ന്യൂഡൽഹി: ഓരോ നഗര മധ്യത്തിൽ നിന്നും 150 കിലോമീറ്ററിനുള്ളിൽ ഒരു ഓട്ടോമൊബൈൽ സ്‌ക്രാപ്പിങ് സൗകര്യമെങ്കിലും വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ദക്ഷിണേഷ്യൻ മേഖലയുടെ മുഴുവൻ വാഹന സ്‌ക്രാപ്പിങ് ഹബ്ബായി മാറാൻ രാജ്യത്തിന് കഴിയും.

ദേശീയ വാഹന സ്‌ക്രാപ്പേജ് പോളിസി ഇന്ത്യൻ ഗതാഗത, സുസ്ഥിര മേഖലയിലെ ഒരു പ്രധാന സംരംഭമാണെന്നും ഇത് പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങൾ നീക്കം ചെയ്യാനും മലിനീകരണം കുറഞ്ഞ പുതിയ വാഹനങ്ങൾ ഘട്ടം ഘട്ടമായി അവതരിപ്പിക്കാനും സഹായിക്കുമെന്നും ഗഡ്കരി പറഞ്ഞു.

''എല്ലാ നഗര കേന്ദ്രങ്ങളിൽ നിന്നും 150 കിലോമീറ്റർ പരിധിയിൽ ഒരു വാഹന സ്‌ക്രാപ്പിങ് സെന്റർ വികസിപ്പിക്കുകയാണ് ലക്ഷ്യം..'' റോഡ് ഗതാഗത, ഹൈവേ മന്ത്രി പറഞ്ഞു.

എല്ലാ തരത്തിലുമുള്ള നിക്ഷേപകർക്കും സ്‌ക്രാപ്പിങ് സെന്ററുകൾ സ്ഥാപിക്കാൻ അനുവദിക്കുന്ന തരത്തിലാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വാഹന സ്‌ക്രാപ്പിങ് നയം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി.

'സ്‌ക്രാപ്പിങ് സെന്ററുകൾ വികസിപ്പിക്കുന്നതിലൂടെ, ഒരു നഗരത്തിൽ വാഹന സ്‌ക്രാപ്പിങ് യൂണിറ്റുകളുടെ ഒന്നിലധികം അംഗീകൃത കളക്ഷൻ സെന്ററുകൾ വികസിപ്പിക്കാനും കഴിയും, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ നൽകാനും അവർക്ക് അധികാരമുണ്ടാകും,' അദ്ദേഹം പറഞ്ഞു.