ഹൈദരാബാദ്: തെലങ്കാനയിൽ മിശ്രവിവാഹിതരായ ദമ്പതികൾക്കെതിരെ വധുവിന്റെ വീട്ടുകാരുടെ ആക്രമണം. 25കാരനായ വരൻ കൊല്ലപ്പെട്ടു. യുവാവിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയത്.

തെലങ്കാനയിലെ മാർപള്ളി സ്വദേശികളാണ് ദമ്പതികൾ. ബി നാഗരാജുവാണ് കൊല്ലപ്പെട്ടത്. ഭാര്യ അഷ്‌റിൻ സുൽത്താനക്ക് (23) പരിക്കേറ്റു. ഹൈദരാബാദിലെ സരൂർനഗറിലെ മണ്ഡല് റവന്യൂ ഓഫീസിന് സമീപമാണ് കൊലപാതകം നടന്നത്. ഇന്ത്യൻ എക്സ്‌പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

യുവതിയുടെ കുടുംബത്തിലെ രണ്ട് പേർ ബി നാഗരാജുവിനെയും ഭാര്യ അഷ്‌റിൻ സുൽത്താനയെയും ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആളുകൾ നോക്കി നിൽക്കെയായിരുന്നു ആക്രമണം.

തുടർന്ന് അക്രമികളിലൊരാൾ കത്തിയെടുത്ത് നാഗരാജുവിനെ പലതവണ കുത്തി. നാഗരാജു സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്. അക്രമികൾ ഓടി രക്ഷപ്പെട്ടു. വഴിയാത്രക്കാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

മാർപ്പള്ളി സ്വദേശികളായ നാഗരാജുവും അഷ്‌റിനും വർഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ ഇവരുടെ ബന്ധത്തെ ശക്തമായി എതിർക്കുകയും പരസ്പരം കാണുന്നത് പോലും വിലക്കുകയും ചെയ്തു. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ജനുവരി 31 ന് ആര്യസമാജത്തിൽ ഇരുവരും വിവാഹിതരായി. യുവതിയുടെ വീട്ടുകാരുടെ ഭീഷണിയെ തുടർന്ന് ഇരുവരും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേക്ക് താമസം മാറ്റി. ഒരാഴ്ച മുമ്പാണ് ഇവർ ഹൈദരാബാദിലെത്തി വാടകയ്ക്ക് വീട് എടുത്ത് താമസം തുടങ്ങിയതെന്നും പൊലീസ് പറഞ്ഞു.