ചെന്നൈ : ശസ്ത്രക്രിയ കഴിഞ്ഞ് നേരെ പരീക്ഷയ്ക്ക് എത്തിയ 17 കാരിയാണ് സമൂഹമാധ്യമങ്ങളിൽ ഇന്ന് നിറഞ്ഞുനിന്നത്. തിരുപ്പൂർ ജില്ലയിലെ കുപ്പണ്ടംപാളയത്താണ് സംഭവം. റിതാനിയ എന്ന വിദ്യാർത്ഥിയാണ് തന്റെ ആരോഗ്യസ്ഥിതി പോലും നോക്കാതെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ പരീക്ഷയ്ക്ക് എത്തിയത്.

കഠിനമായ വയറുവേദനെ തുടർന്ന് മെയ്‌ 2 നാണ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടലിലേക്ക് രക്തം എത്തിക്കുന്ന നാഡികളിൽ ഒന്ന് പൂർണമായും അടഞ്ഞതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ഈ കുട്ടിയെ ലാപ്പറോസ്‌കോപിക്ക് വിധേയയാക്കേണ്ടി വന്നു.

എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ സ്‌കൂളിൽ പോയി പരീക്ഷ എഴുതണമെന്ന് കുട്ടി ഡോക്ടർമാരോട് ആവശ്യപ്പെടുകയായിരുന്നു. അസുഖം ഭേദമായി വരുന്നത് കണ്ട ഡോക്ടർമാർ കുട്ടിയെ പരീക്ഷ എഴുതാനും അനുവദിച്ചു. എന്നാൽ മെഡിക്കൽ ടീമിനൊപ്പം ആംബുലൻസിലാണ് കുട്ടിയെ പരീക്ഷാ കേന്ദ്രത്തിലേക്ക് അയച്ചത്.

പരീക്ഷ എഴുതാൻ അവൾ വളരെ ഉത്സാഹം കാണിച്ചതിനാൽ തങ്ങൾ അവൾക്ക് അനുവാദം നൽകി, പക്ഷേ അവളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുകയും ആംബുലൻസിൽ അവൾക്കൊപ്പം മെഡിക്കൽ സംഘത്തെ അയയ്ക്കുകയും ചെയ്തു, എന്ന് റിതാനിയയെ ചികിത്സിച്ച ഡോക്ടർ അരുൾ ജോതി പറഞ്ഞു.

പരീക്ഷാ കേന്ദ്രത്തിൽ യൂണിഫോം ഇട്ട് എത്തിയ പെൺകുട്ടിയെ കൈയിൽ എടുത്താണ് മെഡിക്കൽ അറ്റൻഡർ അകത്തേക്ക് കയറ്റിയത്. സുഖമായി പരീക്ഷ എഴുതി പൂർത്തിയാക്കിയ കുട്ടിക്ക് തുടർ ചികിത്സ നൽകി.