ഗാന്ധിനഗർ: ഗുജറാത്തിലെ 500 ഡോക്ടർമാർ ബിജെപിയിൽ ചേർന്നു. ഗാന്ധിനഗറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും ബിജെപി സംസ്ഥാന പ്രസിഡന്റ് സി ആർ പാട്ടീലിന്റെയും സാന്നിധ്യത്തിലാണ് ഡോക്ടർമാർ കൂട്ടത്തോടെ പാർട്ടിയിൽ ചേർന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുക്കേയാണ് ഡോക്ടർമാരുടെ കൂട്ടത്തോടെയുള്ള ബിജെപി പ്രവേശനം.

കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. 2022 വർഷാവസാനം നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ സംസ്ഥാനം ഒരുങ്ങുമ്പോഴാണ് 500 പേരടങ്ങുന്ന ഡോക്ടർമാരുടെ സംഘം ബിജെപിയിൽ ചേർന്നിരിക്കുന്നത്.

കഴിഞ്ഞയാഴ്ച മുതിർന്ന കോൺഗ്രസ് നേതാവ് അശ്വിൻ കോട്ട്വാൾ ബിജെപിയിൽ ചേർന്നിരുന്നു. സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടി കാഴ്ച വെക്കുന്ന പ്രകടനത്തിലുള്ള അതൃപ്തിയാണ് താൻ ബിജെപിയിലേക്ക് മാറാൻ കാരണമെന്ന് അദ്ദേഹം പ്രതികരിച്ചു.

ബിജെപിയും കോൺഗ്രസും തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ സാന്നിധ്യമറിയിക്കാൻ ഇത്തവണ ആംആദ്മിയും രംഗത്തിറങ്ങുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 99 സീറ്റുകളാണ് ബിജെപി ഗുജറാത്തിൽ നേടിയത്.

49 ശതമാനം വോട്ടും സ്വന്തമാക്കി. 77 സീറ്റുകൾ കോൺഗ്രസ് നേടിയെങ്കിലും പിന്നീട് നിരവധി കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ടിരുന്നു. ഇതോടെ കോൺഗ്രസിന് നിലവിൽ 63 സീറ്റുകൾ മാത്രമാണ് ഗുജറാത്തിലുള്ളത്.