- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപരോധ സമരത്തിനിടെ കണ്ണൂർ കോർപറേഷൻ മേയറുടെ ഉടുമുണ്ട് അഴിച്ചെടുത്ത സംഭവം; 18 കുടുംബശ്രീ പ്രവർത്തകർക്ക് എതിരെ കേസ്; തന്നെ അക്രമിച്ചത് കുടുംബശ്രീ ഗുണ്ടകളെന്ന് മേയർ ടി ഒ മോഹനൻ; കോൺഗ്രസിന് എതിരെ വിവാദം കത്തിക്കാൻ സിപിഎം
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ തൊഴിൽ നിഷേധത്തിനെതിരെ കുടുംബശ്രീ നടത്തുന്ന സമരത്തിന്റെ രൂപം മാറുന്നു. സമരം സി.പി. എം ഏറ്റെടുത്തതോടെ വരും ദിനങ്ങൾ സംഘർഷഭരിതമായേക്കും. ഇതിനിടെ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ മോഹനനെ തടഞ്ഞുവയ്ക്കുകയും ഉടുതുണി പറിച്ചെടുത്ത് അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിൽ 18 കുടുംബശ്രീ പ്രവർത്തകർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
കോർപറേഷൻ കോംപൗണ്ടിൽ നിർമ്മിച്ച കുടുംബശ്രീ ടേസ്റ്റ് ആൻഡ് ഹട്ട് ഭക്ഷണശാല പുതിയ ആസ്ഥാന മന്ദിരം നിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മേയറുടെ ഓഫിസിന് മുൻപിൽ കുത്തിയിരുന്ന് സമരം നടത്തിയ കുടുംബശ്രീ പ്രവർത്തകരാണ് മേയറെ ഓഫിസിലേക്ക് കടത്താതെ തടയുകയും ഇതിനെ അവഗണിച്ചു കൊണ്ടു കടക്കാൻ ശ്രമിച്ച മേയറുടെ ഉടുമുണ്ട് അഴിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തത്.
തന്നെ കുടുംബശ്രീ ഗുണ്ടകൾ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തുവെന്ന് ഇതിനെ തുടർന്ന് മേയർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മേയർ ടി.ഒ.മോഹനന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന 18 കുടുംബശ്രീ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തു മണി മുതൽ കണ്ണൂർ കോർപറേഷൻ മേയർ ഗോ ബാക്കെന്ന് വിളിച്ചു സമരം നടത്തിയ കുടുംബശ്രീ പ്രവർത്തകരെ മണിക്കൂറുകളുടെ ശ്രമഫലമായാണ് പൊലീസിന് നീക്കം ചെയ്യാൻ കഴിഞ്ഞത്.
കോർപറേഷൻ ഓഫീസിനകത്ത് അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു മേയർ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ, കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി എന്നിവർക്ക് പരാതി നൽകിയിരുന്നു. ടേസ്റ്റി ഹട്ട് കുടുംബശ്രീ ഹോട്ടൽ പ്രവർത്തകരായ ശ്രീഷ്മ, രമണി, ശ്രീജ, പ്രസീത തുടങ്ങി ഏഴോളം പേരും കൗൺസിലർമാരായ രജനി, സീത, മുൻസി ഡി എസ് അംഗം ശർമിള എന്നിവരും കണ്ടാലറിയാവുന്ന നാലു പേർക്കുമെതിരെയാണ് പരാതി നൽകിയത്.
കണ്ണൂർ കോർപറേഷന്റെ പ്രഥമ ഭരണ സമിതിയാണ് കുടുംബശ്രീ പ്രവർത്തകർക്ക് കോർപറേഷൻ വളപ്പിൽ ടേസ്റ്റി ഹട്ട് എന്ന പേരിൽ ഭക്ഷണ ശാല തുടങ്ങാൻ സൗജന്യമായി സ്ഥല സൗകര്യം നൽകിയത്. 30 രൂപയ്ക്ക് പൊതുജനങ്ങൾക്ക് ഉച്ച ഭക്ഷണം നൽകിയിരുന്ന ഈ സംരഭത്തിൽ 25 പേരാണ് ജോലി ചെയ്തിരുന്നത്. കണ്ണൂർ നഗരത്തിലെത്തുന്ന സാധാരണക്കാർക്ക് ഏറെ ആശ്വാസകരവുമായിരുന്നു ഇത്.
എന്നാൽ ഭരണം യു.ഡി.എഫിന് ലഭിച്ചപ്പോൾ കുടുംബശ്രീ ഹോട്ടൽ അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും ഉടൻ പൊളിച്ചു മാറ്റണമെന്നായി കോർപറേഷൻ. ഈ ഹോട്ടൽ നടത്തിപ്പുകാരെല്ലാം സിപിഎം പ്രവർത്തകരായതിനാൽ കൗൺസിൽ യോഗങ്ങളിൽ എൽ ഡി എഫ് ഈ പ്രശ്നം ഏറ്റെടുക്കുകയും കൗൺസിൽ യോഗത്തിൽ ബഹളമുണ്ടാവുകയും ചെയ്തു. ഇതോടെ സംഭവം രാഷ്്ട്രീയ പോരിലെത്തുകയായിരുന്നു.
സംഭവം ഒത്തുതീർക്കുന്നതിനായി സി.പി. എം നേതാക്കളായ കെ.പി സഹദേവൻ, എം. പ്രകാശന്മാസ്റ്റർ എന്നിവർ കഴിഞ്ഞ ദിവസം മേയറുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും അലസി പിരിയുകയായിരുന്നു. ഇതിനിടെ സംഭവത്തിന് പിന്നിൽ രാഷ്ട്രീയക്കളിയാണെന്ന ആരോപണവുമായി ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് രംഗത്തുവരികയും ചെയ്തു.
ഇതു പിന്നീട് യു.ഡി. എഫ് ഏറ്റെടുത്തതോടെ ഏറെക്കാലത്തെ ശാന്തതയ്ക്കു ശേഷം കണ്ണൂർ കോർപറേഷനിൽ ഭരണ- പ്രതിപക്ഷ പ്രതിഷേധം പുകയുകയാണ്. കോൺഗ്രസ് ഭരിക്കുന്ന കോർപറേഷൻ ഭരണസമിതിയെ അടിക്കാനുള്ള ഒരുവടിയായിട്ടാണ് സി.പി. എം കുടുംബശ്രീവിഷയത്തെ നോക്കികാണുന്നത്. അതുകൊണ്ടു തന്നെ വിവാദം എത്രമാത്രം കത്തിച്ചു മുതലെടുക്കാനാണ് അവർ നോക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്