മയ്യിൽ: കണ്ണൂരിൽ എസ്. എഫ്. ഐക്ക് വനിതാ നേതൃത്വം. എസ്എഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായി കെ അനുശ്രീയെയും സെക്രട്ടറിയായി വൈഷ്ണവ് മഹേന്ദ്രനേയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ശരത്ത് രവീന്ദ്രൻ, ജി എൽ അനുവിന്ദ്, പി ജിതിൻ (വൈസ് പ്രസി്), അഞ്ജലി സന്തോഷ്, പി എസ് സഞ്ജീവ്, കെ സാരംഗ് (ജോ. സെക്ര). 61 അംഗ ജില്ലാ കമ്മിറ്റിയെയും 19 അംഗ സെക്രട്ടറിയേറ്റിനെയും 44 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.

കണ്ണൂർ സർവകലാശാലയിൽ നിലനിൽക്കുന്ന അദ്ധ്യാപക ക്ഷാമം പരിഹരിക്കണമെന്ന് എസ്എഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂർ, കാസറഗോഡ്, വയനാട് ജില്ലകളിലെ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിർണ്ണായക സ്വാധീനമാണ് കണ്ണൂർ സർവകലാശാലക്ക്. സിൽവർ ജൂബിലി നിറവിൽ നിൽക്കുന്ന സർവകലാശാല അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വളരെ പിറകിലാണ്. എട്ടു ക്യാമ്പസുകളിലായി 27ഓളം ഡിപ്പാർട്ട്‌മെന്റുകളും ആയിരക്കണക്കിന് വിദ്യാർത്ഥികളും ഇവിടെയുണ്ട്. എന്നാൽ വിദ്യാർത്ഥികളുടെ ആനുപാതികമായ അദ്ധ്യാപകരില്ലാത്തത് ക്യാമ്പസുകളെ പിന്നോട്ടടിപ്പിക്കുന്നു. ആവശ്യത്തിന് ഗൈഡുമാരില്ലാത്തത് ഗവേഷകരെയും സാരമായി ബാധിക്കുന്നുണ്ട്.

കഴിഞ്ഞ നാക്ക് വിസിറ്റിങ്ങിൽ കമ്മിറ്റി ചൂണ്ടിക്കാണിച്ച പോരായ്മ സ്ഥിരം അദ്ധ്യാപകരുടെ കുറവാണ്. അദ്ധ്യാപക തസ്തിക അനിവാദിക്കാൻ സർക്കാർ തയ്യാറായിട്ടും നിയമനം ഇഴയുകയാണ്. സർവകലാശാലക്ക് അനുവദിച്ച അദ്ധ്യാപക തസ്തികകൾ നിയമനം നടത്തി അദ്ധ്യാപക ക്ഷാമം നികത്തണമെന്ന് എസ്എഫ്ഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരള വികസനത്തിന്റെ നാഴികക്കല്ലായി മാറേണ്ട തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയുള്ള കെ-റെയിൽ പദ്ധതി യാഥാർഥ്യമാക്കണം, സർവകലാശാലക്ക് കീഴിൽ പുതിയ കോഴ്‌സുകൾ അനുവദിക്കണം, പാരലൽ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണം തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

മയ്യിൽ സാറ്റ്ക്കോസ് ഓഡിറ്റോറിയത്തിലെ 'ധീരജ്' നഗറിൽ ജില്ലാ സമ്മേളനം ഇന്നലെ സമാപിച്ചു. പ്രവർത്തന റിപ്പോർട്ടിൻ മേലുള്ള ചർച്ചക്ക് ജില്ലാ സെക്രട്ടറി ഷിബിൻ കാനായിയും സംഘടനാ റിപ്പോർട്ടിൻ മേലുള്ള ചർച്ചക്ക് സംസ്ഥാന പ്രസിഡന്റ് വി എ വിനീഷും മറുപടി പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് ശരത്ത്, സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി അതുൽ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സരിൻ ശശി, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ ശ്യാമള തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സംഘാടക സമിതി കൺവീനർ എൻ അനിൽകുമാർ നന്ദി പറഞ്ഞു.