തിരുവനന്തപുരം: ഗവേഷണഫലങ്ങൾ സാമൂഹിക ആവശ്യങ്ങളിലേക്ക് പരിവർത്തിപ്പിക്കുന്നതിലാണ് ഉന്നതവിദ്യാഭ്യാസ മേഖല ഊന്നൽ നൽകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.ഇത്തരം ട്രാൻസ്ലേഷണൽ റിസർച്ചിലൂടെ ബ്രെയിൻ ഡ്രെയ്‌നിൽ നിന്നും ബ്രെയിൻ ഗെയിനിലേയ്ക്ക് ഉന്നതവിദ്യാഭ്യാസ മേഖലയെ പരിവർത്തിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'ഉന്നത വിദ്യാഭ്യാസ കോൺക്ലേവ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗുണഭോക്താക്കളാകുന്ന പദ്ധതികളുടെ ആസൂത്രണവും ഏകോപനവും സംബന്ധിച്ച് ചർച്ച ചെയ്യാനാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. സർവ്വകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും സംരംഭകാധിഷ്ഠിതമായ നൂതന ആശയങ്ങളും പദ്ധതികളും സമർപ്പിക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയെ വ്യവസായവുമായി ബന്ധിപ്പിച്ച് ഉത്പാദനമേഖല ശക്തിപ്പെടുത്തണമെന്ന് കോൺക്ലേവിൽ മുഖ്യ പ്രഭാഷണം നടത്തിയ ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു.

ഓരോ സർവ്വകലാശാലകയും അവരുടെ സവിശേഷമേഖലയും സാമൂഹ്യപശ്ചാത്തലങ്ങളും മുൻനിർത്തിയാണ് ഗവേഷണ പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതെന്നും ധനമന്ത്രി പറഞ്ഞു. കോൺക്ലേവിൽ പങ്കെടുത്ത വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും പ്രതിനിധികൾ അവരുടെ നടന്നുകൊണ്ടിരിക്കുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ രൂപരേഖ അവതരിപ്പിച്ചു.

ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ അദ്ധ്യക്ഷനായിരുന്നു. ധനകാര്യവകുപ്പ്, സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റ്, കിഫ്ബി, അസാപ്പ്, ഐ.സി.ടി. അക്കാദമി, സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്വറൻസ് സെൽ, നോളജ് ഇക്കോണമി മിഷൻ, ഐഎച്ച്ആർഡി, സി-പാസ്, റൂസ എന്നിവയുടെ മേധാവികൾ, വിവിധ സർവ്വകലാശാലകളുടെ വൈസ് ചാൻസലർമാർ തുടങ്ങിയവർ കോൺക്ലേവിൽപങ്കെടുത്തു.