കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉമാ തോമസിന്റേത് സഹതാപം ലക്ഷ്യമിട്ടുള്ള സ്ഥാനാർത്ഥിത്വമാണെന്ന എഴുത്തുകാരി ശാരദക്കുട്ടിയുടെ പരാമർശത്തെ വിമർശിച്ച് രാഷ്ട്രീയ നിരീക്ഷക സുധ മേനോൻ.

രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ ഗൂംഗി ഗുഡിയ എന്ന് വിളിക്കപ്പെട്ട ഇന്ദിരാ ഗാന്ധി ഒടുവിൽ പ്രതിപക്ഷ നേതാവിനെക്കൊണ്ട് ദുർഗയെന്ന് വിളിപ്പിച്ചു എന്നായിരുന്നു സുധാമേനോന്റെ മറുപടി. ഉമാ തോമസിന്റെ തെരഞ്ഞെടുപ്പുകൾ അവരുടേതാണെന്നും സുധാമേനോൻ ചൂണ്ടിക്കാട്ടി.

'ഭർത്താവായ പി ടി തോമസ് മരിച്ചതിന് ശേഷം രാഷ്ട്രീയത്തിൽ വന്ന ഒരാൾ അല്ല, ഉമാ തോമസ്. അവർ എപ്പോഴും സജീവ കോൺഗ്രസ് പ്രവർത്തക ആയിരുന്നു. സ്വന്തമായി തൊഴിലോ വരുമാനമോ, സാമ്പത്തികശേഷിയോ ഇല്ലാത്ത പി.ടി. തോമസിന്റെ കൈ പിടിച്ച് വീട് വിട്ടിറങ്ങുമ്പോഴും വിവാഹം കഴിക്കുമ്പോഴും, ജീവിതം തുടങ്ങുമ്പോഴും ഒക്കെ അവർ കോൺഗ്രസ് പ്രവർത്തക തന്നെയായിരുന്നു.

കേരളത്തിലും ഇന്ത്യയിലും ആദ്യമായിട്ടല്ല, പാർട്ടി ഭാരവാഹിത്വം ഇല്ലാത്ത ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഒരു രാഷ്ട്രീയപ്രവർത്തനപരിചയവും സംഘടനാപാരമ്പര്യവും ഇല്ലാത്ത 'പ്രൊഫഷണലുകൾ' വളരെ പെട്ടെന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങി ജയിക്കുന്നതും അതിലേറെ വേഗതയിൽ മന്ത്രിയാകുന്നതും നമ്മൾ കണ്ടിട്ടുണ്ട്,' അവർ പറയുന്നു.

സഹതാപവും കണ്ണുനീരും വേണ്ടപ്പോൾ മാത്രം സ്ത്രീകളുടെ നേതൃപാടവം തിരിച്ചറിയുന്ന ആ നാടകത്തോട് തികഞ്ഞ പുച്ഛം എന്നായിരുന്നു ശാരദക്കുട്ടിയുടെ വിമർശനം. ജയിച്ചാൽ കണ്ണുനീർ ജയിച്ചുവെന്നും തോറ്റാൽ കണ്ണുനീർ തോറ്റു എന്നും സമ്മതിക്കാൻ നേതൃത്വം തയ്യാറാകണമെന്നും അവർ പറഞ്ഞിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലായിരുന്നു അവരുടെ വിമർശനം.

'ഉമാ തോമസ് അത്ര മികച്ച സ്ഥാനാർത്ഥിയാണെങ്കിൽ കോൺഗ്രസ് നേതൃത്വം അവരോടും രാഷ്ട്രീയ കേരളത്തോടും ഇത്ര കാലവും ചെയ്തത് എന്തൊരു ചതിയാണ്. പി ടിയുടെ തുടർച്ചയാണ് ഉമാ തോമസ് എന്നല്ലല്ലോ, പി ടിക്കും മേലയാണ് അവർ എന്നു തെളിയിക്കാൻ കഴിയുമായിരുന്നുവെല്ലോ മുമ്പേ തന്നെ', ശാരദക്കുട്ടി ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.