ഭോപ്പാൽ: വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഒൻപതുവയസുകാരിയെ അകന്ന ബന്ധു ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി. 24 കാരനായ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് അമൻ സിങ് റാത്തോഡ് പറഞ്ഞു. മധ്യപ്രദേശിലെ ധാതിയ ജില്ലയിലാണ് സംഭവം.

തിലേത ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം ഉണ്ടായത്. ഗ്രാമത്തിലെ ഒരു കനാലിന് സമീപം കുറ്റിച്ചെടികൾക്കിടയിൽ പെൺകുട്ടിയുടെ മൃതദേഹം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി.

അന്വേഷണത്തിനിടെ പെൺകുട്ടിക്കൊപ്പം ഉറങ്ങുകയായിരുന്ന തന്നെ തട്ടിക്കൊണ്ടുപോകാൻ ബന്ധുവായ യുവാവ് ശ്രമിച്ചിരുന്നതായി മറ്റൊരു പെൺകുട്ടിയും പൊലീസിൽ മൊഴി നൽകി. ഇയാളിൽ നിന്ന് രക്ഷപ്പെടാൻ അമ്മയുടെ അടുത്തേക്ക് ഓടിപ്പോയതായും തിരിച്ചെത്തിയപ്പോഴെക്കും തനിക്കൊപ്പം കിടന്നിരുന്ന ഒൻപതുവയസുകാരിയെ കാണാതായെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അകന്ന ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചാതായയും പെൺകുട്ടി വിവരം പുറത്തുപറയാതിരിക്കാനാണ് കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.