ഇന്ത്യാന: ലോഡർ കൗണ്ടി ജയിലിൽനിന്നു കൊടുംകുറ്റവാളിയായ കേയസി വൈറ്റിനെ രക്ഷപ്പെടുത്തി ഒപ്പം ഒളിച്ചോടിയ ജയിൽ ഡിറ്റൻഷൻ ഓഫീസർ വിക്കി വൈറ്റ് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി.

തിങ്കളാഴ്ച വൈകീട്ട് ഇന്ത്യാന ഇവാൻസ് വില്ലിയിൽനിന്നും ഇരുവരെയും പിടികൂടിയതോടെയാണ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ആ പ്രണയത്തിന് ദുരന്ത പര്യവസാനമുണ്ടായത്.

പന്ത്രണ്ട് ദിവസത്തോളമായി ഇവർക്കു പിന്നാലെ അന്വേഷണവുമായി മുന്നേറിയ പൊലീസ് കണ്ടുപിടിച്ചതിനെ തുടർന്നാണ്, സ്വയം നിറയൊഴിച്ച് വിക്കി വൈറ്റ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നിരവധി കേസുകളിൽ പ്രതിയായ 38-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയെ രണ്ടാഴ്ചയോളമായി ഇളക്കിമറിച്ച സംഭവങ്ങളിലാണ് ഈ ക്ലൈമാക്സ്.

ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ ദീർഘദൂരം പിന്തുടർന്നാണ് പൊലീസ് പിടികൂടാൻ ശ്രമിച്ചത്. പൊലീസിൽനിന്നു രക്ഷപ്പെടുന്നതിനുള്ള ശ്രമത്തിൽ അതിവേഗത്തിൽ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു. പൊലീസിന് തോക്ക് ഉപയോഗിക്കേണ്ടി വന്നില്ല.

വാഹനം അപകടത്തിൽപ്പെട്ടതോടെ വിക്കിവൈറ്റ് സ്വയം നിറയൊഴിക്കുകയായിരുന്നു. പൊലീസ് വിക്കി വൈറ്റിനെയും കേയസി വൈറ്റിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിക്കി മരണത്തിന് കീഴടങ്ങി.

ഇവരെ കണ്ടെത്തുന്നതിന് 25,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. കേയസി വൈറ്റിനെ ഞായറാഴ്ച ഇന്ത്യാന ഇവാൻസ് വില്ലയിലെ ഒരു കാർവാഷിൽ കണ്ടെത്തിയതായി ക്യാമറ ദൃശ്യങ്ങളിൽ നിന്നും പൊലീസ് മനസ്സിലാക്കി. പിന്നെ ഇവിടം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്.

നിരവധി കേസുകളിൽ 75 വർഷം തടവുശിക്ഷ അനുഭവിച്ചുവന്നിരുന്ന കെയസി വൈറ്റിനെ വളരെ തന്ത്രപൂർവമാണ് ഡിറ്റൻഷൻ സെന്ററിൽനിന്നു വിക്കിവൈറ്റ് കടത്തിക്കൊണ്ടുപോയത്. ഇരുവരും രണ്ടുവർഷത്തെ ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ഏപ്രിൽ 29-നാണ് അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ലോഡർഡെയിൽ ഡിറ്റഷൻ സെന്ററിൽ തടവിൽ കഴിയുകയായിരുന്ന കെയ്‌സി വൈറ്റ് എന്ന കൊടും കുറ്റവാളി രക്ഷപ്പെട്ടത്. കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിക്കൊപ്പം ജയിലിലെ ഉന്നത ഉദ്യോഗസ്ഥയായ 58-കാരി വിക്കി വൈറ്റിനെയും കാണാതായിരുന്നു.

കോടതിയിൽ മനോരോഗ പരിശോധനയ്ക്ക് കൊണ്ടുപോവുന്നു എന്നു പറഞ്ഞാണ് ഔദ്യോഗിക വാഹനത്തിൽ ഉദ്യോഗസ്ഥ കെയ്‌സി വെറ്റിനെ കൊണ്ടുപോയത്. കൊടും കുറ്റവാളികളെ കൊണ്ടുപോവുമ്പോൾ രണ്ട് ഉദ്യോഗസ്ഥർ കൂടെ പോവണമെന്നാണ് നിയമം. എന്നാൽ, ഉദ്യോഗസ്ഥ ഇയാളെ തനിച്ചാണ് കൊണ്ടുപോയത്. വൈകുന്നേരമായിട്ടും കുറ്റവാളിയെ ജയിലിൽ എത്തിക്കാത്തതിനെ തുടർന്നാണ് അന്വേഷണം നടന്നത്. അന്വേഷണത്തിൽ ഉദ്യോഗസ്ഥയെയും കാണാനില്ലെന്ന് കണ്ടെത്തി. കെയ്‌സി വൈറ്റിനെ കൊണ്ടുപോയ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ പിന്നീട് കണ്ടെത്തി.

