പാലാ: അയ്യായിരത്തിലേറെ അശരണർക്കും അനാഥർക്കും 100-ൽ പരം സ്ഥാപനങ്ങളിലൂടെ സംരക്ഷണം നൽകിയ ഫാ അബ്രഹാം കൈപ്പൻപ്ലാക്കൽ കാരുണ്യത്തിന്റെ പ്രശോഭിത മുഖമായിരുന്നുവെന്ന് പാലാ രൂപത സഹായമെത്രാൻ ബിഷപ്പ് ജേക്കബ് മുരിക്കൻ പറഞ്ഞു. ഫാ. കൈപ്പൻപ്ലാക്കൽ സാന്ത്വന ഫൗണ്ടേഷൻ സംഘടിപ്പിച്ച ഫാ കൈപ്പൻപ്ലാക്കലിന്റെ എട്ടാമത് ചരമദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. നൂറു വയസ്സു പിന്നിട്ട ധന്യ ജീവിതത്തിലൂടെ ആയിരങ്ങൾക്ക് ആശ്രയം നൽകിയ ഫാ കൈപ്പൻപ്ലാക്കൽ കരുണയുടെ സംസ്‌കാരത്തിന് പ്രചുരപ്രചാരം നൽകിയെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.

അനുസ്മരണ യോഗത്തിൽ ളാലം സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് മദർ ജനറൽ റവ സിസ്റ്റർ പീയുഷ, പാലാ മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു മനു, ഫാ. കൈപ്പൻപ്ലാക്കൽ സാന്ത്വന ഫൗണ്ടേഷൻ സെക്രട്ടറി ഡോ. സെബാസ്റ്റ്യൻ നരിവേലി, ട്രഷറർ ടോമി സിറിയക് ഞാവള്ളിൽതെക്കേൽ, സെബാസ്റ്റ്യൻ വെട്ടിക്കാട്ട് എന്നിവർ പ്രസംഗിച്ചു. മികച്ച അഗതിസംരക്ഷണ സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ ജില്ലയിലെ കരുണാപുരം കാരുണ്യഭവന്, വിജയ് ജോർജ്ജ്, തോട്ടുങ്കൽ ട്രേഡിങ് കമ്പനി, കരിങ്കുന്നം, ഏർപ്പെടുത്തിയ ഇരുപത്തയ്യായിരം രൂപയുടെ ക്യാഷ് അവാർഡും മെമന്റോയും ബിഷപ് മാർ ജേക്കബ് മുരിക്കൻ സമ്മാനിച്ചു.

കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പ്രത്യേക പരിഗണന: മാണി സി കാപ്പൻ

പാലാ: കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പ്രത്യേക പരിഗണന നൽകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ടു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എൽ എ. പാലാ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വിഭാവനം ചെയ്ത രാമപുരം കുടിവെള്ള പദ്ധതി ഇപ്പോൾ നാലു പഞ്ചായത്തുകൾക്കായി ചുരുക്കിയിരിക്കുകയാണ്.

മുൻ മന്ത്രി എൻ എം ജോസഫ് വിഭാവനം ചെയ്ത പദ്ധതിയാണ് നീലൂർ കുടിവെള്ളപദ്ധതി. പിന്നീട് ഇതിന്റെ പേര് രാമപുരം പദ്ധതി എന്നാക്കി മാറ്റിയിരുന്നു. മാണി സി കാപ്പൻ എം എൽ എ ആയതോടെ പദ്ധതി പുനഃജ്ജീവിപ്പിക്കാൻ നടപടിയെടുത്തു. ഇക്കാര്യം ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നപ്പോൾ നീലൂർ പദ്ധതിയുടെ നടപടി എവിടംവരെയായി എന്നു എം എൽ എ ആരാഞ്ഞു. അപ്പോൾ ഉദ്യോഗസ്ഥരാണ് പദ്ധതിയുടെ പേര് രാമപുരം എന്നാക്കി മാറ്റിയ വിവരം എം എൽ എ യെ അറിയിച്ചത്. തുടർന്ന് പദ്ധതിക്കു 13 ഘനയടി ജലമേ ഡാം അതോററ്റി നൽകൂവെന്നതിനാൽ പദ്ധതി പൂർണ്ണമാക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 50 ഘനയടി ജലം ഒഴുക്കിക്കളയുന്ന ഡാം അതോററ്റി ആവശ്യമായ ജലം പദ്ധതിക്കു ലഭ്യമാക്കണമെന്ന് മാണി സി കാപ്പൻ ആവശ്യമുന്നയിക്കുകയും ഇതേത്തുടർന്ന് പരിശോധനകൾക്കും ചർച്ചകൾക്കും ഒടുവിൽ 30 ഘനയടി ജലം പദ്ധതിക്കു ലഭ്യമാക്കാൻ തീരുമാനിക്കുകയായിരുന്നു.

പാലായിലെ ഒൻപത് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സഹായകമായ ഈ പദ്ധതിക്ക് കേന്ദ്ര ജലജീവൻ മിഷൻ പദ്ധതി അംഗീകാരം നൽകുകയും ചെയ്തു. ഇതിനാവശ്യമായ പ്രവർത്തനങ്ങൾ ധൃതഗതിയിൽ നീങ്ങുമ്പോളാണ് പദ്ധതിയിൽ നാലു പഞ്ചായത്തായി ചുരുക്കിയതെന്നും എം എൽ എ കുറ്റപ്പെടുത്തി.