ജയ്പൂർ: രാജസ്ഥാനിലെ മുതിർന്ന കോൺഗ്രസ് നേതാവും ഭൂഗർഭജലവിഭവ വകുപ്പ് മന്ത്രിയുമായ മഹേഷ് ജോഷിയുടെ മകൻ രോഹിത് ജോഷിക്കെതിരെ പീഡന പരാതിയുമായി യുവതി. യുവതിയുടെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രോഹിത് ജോഷി കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി തവണ പീഡിപ്പിച്ചുവെന്ന് ജയ്പൂർ സ്വദേശിയായ 23 കാരി ആരോപിച്ചു. വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ ജനുവരി 8 നും ഏപ്രിൽ 17 നും ഇടയിൽ മന്ത്രിയുടെ മകൻ തന്നെ പലതവണ ബലാത്സംഗം ചെയ്തതായി യുവതി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

ആദ്യത്തെ തവണ മദ്യം നൽകി മയക്കിയാണ് പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പകർത്തി ഭീഷണിപ്പെടുത്തി. പിന്നീട് വിവാഹവാഗ്ദാനം നൽകി പീഡനം തുടർന്നെന്ന് യുവതി പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് 11 ന് താൻ ഗർഭിണിയായെന്ന് തിരിച്ചറിഞ്ഞതോടെ ഗുളിക കഴിച്ച് കുഞ്ഞിനെ ഒഴിവാക്കാൻ രോഹിത് ജോഷി നിർബന്ധിച്ചുവെന്ന് യുവതി ആരോപിച്ചു.

ഫേസ്‌ബുക്കിലൂടെയാണ് രോഹിത് ജോഷിയെ പരിചയപ്പെടുന്നത്. സൗഹൃദം വളർന്നപ്പോൾ ജയ്പൂരിൽ വെച്ച് കണ്ടുമുട്ടിയെന്നും പിന്നീട് മധോപൂരിൽ വെച്ച് കണ്ടുമുട്ടിയപ്പോഴാണ് മദ്യം നൽകി പീഡിപ്പിച്ചതെന്നും യുവതി പറഞ്ഞു. പിന്നീട് വിവാഹ വാദ്ഗാനം നൽകി ഡൽഹിയിലേക്ക് ക്ഷണിച്ചു. അവിടെ ഒരു ഹോട്ടലിൽ രോഹിത് ജോഷി തന്നെ താമസിപ്പിച്ചുവെന്നും ഹോട്ടലിൽ മുറിയെടുത്തത് ഭാര്യാ ഭർത്താക്കന്മാരെന്ന് പറഞ്ഞിട്ടാണെന്നും യുവതി പറയുന്നു. വിവാഹ കാര്യം പറയുമ്പോൾ മദ്യപിച്ച് തന്നെ മർദ്ദിക്കുകയും അപമാനിക്കുകയും അശ്ലീല വീഡിയോകൾ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി ആരോപിച്ചു.

അതേസമയം യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തങ്ങൾ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രാജസ്ഥാൻ പൊലീസിനേയും വിവരം അറിയിച്ചിട്ടുണ്ടെന്ന് ഡൽഹി പോീസ് വ്യക്തമാക്കി. സംഭവത്തിൽ മന്ത്രി ഇത് വരെ പ്രതികരിച്ചിട്ടില്ല.