ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ വിജയ് നഗറിലെ മൂന്നു നില ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തിൽ ഏഴു പേർ മരിച്ച സംഭവത്തിനു പിന്നിൽ വൈദ്യുതി ഷോർട് സർക്യൂട്ട് അല്ലെന്നു വെളിപ്പെടുത്തൽ. തീപിടിത്തമുണ്ടായ ഫ്‌ളാറ്റിലെ താമസക്കാരിയായ യുവതി പ്രണയാഭ്യർഥന നിരസിച്ചതിൽ കുപിതനായി പ്രതികാരം ചെയ്യാനെത്തിയ യുവാവാണ് തീപിടിത്തത്തിനു കാരണക്കാരനെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

മൂന്ന് നില ഫ്‌ളാറ്റിലെ താമസക്കാരിയായ യുവതി പ്രണയം നിരസിച്ചതിലുള്ള പകയിൽ സഞ്ജയ് ദീക്ഷിത് എന്ന യുവാവിന്റെ ചെയ്തിയാണ് വൻ ദുരന്തമായത്. ഫ്‌ളാറ്റിന്റെ പാർക്കിങ് ഏരിയയിൽ വച്ചിരുന്ന യുവതിയുടെ സ്‌കൂട്ടറിന് ഇന്നലെ പുലർച്ചെ തീ വയ്ക്കുകയും ഇത് പിന്നീട് ഫ്‌ളാറ്റുകളിലേക്ക് ആളി പടരുകയുമായിരുന്നു.

ഇതേ കെട്ടിടത്തിൽ താമസക്കാരനായിരുന്ന സഞ്ജയ് ദീക്ഷിത് (27) ആണു തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലുള്ളത്. പ്രണയാഭ്യർഥന നിരസിച്ച യുവതിയോടു പ്രതികാരം ചെയ്യാൻ ഇയാൾ അവരുടെ സ്‌കൂട്ടർ കത്തിച്ചതാണ് ഏഴു പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ തീപിടിത്തത്തിലേക്കു നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

തീപിടിത്തമുണ്ടായ ഫ്‌ളാറ്റിൽ വാടകയ്ക്കു താമസിച്ചിരുന്ന വ്യക്തിയാണ് സംഭവത്തിൽ പൊലീസ് പിടിയിലായ ശുഭം എന്ന സഞ്ജയ് ദീക്ഷിത്. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒരു യുവതിയോട് അടുത്തിടെ പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ, ഇയാളുടെ പ്രണയാഭ്യർഥന തള്ളിയ യുവതിയുടെ വിവാഹം കഴിഞ്ഞ ദിവസം മറ്റൊരു വ്യക്തിയുമായി ഉറപ്പിച്ചു.

ഇതിൽ കുപിതനായി സഞ്ജയ് ദീക്ഷിത് ശനിയാഴ്ച പുലർച്ചെ യുവതിയുടെ സ്‌കൂട്ടർ പാർക്കിങ് സ്ഥലത്തുവച്ച് കത്തിച്ചു. ഈ സ്‌കൂട്ടറിൽനിന്ന് തീനാളങ്ങൾ മൂന്നു നില കെട്ടിടത്തിലേക്കു പടർന്നതാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചത്. സംഭവം നടന്നത് പുലർച്ചെ മൂന്നിനും നാലിനും ഇടയിലായതിനാൽ ഫ്‌ളാറ്റുകളിലെ താമസക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ഇതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പ്രണയം നിഷേധിച്ച യുവതി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഇൻഡോർ പൊലീസ് അറിയിച്ചു.

ഇന്നലെയാണ് പുലർച്ചെ 3.10 ഓടെയായിരുന്നു സംഭവം. ഇൻഡോറിലെ സ്വവർൺ ബാഗ് കോളനിയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. വീട്ടുകാർ ഉറങ്ങി കിടക്കുമ്പോളായിരുന്നു തീപിടിത്തം. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്. ഒമ്പത് പേരെ രക്ഷപ്പെടുത്തി.

സ്‌കൂട്ടറിൽനിന്ന് തീ കെട്ടിടത്തിലേക്കു പടർന്നതോടെ ഓടി രക്ഷപ്പെട്ട സഞ്ജയ് ദീക്ഷിതിനെ ശനിയാഴ്ച വൈകിട്ട് ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. തീപിടിത്തത്തിനു പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സഞ്ജയ് ദീക്ഷിതാണ് സംഭവത്തിനു പിന്നിലെന്ന് കണ്ടെത്തിയത്. ഇയാൾ സ്‌കൂട്ടറിനു തീയിടുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു.

കെട്ടിടത്തിനു തീപിടിച്ചതിനു പിന്നാലെ പുറത്തേക്കുള്ള പ്രധാന കവാടത്തിലും സ്റ്റെയർകേസിലും തീ പടർന്നതാണ് അപകടം രൂക്ഷമാക്കിയത്. തീനാളങ്ങളും കറുത്ത പുകയും കാഴ്ച മറച്ചതോടെ ഫ്‌ളാറ്റിൽനിന്ന് പുറത്തിറങ്ങിയവർക്ക് രക്ഷപ്പെടാനാകാതെ വന്നു. മൂന്നാം നിലയിൽനിന്ന് ടെറസിലേക്കു തുറക്കുന്ന വാതിൽ തീപിടിച്ച് ചുട്ടുപൊള്ളുന്ന അവസ്ഥയിലായതും താമസക്കാർക്ക് തിരിച്ചടിയായി.

മധ്യപ്രദേശ് സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണന്നെ് ജില്ലാ ഭരണകൂടം അറിയിച്ചു.