- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുസ്ലിം അടിമത്തതിന്റെ പ്രതീകം'; കുത്തബ് മിനാർ വിഷ്ണു സ്തംഭം ആക്കണം: ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ; മുപ്പതോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി; രാജ്യതലസ്ഥാനത്തെ അഞ്ചു റോഡുകളുടെ പേരു മാറ്റണമെന്ന് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനോട് ബിജെപി
ന്യൂഡൽഹി: ചരിത്രപ്രസിദ്ധമായ കുത്തബ് മിനാറിന്റെ പേരു മാറ്റണമെന്ന ആവശ്യം ഉയർത്തി വ്യാപക പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. കുത്തബ് മിനാറിന്റെ പേര് 'വിഷ്ണു സ്തംഭം' എന്നാക്കി മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുത്തബ് മിനാറിനു സമീപം തമ്പടിച്ച ഹിന്ദു സംഘടനാ പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ചു.
ഒരു വിഭാഗം പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലിക്കൊണ്ട് കാവി പതാകയും പ്ലക്കാർഡുകളുമേന്തി കുത്തബ് മിനാറിനു സമീപത്തേക്ക് എത്തിയെങ്കിലും പൊലീസ് ഇവരെ തടഞ്ഞു. മുപ്പതോളം ഹിന്ദു സംഘടനാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ജയ് ശ്രീറാം എന്ന് ഉച്ചത്തിൽ വിളിച്ചും ഹനുമാൻ ചാലിസ ചൊല്ലിയുമാണ് പ്രതിഷേധക്കാർ കുത്തബ് മിനാറിനു പുറത്ത് സംഘടിച്ചത്. 'കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭം' എന്നാക്കണമെന്ന് കുറിച്ച പ്ലക്കാർഡുകളും ഇവരുടെ കൈവശമുണ്ടായിരുന്നു.
യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് വർക്കിങ് പ്രസിഡന്റ് ഭഗ്വാൻ ഗോയലിന്റെ നേതൃത്വത്തിലാണ് കുത്തബ് മിനാറിനു പുറത്ത് ഹനുമാൻ ചാലിസ സംഘടിപ്പിച്ചത്. അതിൽ പങ്കെടുക്കാൻ മറ്റു ഹിന്ദു സംഘടനകളോടും ഇവർ ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് ഇന്നു രാവിലെ മുതൽ കുത്തബ് മിനാർ പരിസരത്ത് പൊലീസ് വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്.
''നടുറോഡിലിരുന്ന് പ്രതിഷേധിച്ചാൽ അത് കനത്ത ഗതാഗതക്കുരുക്കിനു കാരണമാകും. ഇത് യാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. അതുകൊണ്ടാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ പിന്നീട് വിട്ടയയ്ക്കും' പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ചരിത്രപ്രസിദ്ധമായ കുത്തബ് മിനാർ യഥാർഥത്തിൽ വിഷ്ണു സ്തംഭമാണെന്ന് ഭഗ്വാൻ ഗോയൽ അവകാശപ്പെട്ടു. വിക്രമാദിത്യ രാജാവാണ് ഇതു പണികഴിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''വിക്രമാദിത്യ മഹാരാജാവാണ് കുത്തബ് മിനാർ പണികഴിപ്പിച്ചത്. പിന്നീട് കുത്തബ്ദ്ദീൻ അയ്ബക് ഇതിന്റെ ക്രെഡിറ്റ് സ്വന്തമാക്കിയതാണ്. കുത്തബ് മിനാർ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് 27 ക്ഷേത്രങ്ങളുണ്ടായിരുന്നു. ഇതെല്ലാം അയ്ബക് നശിപ്പിച്ചു. കുത്തബ് മിനാറിന്റെ ചുറ്റുവട്ടത്ത് ഇപ്പോഴും ഹിന്ദു ദൈവങ്ങളുടെ പ്രതിഷ്ഠകളുള്ളത് ഇതിനു തെളിവാണ്. അതുകൊണ്ടുതന്നെ കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭം എന്നാക്കി മാറ്റണമെന്നാണ് ഞങ്ങളുടെ ആവശ്യം'' ഭഗ്വാൻ ഗോയൽ വ്യക്തമാക്കി.
