- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലം നിർമ്മാണത്തിലെ ക്രമക്കേട് നാട്ടുകാരെ അറിയിച്ചത് കുറ്റമായി; പയ്യന്നൂരിൽ യുവാക്കളെ മർദ്ദിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം നാലുപേർ അറസ്റ്റിൽ

കണ്ണൂർ: പയ്യന്നൂരിൽ പാലം നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ രേഖ വഴി ലഭിച്ച വിവരങ്ങൾ സോഷ്യൽമീഡിയ വഴി പുറത്തുവിട്ട യുവാക്കളെ മർദ്ദിച്ച കേസിലെ പ്രതികളായ സി.പി. എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള നാലുപേർ കീഴടങ്ങി. സി.പി. എം കണ്ടങ്കാളി വട്ടക്കുളം ബ്രാഞ്ച് സെക്രട്ടറി പവിത്രൻ, നഗരസഭാ കൗൺസിലറുടെ മകൻ ഷൈബു, സുഹൃത്തുക്കളായ കലേഷ്,അജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
ഇവർ വെള്ളിയാഴ്‌ച്ച രാവിലെ പൊലീസിൽ ഹാജരാവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കണ്ടങ്കാളിയിലെ ലിജേഷ്,സുരേഷ് എന്നിവർക്കെതിരെ അക്രമമുണ്ടായത്. വട്ടക്കുളത്ത് എട്ടുകുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള പാലം നിർമ്മാണമാണ് തർക്കത്തിന് കാരണമായത്. രണ്ടര മീറ്റർ വീതിയുള്ള പാലം പൊളിച്ചുമാറ്റി എല്ലാവാഹനങ്ങൾക്കും കടന്നുപോകുന്നതിനായി അഞ്ചരമീറ്റർ വീതിയിൽ പണിയാൻ നഗരസഭ ഏഴുലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നു.
എന്നാൽ കോവിഡ് കാരണം പ്രവൃത്തി മുടങ്ങിപ്പോയ പാലം നിർമ്മാണം കഴിഞ്ഞ മാസം തുടങ്ങിയെങ്കിലും നാലുമീറ്ററിൽ ഒതുക്കി പണിയുകയായിരുന്നു. ഇതു നാട്ടിൽ ചൂടേറിയ ചർച്ചയാവുകയും ഇതിനെ ചോദ്യം ചെയ്തുകൊണ്ടു ലിജേഷിന്റെ നേതൃത്വത്തിൽ യുവാക്കൾ രംഗത്തുവരികയുമായിരുന്നു.
നഗരസഭയിൽ വിവരാവകാശരേഖ സമർപ്പിക്കുകയും ഇതുലഭിച്ചപ്പോൾ അഞ്ചരമീറ്റർ പാലം പണിയാൻ എസ്റ്റിമേറ്റ് തയ്യാറാക്കിയ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് ബ്രാഞ്ച് സെക്രട്ടറി പി.പി പവിത്രന്റെ നേതൃത്വത്തിൽ ഒരുസംഘം പെരുവഴിയിലിട്ടു മർദ്ദിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തുവെന്നാണ് പരാതി.


