ഡെറാഡൂൺ: മരിച്ച അച്ഛന്റെ ആഗ്രഹം നിറവേറ്റുന്നതിന് ഒന്നരക്കോടി രൂപ വിലയുള്ള രണ്ടേക്കർ ഭൂമി മുസ്ലിം പള്ളിക്ക് ഈദ്ഗാഹിനായി വിട്ടു നൽകി സഹോദരിമാർ. ഉത്തരാഖണ്ഡിലെ ഉദ്ധംസിങ് നഗർ ജില്ലയിലെ കാശിപൂരിലാണ് സഹോദരിമാർ ഭൂമി വിട്ടുനൽകിയത്. 57 കാരിയായ സരോജ്, 26കാരിയായ അനിത എന്നിവരാണ് ഭൂമി പള്ളിക്ക് നൽകാൻ സമ്മതിച്ചത്.

ഇവരുടെ അച്ഛൻ ബ്രജ്നന്ദൻ പ്രസാദ് രസ്തോഗി 19 വർഷം മുമ്പ് മരിച്ചുപോയി. മരിക്കുന്നതിന് മുമ്പുള്ള ബ്രജ്നന്ദന്റെ ആഗ്രഹമായിരുന്നു പള്ളിക്കായി ഭൂമി വിട്ടു നൽകുക എന്നത്. പുരോഗമന ചിന്താഗതിക്കാരനായ ബ്രജ്നന്ദൻ ബന്ധുക്കളോട് മാത്രമാണ് തന്റെ ആഗ്രഹം അറിയിച്ചിരുന്നത്. ഈയടുത്താണ് പിതാവിന്റെ അന്ത്യാഭിലാഷത്തെക്കുറിച്ച് മക്കൾ അറിഞ്ഞത്. ഡൽഹിയിലും മീററ്റിലുമാണ് സരോജും അനിതയും താമസിക്കുന്നത്.

അച്ഛന്റെ ആഗ്രഹം അറിഞ്ഞതോടെ ഭൂമി കൈമാറാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. അച്ഛൻ സാമുദായിക സൗഹാർദ്ദത്തിൽ ശക്തമായി വിശ്വസിച്ചിരുന്നു. ഈദ് പോലുള്ള ആഘോഷങ്ങളിൽ കൂടുതൽ ആളുകളെ നമസ്‌കരിക്കുന്നതിന് ഈദ്ഗാഹിന് സ്ഥലം ദാനം ചെയ്യണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. എന്റെ സഹോദരിമാർ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കി- മകൻ രാകേഷ് പറഞ്ഞു.

'ഞങ്ങൾ ഒന്നും ചെയ്തില്ല, ഞങ്ങളുടെ പിതാവിന്റെ ആഗ്രഹപ്രകാരം ഭൂമി ദാനം ചെയ്തു അത്രമാത്രം. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന വലിയ മനസ്സുള്ള ആളായിരുന്നു അദ്ദേഹം. എല്ലാ വർഷവും നമസ്‌കരിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്കായി കുറച്ച് തുക ഈദ്ഗാഹ് കമ്മിറ്റിക്ക് സംഭാവന ചെയ്യാറുണ്ടായിരുന്നു.'- സരോജ് പറഞ്ഞു.

മതമൈത്രിയുടെ ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങളാണ് സഹോദരിമാരെന്ന് പള്ളിക്കമ്മിറ്റി പറഞ്ഞു. അവരോടുള്ള കടപ്പാടും സ്നേഹവും അറിയിക്കുന്നു. ബ്രജ്നന്ദൻ പ്രസാദ് ജീവിച്ചിരുന്ന കാലത്തും പള്ളിക്ക് സംഭാവന നൽകുകയും ഭക്ഷണ സാധനങ്ങളും നൽകിയിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം മക്കളും നൽകുന്നുണ്ടെന്നും പള്ളിക്കമ്മിറ്റി വ്യക്തമാക്കി.

ഈദ് ദിനത്തിൽ ബ്രജ്നന്ദൻ പ്രസാദിന് വേണ്ടി വിശ്വാസികൾ പ്രാർത്ഥിച്ചു. സഹോദരിമാരുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചും സ്‌നേഹം പ്രകടിപ്പിച്ചു. അച്ഛന്റെ അവസാന ആഗ്രഹം സഫലമാക്കുക എന്നത് മക്കളുടെ കടമയാണെന്നും പിതാവിന്റെ ആത്മാവിന് സന്തോഷം ലഭിച്ചിരിക്കുമെന്നും മക്കൾ പറഞ്ഞു.