- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിളിച്ചു ചൊല്ലലും കുറി കൈമാറ്റവും ഒന്നുമില്ല; പഴഞ്ഞി മുത്തപ്പന്റെ നടയിലെത്തി മാലയിട്ട് ഒന്നായി വൈശാഖും ശാശ്രയയും: അപൂർവ്വ വിവാഹത്തിന് നേതൃത്വം നൽകി മാർ യൂലിയോസ് തിരുമേനി
തൃശൂർ: മതസൗഹാർദത്തചിന് പേരുകേട്ട പുണ്യസ്ഥലമാണ് കുന്നംകുളം പഴഞ്ഞി സെന്റ് മേരിസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പള്ളി. അതുകൊണ്ട് തന്നെ മുത്തപ്പനെ സാക്ഷിയാക്കി പള്ളി നടയിൽ ഇന്നലെ നടന്നത് ഒരു ഹിന്ദു വിവാഹമായിരുന്നു. എന്നും വിളിച്ച് പ്രാർത്ഥിക്കുന്ന മുത്തപ്പനെ സാക്ഷിയാക്കി പഴഞ്ഞി കൈതവളപ്പ് കെ.കെ. ശിവദാസന്റെ മകൾ ശാശ്രയയാണ് വിവാഹിതയായത്. കോലൊളവ് കൊട്ടിലിങ്ങൽ വാസുവിന്റെ മകൻ വൈശാഖാണ് വിവാഹിതനായത്. വീട്ടുകാരുടെ അനുഗ്രഹത്തോടെ ഇരുവരും മുത്തപ്പന്റെ നടയിലെത്തി മാലയിട്ട് വിവാഹിതരാവുകയായിരുന്നു. ഡോ.ഗീവർഗീസ് മാർ യൂലിയോസ് തിരുമേനിയുടെ സാന്നിധ്യത്തിലായിരുന്നു വധൂവരന്മാരുടെ പരസ്പരമുള്ള ഹാരാർപ്പണം.
പഴഞ്ഞി യെരുശലേമിലുള്ള കൈതവളപ്പ് കുടുംബ ക്ഷേത്രത്തിൽ താലികെട്ടിനു ശേഷമാണ് ഇരുവരും പള്ളി നടയിലെത്തി മാലയിട്ടത്. ശാശ്രയയുടെ പിതാവ് ശിവദാസന്റെ ആഗ്രഹപ്രകാരമായിരുന്നു പള്ളി നടയിൽ തിരുമേനിക്കു മുമ്പിൽ ഇരുവരുടെയും ഹാരാർപ്പണവും ബൊക്കെ കൈമാറ്റവുമെല്ലാം നടന്നത്. മുത്തപ്പനോട് കുഞ്ഞുന്നാളുമുതലുള്ള ഭക്തിയാണ് ശിവദാസനെ ഇത്തരം ഒരു ചടങ്ങിന് പ്രേരിപ്പിച്ചത്.
ശിവദാസന്റെ കൈതവളപ്പു കുടുംബക്കാരാണ് തലമുറകളായി പഴഞ്ഞി പള്ളി പെരുന്നാൾ ദിനത്തിൽ പ്രദക്ഷിണത്തിനു കുത്തുവിളക്ക് പിടിക്കുന്നത്. പാരമ്പര്യമായി ഇവർ ചെയ്തു വരുന്ന ഈ പ്രവൃത്തി മതസൗഹാർദത്തിന്റെ സന്ദേശം കൂടിയായാണ് അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ പഴഞ്ഞി മുത്തപ്പനു മുന്നിൽ മക്കൾ മാലചാർത്തണമെന്ന ആഗ്രഹം യൂലിയോസ് തിരുമേനിയെ അറിയിക്കുകയായിരുന്നു. ശിവദാസന്റെ ആഗ്രഹത്തിന് തിരുമേനിയും സമ്മതം അറിയിക്കുക ആിരുന്നു.
ക്ഷേത്രത്തിലെ താലികെട്ടിനു ശേഷമാണ് വധൂവരന്മാർ കുടുംബാംഗങ്ങളോടൊപ്പം പഴഞ്ഞി മുത്തപ്പന്റെ തിരുനടയിലെത്തിയത്. തനിക്കു ലഭിച്ചത് ഒരു വലിയ നിയോഗമാണെന്ന് കരുതുന്നതായി തിരുമേനി പറഞ്ഞു. അനുഗ്രഹിച്ച് ആശിർവദിച്ചു നൽകിയ മാലകളും ബൊക്കെകളുമാണ് വധൂവരന്മാർ പഴഞ്ഞി മുത്തപ്പനെ സാക്ഷിയാക്കി പരസ്പരം കൈമാറിയത്. പൂർവീകർ ചെയ്ത പുണ്യപ്രവർത്തികളും പഴഞ്ഞി മുത്തപ്പന്റെ അനുഗ്രഹങ്ങളുമാണ് കുടുംബത്തിന്റെ ആഗ്രഹം നിറവേറാൻ അവസരം നൽകിയതെന്നു വരന്റെ പിതാവ് ശിവദാസൻ പറഞ്ഞു.
ആഗ്രഹം സഫലമാകാൻ അനുമതിയും സഹായങ്ങളും ചെയ്ത പഴഞ്ഞി കത്തീഡ്രൽ വികാരി ഫാ. സഖറിയ കൊള്ളൂർ, സഹവികാരി ഫാ.തോമസ് ചാണ്ടി, കൈസ്ഥാനി സുമേഷ്.പി. വിൽസൺ, സെക്രട്ടറി ലിജിൻ ചാക്കോ എന്നിവരോടു പ്രത്യേക നന്ദിയും ശിവദാസൻ പറഞ്ഞു. ശിവദാസന്റെ കുടുംബം ഒരിക്കലും പള്ളിയുടെ ആശ്രിതരല്ല, എല്ലായ്‌പ്പോഴും കടുത്ത ഭക്തിയോടെ നിയോഗം പൂർത്തിയാക്കുന്നവരാണ് എന്ന് തിരുമേനി പറഞ്ഞു. കേരളത്തിൽ തുലാഭാരം നടത്തുന്ന അപൂർവം പള്ളികളിൽ ഒന്നു കൂടിയാണ് പഴഞ്ഞി മുത്തപ്പന്റെ പള്ളി എന്ന പ്രത്യേകതയുണ്ട്.