- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അന്ന് സിസ്റ്റർമാർ തന്ത്രപൂർവ്വം പൊലീസിന്റെ മുന്നിൽ എത്തിക്കുകയായിരുന്നു; ലോക്കപ്പിൽ വച്ച് ഏറ്റത് ക്രൂര മർദ്ദനം; അഭിമാനവും സമ്പത്തും ആരോഗ്യവും നശിപ്പിച്ചു; കോടതി എന്നോട് കരുണ കാണിച്ചു; എല്ലാം പൊതുസമൂഹം അറിയണമെന്ന് പോക്സോ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ജോൺസൺ
ഇടുക്കി; ''രണ്ട് കൊല്ലം കൊണ്ട് അനുഭവിച്ച കഷ്ടതകൾക്ക് കണക്കില്ല. അഭിമാനവും സമ്പത്തും ആരോഗ്യവും നശിപ്പിച്ചു. ജീവിച്ചിരുയ്ക്കുന്ന മനുഷ്യക്കോലമായി മാറി. ഇപ്പോൾ കോടതി എന്നോട് കരുണ കാണിച്ചു. ഞാൻ കുറ്റവിമുക്തനായി. ഇനി എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നും ആരെല്ലാം ആണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും അവരുടെ ലക്ഷ്യം എന്തായിരുന്നെന്നും പൊതുസമൂഹം അറിയണം. ഇതിന് വേണ്ടി കഴിയാവുന്നതെല്ലാം ചെയ്യും. ഇനിയുള്ള ജീവിതത്തിലെ പ്രധാന ലക്ഷ്യം ഇത് മാത്രമാണ്. എന്റെ ഗതി മറ്റാർക്കും ഉണ്ടാവരുത്..'' ഉള്ളിലെ സങ്കടക്കടൽ അടക്കി ഇടുക്കി വാഗമൺ ചോറ്റുകുഴയിൽ ജോൺസൺ പറയുന്നു.
കരിയിലകുളങ്ങര പൊലീസ് ചാർജ്ജു ചെയ്ത പോക്സോ കേസിൽ ഹരിപ്പാട് അതിവേഗ കോടതിയിൽ നിന്നും ലഭിച്ച അനുകൂലവിധിയെക്കുറിച്ചും കേസിന്റെ നാൾ വഴികളെക്കുറിച്ചും മറുനാടൻ മലയാളിയോട് സംസാരിക്കുകയായിരുന്നു ജോൺസൺ.
''57 വയസ്സുണ്ട്. ജീവനോടെ ജയിലിൽ നിന്നും പുറത്തുവന്നില്ലായിരുന്നെങ്കിൽ സത്യം ഒരിക്കലും പുറത്തുവരുമായിരുന്നില്ല. പൊലീസിന്റെ ക്രൂരമർദ്ദനത്തെത്തുടർന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. മാവേലിക്കര ജയിലിലാണ് റിമാന്റിൽ കഴിഞ്ഞത്. ജയിലെത്തി ഏതാണ്ട് 10 ദിവസത്തിന് ശേഷമാണ് നടന്ന കാര്യങ്ങൾ ഏറെക്കുറെ ഓർത്തെടുക്കാൻ പോലും സാധിച്ചത്.
ജയിൽ അധികൃതർ കൗൺസിലിങ് നൽകിയ ശേഷമാണ് വാവിട്ടുള്ള എന്റെ നിലവിളിക്ക് ശമനമായത്.പ്രാർത്ഥന പുണ്യം നൽകിയ മനസാന്നിദ്ധ്യത്തിലായിരുന്നു പിന്നീടുള്ള ദിവസങ്ങൾ തള്ളി നീക്കിയത്. 75 ദിവസം ജയിലിൽ കഴിച്ചുകൂട്ടി. സുപ്രണ്ടിന്റെയും മറ്റും ഇടപെടൽ വലിയൊരളവിൽ ആശ്വാസമായി'' ജോൺസൺ പറയുന്നു.
''ദരിദ്രകുടുംബത്തിലായിരുന്നു ജനനം. ഏറെ കഷ്ടപ്പെട്ടാണ് 10-ാം ക്ലാസ്സ് വരെ പഠിച്ചത്. പിന്നെ വനത്തിൽ നിന്നും വിറകുപെറുക്കി കൊണ്ടുവന്ന്,ആവശ്യക്കാർക്ക് വിറ്റുകിട്ടുന്ന പണം വീട്ടുകാർക്ക് നൽകിയിരുന്നു.ചെറുപ്പം മുതൽ കുരിശമല ആശ്രമത്തിൽ പോയിരുന്നു. ഇടയ്ക്ക് അവിടുത്തെ ജോലികൾക്കും വിളിച്ചിരുന്നു.
