- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭക്ഷണം നൽകാനെന്ന വ്യാജേന വിളിച്ച ശേഷം പൂച്ചയെ തൊഴിച്ച് കടലിലിട്ടു; യുവാവിന് പത്ത് വർഷത്തെ ജയിൽ ശിക്ഷ ലഭിച്ചേക്കും
മൃഗങ്ങൾക്കെതിരെ കൊടും ക്രൂരത കാട്ടുന്നവർ നിരവധിയാണ്. നിയമം എത്ര ശക്തമാക്കിയാലും മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്ന ശീലം നിരുപാധം തുടരുകയാണ്. അത്തരത്തിൽ ക്രൂരമായി പൂച്ചയെ ഉപദ്രവിച്ച യുവാവ് ഇപ്പോൾ പത്ത് വർഷത്തെ ജയിൽ ശിക്ഷ ലഭിക്കാവുന്ന നിയമ നടപടികൾ നേരിടുകയാണ്. ഗ്രീസിലാണ് സംഭവം. ഭക്ഷണം നൽകാനെന്ന വ്യാജേന പൂച്ചയെ അടുത്തേക്ക് വിളിച്ചിട്ട് കാലുകൊണ്ട് തൊഴിച്ച് കടലിലേക്ക് തള്ളിയിട്ട യുവാവാണ് പുലിവാല് പിടിച്ചത്. യുവാവ് പൂച്ചയെ തൊഴിച്ച് കടലിലിടുന്ന ദൃശ്യങ്ങൾ വൈറലായതോടെയാണ് നിയമ നടപടിയുമായി പൊലീസും രംഗത്തെത്തിയത്.
ഗ്രീസിലെ എവിയ ദ്വീപിലാണ് സംഭവം നടന്നത്. കടലിന് അഭിമുഖമായി സജീകരിച്ചിരിക്കുന്ന റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവാണ് അവിടെയുണ്ടായിരുന്ന പൂച്ചക്കുട്ടികളെ ഭക്ഷണം കാണിച്ച് സ്‌നേഹത്തോടെ അടുത്തേക്ക് വിളിച്ചത്. ആദ്യം അടുത്തേക്കെത്തിയ പൂച്ചയെ ഇയാൾ ഭക്ഷണം കാണിച്ച ശേഷം കടലിലേക്ക് കാലുകൊണ്ട് തള്ളിയിടുകയായിരുന്നു. ഇതിനൊടൊപ്പമുണ്ടായിരുന്ന പൂച്ചയേയും ഇയാൾ അരികിലേക്ക് വിളിച്ച് കടലിലേക്ക് തള്ളിയിടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പൂച്ചയെ തൊഴിച്ച് വെള്ളത്തിലിടുന്നത് കണ്ട് ഉച്ചത്തിൽ ചിരിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.
പൂച്ചയെ ഉപദ്രവിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവം രാജ്യാന്തര ശ്രദ്ധനേടുകയായിരുന്നു. രൂക്ഷമായ വിമർശനമാണ് ഇതിനെതിരെ ഉയർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 2020 തിലെ പരിഷ്‌ക്കരിച്ച നിയമപ്രകാരം 10 വർഷം വരെ തടവും കനത്ത തുക പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്ന് പൊലീസ് വിശദീകരിച്ചു.
പൂച്ചയ്ക്ക് അപകടമൊന്നും സംഭവിച്ചില്ലെന്നും തമാശയ്ക്കാണ് അതിനെ തള്ളിയിട്ടതെന്നും യുവാവ് പൊലീസിനൊട് പറഞ്ഞു. വെള്ളത്തിലേക്കല്ല പൂച്ചയെ തള്ളിയിട്ടതെന്നും അവിടെ വെള്ളാരം കല്ലുകളാണുണ്ടായിരുന്നതെന്നും ഇയാൾ പൊലീസിനോട് വിശദീകരിച്ചു. ഇയാൾ ഉപദ്രവിച്ച പൂച്ചക്കുട്ടിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രാദേശിക മൃഗസംരക്ഷണ സമിതിയും വ്യക്തമാക്കി. റസ്റ്ററന്റ് ഉടമയുടെ വളർത്തുപൂച്ചകളാണിതെന്നും അവയ്ക്ക് നിലവിൽ പ്രശനങ്ങളൊന്നുമില്ലെന്നും മൃഗസംരക്ഷണ സമിതി വിശദീകരിച്ചു.