കോഴിക്കോട്: കേരളം തീവ്രവാദത്തിന്റെ വളർത്തു കേന്ദ്രമാണെന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ പ്രസ്താവന ബിജെപിയെ തീണ്ടാപ്പാടകലെ നിറുത്തുന്ന കേരളീയ ജനതയെ ഒന്നടങ്കം അപമാനിക്കുന്നതാണെന്നും, കേരളം ബിജെപിയുടെ വർഗീയാജണ്ടകൾക്ക് വേരുറപ്പിക്കാൻ കഴിയാത്ത ബാലികേറാമലയായതിന്റെ അങ്കലാപ്പ് പ്രകടമാക്കുന്നതാണെന്നും എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി.

ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തെ തള്ളിക്കളയുകയും, ആർഎസ്എസിന്റെ കലാപശ്രമങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നവരിൽ തീവ്രവാദ മുദ്ര ചാർത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്റെ പ്രസ്താവനക്കെതിരെ മതേതര ജനാധിപത്യ സമൂഹം രംഗത്തുവരണം. കേരളം പോലൊരു സംസ്ഥാനത്ത് വിവിധ മതവിശ്വാസികൾക്കിടയിൽ പരസ്പരം അവിശ്വാസം വളർത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളോട് മതമേലധ്യക്ഷന്മാർ ജാഗ്രത്തായ സമീപനം സ്വീകരിക്കേണ്ടതുണ്ട്.

മതവൈരം സൃഷ്ടിച്ചും ജനങ്ങളെ തമ്മിലടിപ്പിച്ചും ഫാഷിസ്റ്റ് തേർവാഴ്ചയ്ക്ക് നേതൃത്വം കൊടുക്കുന്ന ബിജെപി രാജ്യമാകെ അരാജകത്വവും അസ്വസ്ഥതയും സൃഷ്ടിക്കുകയാണ്. ഇതിനെതിരേ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലുടനീളം പുതിയ തലമുറ ജനാധിപത്യപരമായ പ്രതിരോധം തീർക്കും. ഒരേസമയം വികലമായ സാമ്പത്തിക നയങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർത്ത് ജനതയെ കൊടിയ തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. മറുവശത്ത് സംഘർഷവും അക്രമങ്ങളും തല്ലിക്കൊലകളും ബലാൽസംഗങ്ങളും വർധിച്ചുകൊണ്ടിരിക്കുന്നു.

ഫാഷിസ്റ്റ് വാഴ്ചയിൽ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന അപകടത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുതകുന്ന ജനാധിപത്യമുന്നേറ്റങ്ങൾ രാജ്യത്ത് ശക്തിപ്പെട്ടുവരികയാണ്. ഈ മുന്നേറ്റത്തെ സംഘപരിവാരം ഭയപ്പെടുന്നു എന്നതാണ് ബിജെപി നേതാക്കളുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്നും അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.