അവിടുത്തെ രീതികൾ പിൻതുടർന്നിരുന്നതിനാൽ എല്ലാ ദുസ്വഭാവങ്ങിൽ നിന്നും അകന്നായിരുന്നു ജീവിതം. ഇവിടെ നിന്നാണ് സിസ്റ്റർ നിർമ്മല കൂടുതൽ ശമ്പളവും ജോലി സ്ഥിരതയും ഉറപ്പുനൽകി എന്നെ കൂടെ കൂട്ടിയത്. അത് ഇത്തരത്തിൽ വലിയ ദുരന്തിലേയ്ക്കാണെന്ന് ഒരിക്കലും കരുതിയിരുന്നില്ല'', ജോൺസൺ കൂട്ടിച്ചേർത്തു.
കന്യസ്ത്രീ സമൂഹം നടത്തിയിരുന്ന സ്‌കൂളുകളിലും അവരുടെ തന്നെ മഠങ്ങളിലും 13 വർഷത്തോളമായി പലവിധ ജോലികളും ചെയ്തിരുന്നു. അക്കാലത്തൊന്നും തന്നെക്കുറിച്ച് ഒരു പരാതിയും ആരുടെ ഭാഗത്തുനിന്നും ഉയർന്നിരുന്നില്ല. രണ്ട് വർഷം മുമ്പ് ഇവരിൽ ചിലർ മറ്റാരെയോ രക്ഷിക്കാൻ നങ്ങ്യാർകുളങ്ങര സ്‌കൂളിലെ കുട്ടിക്ക് നേരെ ഉണ്ടായതായി പറയപ്പെയുന്ന ലൈംഗിക അതിക്രമം ഇവിടുത്തെ ബസ്സ് ജീവനക്കാരനായിരുന്ന തന്റെമേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. ഈ കേസിൽ സത്യം തിരിച്ചറിഞ്ഞ കോടതി കുറ്റവിമുക്തനാക്കി, ജോൺസൺ വിശദമാക്കി.
ആശ്വസം പകർന്ന കോടിതി വിധിയെക്കുറിച്ചും കേസിന്റെ പശ്ചാത്തലത്തെക്കുറിച്ചും ജോൺസൺ മറുനാടനോട് മനസ്സുതുറന്നു.
''എന്റെ ഓർമ്മ ശരിയാണെങ്കിൽ 2013 ഒക്ടോബർ 2 -നാണ് നങ്ങിയാർകുളങ്ങര സ്‌കൂളിൽ ജോലിക്കായി എത്തുന്നത്. 2020 ജനുവരി 29-ന് പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കും വരെ ഇവിടെ ജോലി ചെയ്തിരുന്നു. സ്‌കൂളിന്റെ ചുമതലക്കാരായ സിസ്റ്റർമാർ തന്ത്രപൂർവ്വം പൊലീസിന്റെ മുന്നിൽ എത്തിക്കുകയായിരുന്നു''.
രാവിലെ 6 മണിക്ക് എഴുന്നേറ്റാൽ രാത്രി 10 മണിവരെ വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ട സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. 29-ാം തീയതി രാവിലെ മുതൽ ജോലിത്തിരക്കായിരുന്നു.വല്ലാതെ തളർന്നിരുന്നു. അന്ന് സ്‌കൂളിന് അവധിയായിരുന്നു. ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് അൽപ്പനേരം വിശ്രമിക്കാനായി കിടന്നു. അറിയാതെ ഉറങ്ങിപ്പോയി. എഴുന്നേറ്റപ്പോൾ 5 മണിയോടടുത്തിരുന്നു. അടുക്കളയിൽ എത്തി ഒരു ചായവാങ്ങിക്കഴിച്ചു. അപ്പോഴാണ് ഒരു സിസ്റ്റർ വന്ന് അന്വേഷിച്ചെത്തിയത്.
