കൊച്ചി: വേൾഡ് കരാട്ടെ ടൂർണമെന്റിൽ ജൂനിയർ വിഭാഗത്തിൽ മലയാളി വിദ്യാർത്ഥിനി ബിന്ദ്യ ബഷി ഇന്ത്യയെ പ്രതിനിധീകരിക്കും. വേൾഡ് ഒക്കിനാവ ഷോറിൻ - റുയ കരാട്ടെ ഫെഡറേഷനാണ് ഈ പ്ലസ് വൺ വിദ്യാർത്ഥിനിയെ വേൾഡ് ഷോറിൻ - റുയ കരാട്ടെ ചാമ്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുത്തത്. ജൂനിയർ വിഭാഗത്തിൽ ആണ് മത്സരം. ഇന്ത്യയിൽ നിന്ന് രണ്ട് പെൺകുട്ടികൾക്ക്മാത്രമാണ് ഈ അവസരം ലഭ്യമായിരിക്കുന്നത്.

ഒക്കിനാവ ഷോറിൻ - റുയ കരാട്ടെ കൊച്ചി പാതാളത്ത് സംഘടിപ്പിച്ച ബ്ലാക്ക് ബെൽറ്റ് വിതരണ ചടങ്ങിൽ വച്ചാണ് ഈ സന്തോഷവാർത്ത ബിന്ദ്യയെ തേടിയെത്തിയത്. ഓൾ ഇന്ത്യ ചീഫ് ഇൻസ്ട്രക്ടർ വി.എ. നസീർ ആണ് ഈ വിവരം അറിയിച്ചത്. ചടങ്ങിൽ 75 വിദ്യാർത്ഥികൾക്ക് ബ്ലാക്ക് ബെൽറ്റ് ലഭിച്ചു. ഡോ. ജേക്കബ് തോമസ്സിന്റെ (ഐപിഎസ് ) സാന്നിധ്യത്തിൽ ആണ് പരിപാടി നടന്നത്.ഇന്റർനാഷണൽ ജപ്പാനീസ് സർട്ടിഫിക്കറ്റ് ആണ് ബ്ലാക്ക് ബെൽറ്റ് നേടിയവർക്ക് വിതരണം ചെയ്തത്. ചടങ്ങിൽ ബെസ്റ്റ് ബ്ലാക്ക് ബെൽറ്റ് പുരസ്‌കാരവും ബിന്ദ്യ കരസ്ഥമാക്കി.

അഞ്ചാംക്ലാസ് മുതൽ കരാട്ടെയിൽ പരിശീലനം ആരംഭിച്ച ഈ മിടുക്കി രാജഗിരി ഹയർസെക്കൻഡറിസ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. മുത്തശ്ശിയുടെയും വീട്ടുകാരുടെയും ഒപ്പം ഏരിസ് ഗ്രൂപ്പ് സി ഇ ഒ ഡോ. സോഹൻ റോയിയുടെയും പിന്തുണ കൊണ്ടുകൂടിയാണ് മികച്ച നേട്ടങ്ങൾ നേടിയെടുക്കാൻ പ്രേരകമായതെന്ന് ബിന്ദ്യ പറയുന്നു. 'കായികവിദ്യാഭ്യാസം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസം ഉയർത്താൻ സഹായകമാകുന്ന ഒന്നാണ്. ചിട്ടയായ പരിശീലനം ഉണ്ടെങ്കിൽ ഏതു മത്സരങ്ങളെയും നേരിടാൻ സാധിക്കും' അവർ പറഞ്ഞു. ഏറ്റുമാനൂർ ചിറമ്പിൽ വീട്ടിൽ ബബിത മോഹൻന്റെ മകളാണ് ബിന്ദ്യ. ഏരിസ് ഗ്രൂപ്പിന്റെ കൊച്ചി ഓഫീസിൽ സീനിയർ പ്രൊജക്റ്റ് മാനേജരായാണ് ബബിത മോഹൻ ജോലി ചെയ്യുന്നത്.