കണ്ണൂർ: കണ്ണുർ കോർപറേഷൻ കോംപൗണ്ടിൽ കുടുംബശ്രീ ഹോട്ടൽ പൊളിച്ചുമാറ്റിയതിനെതിരെ നടത്തുന്ന സമരം എൽ.ഡി.എഫ് ഏറ്റെടുക്കുമെന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ.കണ്ണുർ അഴീക്കോടൻ മന്ദിരത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹിള പ്രസ്ഥാനങ്ങളും കുടുംബശ്രീയും നടത്തുന്ന സമരത്തിന് സി.പി. എമ്മും എൽ.ഡി. എഫും പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിനൊപ്പം എൽ.ഡി.എഫും ചേരുന്നതോടെ വരും ദിനങ്ങളിൽ സമരം ശക്തി പ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2018 മാർച്ച് മാസം ഏഴു സ്ത്രീകൾ ബാങ്ക് വായ്പയെടുത്തു തുടങ്ങിയ ഹോട്ടലാണിത്. രുചികരമായ ഭക്ഷണം സാധാരണക്കാർക്ക് ഭക്ഷണം കൊടുക്കുന്ന സ്ഥാപനമാണിത്. കോർപറേഷന് കെട്ടിടം പണിയാൻ സർക്കാരാണ് സ്ഥലം അനുവദിച്ചത്.

കോർപറേഷൻ ഓഫീസ് കെട്ടിടം പണിയുന്ന സ്ഥലത്തായതിനാൽ സ്വഭാവികമായി കുടുംബശ്രീ ടേസ്റ്റി ഹട്ട് ഹോട്ടൽ മാറ്റി പുനരധിവസിപ്പിക്കേണ്ടി വരും. എന്നാൽ സർക്കാർ ഇവർക്ക് മറ്റൊരു കെട്ടിട സൗകര്യം നൽകി മാറ്റി പാർപ്പിക്കണമെന്ന ഉത്തരവിട്ടിട്ടും മേയർ തയ്യാറായിട്ടില്ലെന്നും ജയരാജൻ കുറ്റപ്പെടുത്തി.

ഡൽഹി മേയർ ചെയ്തതു പോലെ കണ്ണൂർ മേയറും രാത്രിയിൽ ബുൾഡോസർ ഉപയോഗിച്ചു പൊളിച്ചുമാറ്റുകയാണ് ചെയ്തത്. സ്ത്രീകൾ വായ്പയെടുത്തു വാങ്ങിയ സാധനങ്ങൾ മോഷ്ടിക്കുകയാണ് ചെയ്തത്. കുടുംബശ്രീ ഹോട്ടൽ ജനകീയ ഹോട്ടലാക്കാൻ കോർപറേഷൻ വിചാരിച്ചാൽ കഴിയുമെങ്കിലും അതിന് തയ്യാറാകുന്നില്ല. അങ്ങനെയെങ്കിൽ 5000 രൂപ സർക്കാർ സഹായവും ഒരു ഊണിന് പത്തു രൂപ നിരക്കിൽ സബ്സിഡി മും ലഭിക്കും.

കോഴിക്കോട് കോർപറേഷനിൽ ആറ് ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുമ്പോൾ കണ്ണുരിൽ ഒന്നു പോലുമില്ല. കുടുംബശ്രീ ഹോട്ടൽ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാമെന്ന് ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് എം.പ്രകാശൻ മാസ്റ്ററോട് ഫോണിൽ സംസാരിച്ചതാണ് എന്നാൽ സമരം ചെയ്ത ഏഴു സ്ത്രീകളെ പൊലിസിനെ ഉപയോഗിച്ചു അറസ്റ്റു ചെയ്യിക്കാനാണ് മേയർ ശ്രമിച്ചത് ഏഴു സ്ത്രീകളുടെ കണ്ണീരു വീണ സ്ഥലമാണ് കോർപറേഷൻ ആസ്ഥാനം. കോർപറേഷൻ അവരുടെ ഉപജീവനമാർഗം ഇല്ലാതാക്കി തെരുവിലേക്ക് വലിച്ചെറിയുകയാണ് ചെയ്തത്. ബുൾഡോസർ കൊണ്ടു അവരുടെ കെട്ടിടം തകർത്തു പോലെ അവരെയും സമരം ചെയ്യുമ്പോൾ അതുകൊണ്ടു തന്നെ നീക്കം ചെയ്യാനാണ് ശ്രമിച്ചതെന്നും പൊലിസ് എത്തിയതിനാൽ അതു നടന്നില്ലെന്നും ജയരാജൻ പറഞ്ഞു.