്ള ജനതയ്ക്ക് ഗുണമേന്മയുള്ള ജീവിതം നയിക്കാൻ സാധിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബക്കളം വയലിൽ നെൽ വിത്ത് വിതച്ചാണ് മന്ത്രിഉദ്ഘാടനം നിർവ്വഹിച്ചത്. താഴെ ബക്കളത്ത് നിന്നും ഘോഷയാത്രയായാണ് മന്ത്രിയെ വയലിലേക്ക് ആനയിച്ചത്. അഡ്വ. പി സന്തോഷ് കുമാർ എം പി അധ്യക്ഷത വഹിച്ചു. കർഷക കാരണവരായ കുഞ്ഞമ്പു മുതുവാണി, കുട്ടി കർഷകനായ ആദിഷ് രഘുനാഥ് എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആദരിച്ചു. അങ്കണവാടികളിൽ പച്ചക്കറി കൃഷി ചെയ്യുന്ന ഹരിതവാടി പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ആന്തൂർ നഗരസഭ ഉപാധ്യക്ഷ വി സതീദേവി, വീടുകളിൽ വൃക്ഷ തൈകൾ വിതരണം ചെയ്യുന്ന ഫലസമൃദ്ധി പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം ആന്തൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ വി പ്രേമരാജൻ , വാഴക്കന്ന് വിതരണം സ്ഥിരം സമിതി അധ്യക്ഷ ഓമന മുരളീധരൻ, പച്ചക്കറി വിത്ത് വിതരണം സ്ഥിരം സമിതി അധ്യക്ഷൻ കെ പി ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, വിത്ത് വണ്ടി ഫ്‌ളാഗ് ഓഫ് സ്ഥിരം സമിതി അധ്യക്ഷ ആമിനഎന്നിവർ നിർവഹിച്ചു.