രണ്ടുപേർ കാണാൻ വന്നിട്ടുണ്ടെന്നും അവർ വിസിറ്റിങ് റൂമിൽ കാത്തിരിക്കുന്നുണ്ടെന്നും സിസ്റ്റർ പറഞ്ഞു. ഞാൻ ഒട്ടും സമയം കളയാതെ വിസിറ്റിങ് റൂമിൽ എത്തി. കാത്തിരുന്നവരെ കണ്ടപ്പോൾ പൊലീസുകാരാണെന്ന് മനസ്സിലായി. അവർ മുമ്പ് സ്‌കൂളിൽ പല പരിപാടികൾ സംഘടിപ്പിച്ചപ്പോഴും സുരക്ഷ ചുമതല ഡ്യൂട്ടിയിൽ എത്തിയിരുന്നു.
സ്റ്റേഷനിലേക്ക് പോകണമെന്നും സി ഐയ്ക്ക് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്നും അവർ പറഞ്ഞു.വെള്ളമുണ്ട് ഉടുത്തുവരാനും ആവശ്യപ്പെട്ടു.അവർ എന്നെ ബൈക്കിൽക്കയറ്റി കരിയിലകുളങ്ങര സ്റ്റേഷനിൽ എത്തിച്ചു. ഒരു ചെറിയ മുറിയിൽ ഇരുത്തി. കുറച്ചുകഴിഞ്ഞപ്പോൾ സി ഐ എത്തി.പിന്നീട് സംഭവിച്ചതിനെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ ഭയമാണ്, ജോൺസർ ഓർത്തെടുക്കുന്നു.
''നീ എന്താടാ..ആ കൊച്ചിനെ ചെയ്തത് എന്ന് ചോദിച്ച് ഇരുകവിളുകളിലും മാറി മാറി അടിച്ചു.പിന്നെ നെഞ്ചിലും പുറത്തും തുരുതുര ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് പുറംഭാഗം ഭിത്തിൽ ഇടിച്ചു. വേദന കൊണ്ട് പുളഞ്ഞ് നിൽക്കെ നാഭിക്ക് രണ്ടുതവണ സി ഐ തൊഴിച്ചു.പിന്നെ കാതുപൊട്ടുന്ന അസഭ്യം പറഞ്ഞ് സി ഐ ഇറങ്ങിപ്പോയി.
ഏകദേശം 10 മിനിട്ട് കഴിഞ്ഞുകാണും..രണ്ട് പൊലീസുകാർ മുറിയിലേയ്ക്ക് വന്നു. ഒരാൾ എന്റെ തല അയാളുടെ കാലുകൾക്കിടയിൽ വച്ചു.തുടർന്ന് ഇടവിട്ട് ഇടവിട്ട് പുറത്ത് ഇടിയേറ്റു തുടങ്ങി.ഇടയ്ക്ക് കൈമുട്ടിനുള്ള കുത്തും.രാത്രി 10 മണിവരെ ഇവിട്ട് ഇടവിട്ട് ഇത്തരത്തിൽ മർദ്ദനം തുടർന്നു.അപ്പോഴേയ്ക്കും തളർന്ന് അവശനായിരുന്നു.
നിലത്തുനിന്നും എഴുന്നേൽക്കാൻ പറ്റാത്ത ആവസ്ഥയായി. ഓരോതവണ മർദ്ദനം കഴിയുമ്പോഴും എഴുന്നേറ്റ് നിന്ന് തുള്ളാൻ പൊലീസുകാർ പറയും .ആദ്യമൊക്കെ അങ്ങിനെ ചെയ്തു.തളർന്നുവീണതോടെ രണ്ട് കൈകൾക്കിടയിൽക്കൂടി ലാത്തി കടത്തി ഇരുവശത്തും പൊലീസുകാർ നിന്ന് പൊക്കി ..താഴ്‌ത്തി ' തുള്ളൽ ' പൂർത്തിയാക്കുകയായിരുന്നു.
തളർന്ന് വീണപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചെങ്കിലും തന്നില്ല.പിന്നെ കാൽവെള്ളയിൽ ചൂരനടിക്കാൻ തുടങ്ങി...ഇതോടെ അർത്ഥബോധാവസ്ഥയിൽ ആയി.3 മണിയായി ..നിർത്ത് നിർത്ത് എന്ന് ആരോ പറയുന്നത് കേട്ടു.പിന്നീട് മാവേലിക്കര ജയിലിലെത്തി ദിവസങ്ങൾക്ക് ശേഷമാണ് ഏറെക്കുറെ സ്വബോധത്തിലേയ്ക്കെത്തുന്നത്. ജയിൽ എത്തിച്ചതിന് ശേഷം സ്വബോധം വീണ്ടു കിട്ടുന്നതുവരെയുള്ള കാര്യങ്ങൾ സഹതടവുകാരും ജയിൽ അധികൃതരും പറഞ്ഞാണ് അറിഞ്ഞത്.
