തിരുവനന്തപുരം: സുതാര്യത ഉറപ്പാക്കി പിണറായി സർക്കാർ. ഇനി തോന്നും പോലെ കുഴി എടുക്കൽ നടപ്പില്ല. നേരത്തെ പൊതുമരാമത്ത് മന്ത്ി മുഹമ്മദ് റിയാസ് ചില നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. ഇത് തദ്ദേശ വകുപ്പും ഏറ്റെടുക്കുന്നു. തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളിൽ ജല അഥോറിറ്റിയുടെ കുഴിയെടുപ്പിന് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി തയ്യാറാക്കിയ 'സുഗമ' പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ റോഡുകുഴിക്കൽ അനുവദിക്കില്ല.

സംസ്ഥനത്ത് ദേശീയ പാതകളും പൊതുമരാമത്ത് റോഡുകളും ഉണ്ട്. എന്നാൽ കൂടുതലും തദ്ദേശ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റോഡുകളാണ്. ഈ ചെറിയ റോഡുകളാണ് പലപ്പോഴും കുഴി എടുക്കലിന്റെ ഇരകൾ. വർഷങ്ങളോളം തകരാറിലായി കിടക്കും. ഇതൊഴിവാക്കാനാണ് റിയാസ് മോഡൽ സുതാര്യത തദ്ദേശ വകുപ്പിലും എത്തുന്നത്. പോർട്ടൽ വരുമ്പോൾ എല്ലാം സുഗമമാകും. ചെറിയ കുഴി എടുക്കൽ പോലും എല്ലാവരും അറിയും.

അടിയന്തര ജോലികളുടെ അനുമതിക്ക് പോർട്ടലിൽ പ്രത്യേക സൗകര്യമുണ്ട്. ജനങ്ങൾക്കും ഗതാഗതത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന റോഡ് കുഴിക്കൽ തടയാനും തദ്ദേശവകുപ്പ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. വകുപ്പുകൾതമ്മിലെ ഏകോപനമില്ലായ്മയുണ്ടാക്കുന്ന പ്രതിസന്ധി പരിഹരിക്കാനാണ് ഇത്തരമൊരു നടപടി.

പൈപ്പിടലിന് റോഡുകൾ കുഴിക്കുന്നതും പണി തീർക്കുന്നതുമായ സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ സുഗമയിൽ നൽകണം. റോഡ് കുഴിക്കുന്നതെപ്പോൾ, പണിതീർക്കുന്നതെപ്പോൾ, എസ്റ്റിമേറ്റ്, റീ ടാർചെയ്ത് പൂർത്തീകരിച്ച റോഡിന്റെ ബാധ്യതാസമയപരിധി തുടങ്ങിയ വിവരങ്ങളും സുഗമയിൽ ചേർക്കണം. ഇത് രേഖപ്പെടുത്തിയ ബോർഡ് നിർമ്മാണസ്ഥലത്ത് പ്രദർശിപ്പിക്കണമെന്ന് തദ്ദേശവകുപ്പ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

കുഴിക്കുന്ന റോഡുകളുടെ നിർമ്മാണത്തിന് ആവശ്യമായ തുകയുടെ 10 ശതമാനം നേരത്തേ കെട്ടിവെക്കണം. പൈപ്പുപൊട്ടൽ, ചോർച്ച പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ സെക്യൂരിറ്റി നിക്ഷേപം ആവശ്യമില്ല. നന്നാക്കിയ റോഡുകൾക്ക് ഒരുവർഷമാണ് അറ്റകുറ്റപ്പണിക്കുള്ള കരാർ കാലാവധി. പൈപ്പിടുന്ന ജോലികൾ കരാറുകാരുടെമാത്രം ഉത്തരവാദിത്വമാക്കാതെ ജല അഥോറിറ്റി ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കണം. സാധനങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കണം. റോഡുകുഴിക്കാനും നന്നാക്കാനും അളവുൾപ്പെടെയുള്ള മാനദണ്ഡങ്ങളും നിശ്ചയിച്ചു.

തദ്ദേശവകുപ്പ് എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട ശേഷമാണ് ജലഅഥോറിറ്റി ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടത്. സംയുക്ത പരിശോധനയിലൂടെ വേണം അലൈന്മെന്റ് നിശ്ചയിക്കാൻ.