ജമ്മു: പാക്കിസ്ഥാൻ അതിർത്തിക്കപ്പുറത്തുനിന്നും ജമ്മുവിലെ സാംബ ജില്ലയിലേക്ക് ഭീകരർ നിർമ്മിച്ച തുരങ്കം അതിർത്തിരക്ഷാ സേന കണ്ടെത്തി. അമർനാഥ് തീർത്ഥയാത്ര തടസ്സപ്പെടുത്താനുള്ള പാക്ക് ഭീകരരുടെ ശ്രമമാണ് അതിർത്തി രക്ഷാസേന പൊളിച്ചത്.

രാജ്യാന്തര അതിർത്തിയിൽ നിന്ന് കഷ്ടിച്ച് 150 മീറ്ററും അതിർത്തി വേലിയിൽ നിന്ന് 50 മീറ്ററും മാത്രം അകലെ, പാക്കിസ്ഥാൻ ഔട്ട്‌പോസ്റ്റായ ചമൻ ഖുർദിനെതിരെയാണു പുതുതായി കുഴിച്ച തുരങ്കം കണ്ടെത്തിയതെന്ന് ബിഎസ്എഫ് ഡിഐജി എസ്‌പി എസ്.സന്ധു അറിയിച്ചു. ഇന്ത്യൻ ഔട്ട്‌പോസ്റ്റായ ചക് ഫക്വിറയിൽ നിന്ന് 300 മീറ്ററും അവസാനത്തെ ഇന്ത്യൻ ഗ്രാമത്തിൽ നിന്ന് 700 മീറ്ററും അകലെയാണ് ഇത്.

150 മീറ്റർ നീളമുള്ള തുരങ്കത്തിന്റെ രണ്ട് അടി വീതിയുള്ള പ്രവേശനകവാടം ബലപ്പെടുത്താൻ 21 മണൽച്ചാക്കുകളും ഉപയോഗിച്ചിരുന്നു. ഏപ്രിൽ 22 ന് ജമ്മുവിൽ സിഐഎസ്എഫ് ബസ് ആക്രമിച്ച് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറെ കൊലപ്പെടുത്തിയ 2 ചാവേറുകളെ വെടിവെച്ചുകൊന്ന സംഭവത്തിനുശേഷം അതിർത്തിയിൽ സേ നിരീക്ഷണം ശക്തമാക്കിയിരുന്നു.