- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിലത്ത് കിടത്തി ദേഹത്ത് കയറിയിരുന്ന് ബലമായി കോവിഡ് പരിശോധന; യുവതിയുടെ കൈകൾ പിടിച്ചുവച്ച് വായ് തുറന്ന് പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; പ്രതിഷേധം ശക്തം
ബെയ്ജിങ: ലോകത്തെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും കോവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. കൊറോണയുടെ പുതിയ വകഭേദങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ചിലയിടങ്ങളിലൊക്കെ കൊറോണ കുറഞ്ഞതോടെ ടെസ്റ്റുകളുടെ കാര്യത്തിലും പിന്നോട്ടു പോയെങ്കിലും മറ്റു ചില ഇടങ്ങളിൽ കർശനമായിതന്നെ അവ പാലിക്കുന്നുണ്ട്. ഇപ്പോൾ ചൈനയിൽ നിന്ന് പുറത്തുവന്നിരിക്കുന്നത് ബലംപ്രയോഗിച്ച് കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ആണ്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാർ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയ ചൈനീസ് നഗരമായ ഷാങ്ഹായിയിൽ കോവിഡ് പ്രതിരോധത്തിന്റെ പേരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. തുടർച്ചയായ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കുന്നതിൽ ജനം കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നതിനിടെ ബലം പ്രയോഗിച്ച് കോവിഡ് ടെസ്റ്റ് നടത്താനുള്ള ശ്രമങ്ങളുമായി ആരോഗ്യപ്രവർത്തകർ മുന്നോട്ടു പോകുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
这个强行检测姿势应该让全世界看一看???????? pic.twitter.com/PUwnfCXF4t
- 浩哥i✝️i????????iA2 (@S7i5FV0JOz6sV3A) April 27, 2022
നിർബന്ധിച്ച് ഒരു സ്ത്രീയെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്ന വിഡിയോ ചൈനയിലെ ഏറെ പ്രചാരമുള്ള സമൂഹമാധ്യമമായ വെയ്‌ബോയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രതിഷേധം ശക്തമായത്.
വിഡിയോ ആരംഭിക്കുമ്പോൾ കോവിഡ് പരിശോധന കേന്ദ്രമെന്നു തോന്നിപ്പിക്കുന്ന കെട്ടിട്ടത്തിന്റെ തറയിൽ കിടക്കുന്ന യുവതിയെ കാണാം. കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ സ്രവ സാംപിൾ ശേഖരിക്കാനുള്ള ആരോഗ്യപ്രവർത്തകന്റെ ശ്രമങ്ങളെ യുവതി ചെറുക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. ബലം പ്രയോഗിച്ച് യുവതിയുടെ ശരീരത്തിൽ കയറിയിരുന്ന് ബലമായി വായ് തുറപ്പിച്ചാണ് ഇയാൾ സ്ത്രീയെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മറ്റൊരു വിഡിയോയിൽ പ്രായമായ ഒരു സ്ത്രീയെ ആരോഗ്യപ്രവർത്തകർ ബലമായി പിടിച്ചുനിർത്തി സ്രവ സാംപിൾ ശേഖരിക്കുന്നത് കാണാം. ആരോഗ്യപ്രവർത്തകരെ ചവിട്ടിയും തള്ളിമാറ്റിയും സ്ത്രീ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൂട്ടം ചേർന്ന് ആരോഗ്യപ്രവർത്തകർ സ്ത്രീയെ ബലപ്രയോഗത്തിലൂടെ കീഴടക്കിയാണ് കോവിഡ് പരിശോധന പൂർത്തിയാക്കുന്നത്. ചൈനീസ് ആരോഗ്യ പ്രവർത്തകർ കഴിഞ്ഞ മാസം ഒരു വയോധികന്റെ വീട്ടിൽ കടന്നുകയറി ബലം പ്രയോഗിച്ച് കോവിഡ് പരിശോധന നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഷാങ്ഹായിയിൽ ലോക്ഡൗണിൽ പൊറുതിമുട്ടിയ ജനങ്ങൾ അലറിവിളിച്ച് പ്രതിഷേധിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ചൈനയിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നായ ഷാങ്ഹായിയിൽ ഏപ്രിൽ അഞ്ച് മുതലാണ് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയത്. കോവിഡിന്റെ പേരിൽ വീണ്ടും അടച്ചുപൂട്ടിയിട്ടതോടെ ജനങ്ങളുടെ ഭാഗത്തുനിന്ന് കടുത്ത എതിർപ്പാണ് ദൃശ്യമാകുന്നത്.
ഭക്ഷണം ഉൾപ്പെടെയുള്ള അത്യാവശ്യ കാര്യങ്ങൾക്കുപോലും പുറത്തിറങ്ങരുതെന്ന കർശന നിർദേശവും പ്രതിഷേധത്തിനു കാരണമാണ്. പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്ന ജനങ്ങളും ആരോഗ്യപ്രവർത്തകരും തമ്മിലുള്ള സംഘർഷങ്ങളും ഇവിടെ പതിവാണ്. ചൈനീസ് സർക്കാർ വിതരണം ചെയ്യുന്ന റേഷൻ ഉൾപ്പെടെയുള്ളവ കടുത്ത നിയന്ത്രണങ്ങൾ മൂലം ജനങ്ങൾക്കു ലഭിക്കാത്ത സ്ഥിതിയാണ്.