ഇതു സംബന്ധിച്ച് അനേകം അഭ്യൂഹങ്ങൾ പറന്നിരുന്നു. മികച്ച സേവനത്തിന് അനേകം അവാർഡുകൾ നേടിയ, ജയിലിലെ കറക്ഷൻസ് ഡയരക്ടർ ആയ വിക്കി വൈറ്റ് വിരമിക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമാണ് കുറ്റവാളിക്കൊപ്പം സ്ഥലം വിട്ടത്. ഇവർ കുറ്റവാളിയുമായി പ്രണയത്തിലായിരുന്നുവെന്ന് ആദ്യം അഭ്യൂഹം ഉണ്ടായിരുന്നു.

ഡിപ്പാർട്ട്മെന്റിന്റെ വിശ്വസ്ഥയായിരുന്ന ഈ ഉദ്യോഗസ്ഥയിൽനിന്നും അത്തരമൊരു പ്രവൃത്തി ഉണ്ടാവാനിടയില്ല എന്നായിരുന്നു ജയിൽ വകുപ്പ് ഉന്നതരുടെ പ്രാഥമിക റിപ്പോർട്ട്. എന്നാൽ, പിന്നീട്, ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ സൂചനകൾ ലഭിച്ചു. 38-കാരനായ കുറ്റവാളിയുമായി 58-കാരിയായ ഉദ്യോഗസ്ഥ പ്രണയത്തിലാണെന്നാണ് ഇപ്പോൾ അന്വേഷക സംഘം എത്തിപ്പെട്ട നിഗമനം.

ഇരുവരെയും കാണാതായത് വെള്ളിയാഴ്ചയാണ്. അന്ന് വിക്കിയുടെ ജോലിസ്ഥലത്തെ അവസാനത്തെ ദിവസമായിരുന്നു. അടുത്തിടെയാണ് വിക്കി തന്റെ വീട് വിറ്റത്. ബീച്ചിൽ കൂടുതൽ സമയം ചെലവഴിക്കാനാഗ്രഹിക്കുന്നതിനാലാണ് വീട് വിറ്റത് എന്നാണ് ഇവർ സഹപ്രവർത്തകരോട് പറഞ്ഞത്. ഇരുവരും തമ്മിൽ പ്രത്യേക ബന്ധം ഉണ്ടായിരുന്നതായി മറ്റ് അന്തേവാസികൾ വിവരം നൽകിയതായി പിന്നീട് കേസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

സംഭവം നടന്നതിനു പിന്നാലെ പൊലീസ് രാജ്യമാകെ തെരച്ചിൽ സജീവമാക്കിയിരുന്നു. എന്നാൽ, ഇവരെക്കുറിച്ച് കാര്യമായ വിവരം ലഭിച്ചിരുന്നില്ല. തൊട്ടുപിന്നാലെയാണ്, ഇവരെ ഇന്ത്യാനയിൽ കണ്ടതായി വിവരം ലഭിച്ചത്. തുടർന്ന് ഇവർക്കു വേണ്ടി വൻ തിരച്ചിൽ നടന്നു. അതിനിടയിലാണ് ഇവരെ കണ്ടെത്തിയത്. പൊലീസ് വാഹനവുമായുള്ള മൽസരപ്പാച്ചിലിനിടെ ഇവരുടെ കാർ ഇടിച്ചു തകർന്നതായി പൊലീസ് പറഞ്ഞു.

തുടർന്ന് ഇരുവരെയും പൊലീസ് പിടികൂടി. ഇതിനിടയിലാണ്, ഉദ്യോഗസ്ഥ സ്വയം നിറയൈാഴിച്ച് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊടും കുറ്റവാളിയായ കേസി വൈറ്റ് രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പൊലീസ് പിടികൂടി. ഇയാൾ ഇനി പുറംലോകം കാണില്ലെന്ന് ഷെറീഫിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.