കുത്തബ് മിനാർ വളപ്പിൽ ഹിന്ദു - ജൈന പ്രതിഷ്ഠകൾ പുനഃസ്ഥാപിക്കണമെന്നും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി നേരത്തേ കോടതി തള്ളിയിരുന്നു. ഒരിക്കൽ സംരക്ഷിത സ്മാരകമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കേന്ദ്രങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്നതു ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
ഇതിനിടെ, തലസ്ഥാന നഗരത്തിൽ മുഗൾ രാജാക്കന്മാരുടെ പേരുകളിൽ അറിയപ്പെടുന്ന പ്രമുഖ കേന്ദ്രങ്ങളായ അക്‌ബർ റോഡ്, ഹുമയൂൺ റോഡ്, ഔറംഗസീബ് ലെയ്ൻ, തുഗ്ലക് ലെയ്ൻ തുടങ്ങിയവയുടെ പേരു മാറ്റണമെന്ന ആവശ്യവുമായി ഡൽഹി ബിജെപിയും രംഗത്തെത്തി.
തുക്ലക് റോഡ്, അക്‌ബർ റോഡ്, ഔറംഗസീബ് ലൈൻ, ഹുമയൂൺ റോഡ്. ഷാജഹാൻ റോഡ് എന്നീ റോഡുകളുടെ പേര് മാറ്റണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇത് സംബന്ധിച്ച് ബിജെപി അധ്യക്ഷൻ അദേശ് ഗുപ്ത ഡൽഹി മുൻസിപ്പൽ കോർപ്പറേഷന് കത്തുനൽകി. മുസ്ലിം അടിമത്തതിന്റെ പ്രതീകങ്ങളാണ് ഈ റോഡുകളെന്ന് ആരോപിച്ചാണ് ബിജെപിയുടെ നീക്കം.
തുക്ലക് റോഡിന് ഗുരുഗോവിന്ദ് സിങ്ങ് മാർഗ് എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. അക്‌ബർ റോഡ് മഹാറാണ പ്രതാപ് റോഡ് എന്നും ഔറംഗസീബ് ലൈനിന് അബ്ദുൾ കലാം ലെയ്ൻ എന്നും പേര് നൽകണം. ഹുമയൂൺ റോഡിന്റെ പേര് മഹർഷി വാൽമീകീ റോഡ് എന്നാക്കണമെന്നും ഷാജഹാൻ റോഡിന് ജനറൽ വിപിൻ റാവത്തിന്റെ പേര് നൽകണമെന്നും ബിജെപി ആവശ്യപ്പെടുന്നു.
ബാബർ ലൈനിന്റെ പേര് മാറ്റി പകരം സ്വാതന്ത്ര്യസമരപോരാളിയായ ഖുദിറാം ബോസിന്റെ പേര് നൽകണമെന്നും ബിജെപി പറയുന്നു. ഈ ആവശ്യം ന്യൂഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ പാനൽ അംഗീകരിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് അക്‌ബർ റോഡിലാണ്. 2014ൽ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ റോഡുകളുടെ പേരുകൾ മാറ്റിയത് വലിയ വിവാദത്തിന് കാരണമായിരുന്നു.
മുഗൾ, കൊളോണിയൽ അടിമത്വത്തിന്റെ പ്രതീകങ്ങൾ തുടച്ചുനീക്കി ദേശീയതയെ പ്രതിനിധാനം ചെയ്യുന്നവ സ്ഥാപിക്കണമെന്നതായിരുന്നു ബിജെപി മുന്നോട്ടുവച്ചത്. നേരത്തെ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ കോണാട്ട് പ്ലേസിന്റെ പേര് രാജീവ് ചൗക്ക് എന്ന് മാറ്റിയിരുന്നു.
2014-ൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം ഇത്തരം പേര് മാറ്റങ്ങൾ വ്യാപകമാണ്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിരവധി ജില്ലകളുടേയും റെയിൽവേ സ്റ്റേഷനുകളുടേയും പ്രധാന റോഡുകളുടേയും പേര് മാറ്റിയിരുന്നു.
ന്യൂസ് ഡെസ്ക്