ന്യൂഡൽഹി: കടുത്ത സാമ്പത്തിക സമ്മർദ്ദം നേരിടുന്ന പശ്ചാത്തലത്തിൽ പതിമൂന്ന് ശതമാനം ശാഖകൾ അടച്ച്പൂട്ടാൻ ഒരുങ്ങി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള വാണിജ്യ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 2023 - മാർച്ചിൽ തങ്ങളുടെ 600 ശാഖകൾ അടച്ചു പൂട്ടിയേക്കും. വർഷങ്ങളായി കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

നൂറ് വർഷത്തിലേറെ പഴക്കമുള്ള ബാങ്കിന് നിലവിൽ 4,594 ശാഖകളുണ്ട്. ഇതിന് മുൻപ് ബാങ്കിന്റെ ഒരു ശാഖകളും അടച്ചുപൂട്ടലിൽ എത്തിയിരുന്നില്ല. എങ്കിലും 2017 ൽ ആർബിഐയുടെ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ ലിസ്റ്റിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെട്ടിരുന്നു. മൂലധനം, വായ്പ, ലിവറേജ് അനുപാതങ്ങൾ എന്നിവയിൽ ആർബിഐ നിഷ്‌കർഷിച്ച നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ആർബിഐയുടെ പ്രോംപ്റ്റ് കറക്റ്റീവ് ലിസ്റ്റിൽ ഉൾപ്പെടുകയായിരുന്നു.

ലിസ്റ്റിൽ ഉൾപ്പെട്ട മറ്റു ബാങ്കുകൾ സാമ്പത്തിക ഇടപാടുകൾ മെച്ചപ്പെടുത്തി ആർബിഐയുടെ പിസിഎ ലിസ്റ്റിൽ നിന്ന് പുറത്തു കടന്നിരുന്നു. എന്നാൽ 2017 മുതലുള്ള മോശം പ്രകടനവും മാനവവിഭശേഷിയെ ഫലപ്രദമായും കാര്യക്ഷമയും ഉപയോഗിക്കാൻ കഴിയാത്തതും ബാങ്കിന് തിരിച്ചടിയായി.