''എന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്ത വിവരം കന്യാസ്ത്രീകളിൽ ഒരാൾ പോലും വീട്ടിൽ അറിയിച്ചില്ല. പൊലീസ് അറിയിച്ചത് പ്രകാരം ഭാര്യയും മക്കളും ഹരിപ്പാട് സ്റ്റേഷനിൽ എത്തിയപ്പോഴേക്കും എന്നെ മാവേലിക്കര ജയിലിലേയ്ക്ക് മാറ്റിയിരുന്നു. മൂന്നാം ദിവസമാണ് അവർക്ക് ജയിലിൽ എത്തി എന്നെ കാണാനായത്.എന്റെ ദയനീയ സ്ഥിതി കണ്ട് അവർ വാവിട്ട് കരഞ്ഞെന്നും ഈ സമയത്ത് തെറ്റൊന്നും ചെയ്തിട്ടില്ലന്ന് അവരോടെല്ലാം ഞാൻ കരഞ്ഞുപറഞ്ഞിരുന്നെന്നും പിന്നീട് ഭാര്യ പറഞ്ഞ് അറിഞ്ഞു. താമസിയാതെ ഭാര്യയും മക്കളും ആഭ്യുദയകാംക്ഷികളിൽ ചിലരും ചേർന്ന് എന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി കോടതിയെ സമീപിക്കുകയായിരുന്നു''. ജോൺസൺ പറയുന്നു.
ഈ കേസിൽ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത് അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഇടപെടലാണെന്ന് പ്രതിഭാഗം അഭിഭാഷക അഡ്വ.സീമ രവീന്ദ്രൻ പറഞ്ഞു.സ്‌കൂൾ വിട്ട് അഞ്ച് മിനിട്ടിനുള്ളിൽ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റുകയായിരുന്നു സാധാരണ രീതി.
ആയമാരോ ടീച്ചർമാർ ആരെങ്കിലുമോ ആയിരിക്കും വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാൻ എത്തുക.ഈ 5 മിനിട്ടിനുള്ളിൽ യാത്രക്കാരിയായ വിദ്യാർത്ഥിനിനിയെ ബസ്സിൽ നിന്നും വിളിച്ചിറക്കി മുറിയിൽ മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം.
ഇത് ഒരിക്കലും സാധ്യമാവില്ലെന്ന് കാര്യ-കാരണങ്ങൾ നിരത്തി പ്രതിഭാഗം വാദിച്ചു.പരാതി നൽകാൻ ഉണ്ടായ കാലതാമസം ,മൊഴികളിലെ പൊരുത്തക്കേട്,സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കിയില്ല തുടങ്ങി നിരവധി ഘടകങ്ങൾ കേസിൽ പ്രതിഭാഗത്തിന് അനുകൂലമായതായി അഡ്വ. സീമ രവീന്ദ്രൻ വ്യക്തമാക്കി.
സ്‌കൂളിൽ പീഡനം നടന്നു എന്നുപറയുന്ന മുറയിയുടെ ഭാഗത്തേയ്ക്കുള്ള സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കണമെന്നും ഇത് പരിശോധിച്ചാൽ സത്യം പുറത്തുവരുമെന്നും പ്രതിഭാഗം കേസിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ കോടതിയെ ധരിപ്പിച്ചിരുന്നു.എന്നാൽ ഇത് പ്രോസിക്യൂഷൻ ഹാജരാക്കിയില്ല.
ഡി എൻ എ ടെസ്റ്റിനുള്ള സന്നദ്ധയും പ്രതിഭാഗം അറിയിച്ചു. പ്രോസിക്യൂഷൻ 22 സാക്ഷികളെയും പ്രതിഭാഗം രണ്ട് സാക്ഷികളെയും കോടതിയിൽ ഹാജരാക്കി.വസ്തുകൾ വിശദമായി പരിശോധിച്ച കോടതി ഏപ്രിൽ 28 -ന് കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. ജോൺസൺ വാക്കുകൾ ചുരുക്കി. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പ്രതീപ് കിടങ്ങറയും കോടതിയിൽ ഹാജരായിരുന്നു.
മറുനാടന് മലയാളി ലേഖകന്.