ഇരിട്ടി: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടി അയ്യങ്കുന്ന് ചരളിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു. കുറ്റിക്കാട്ട് തങ്കച്ചനാ(48)ണ് വെടിയേറ്റത്.

എയർ ഗൺ കൊണ്ട് നെഞ്ചിനു വെടിയേറ്റ തങ്കച്ചൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ തങ്കച്ചന്റെ അയൽവാസിയായ കൂറ്റനാൽ സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ കുറെക്കാലമായി അയൽവാസികളായ ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നു ഇതിന്റെ തുടർച്ചയായുണ്ടായ വൈരാഗ്യത്തെ തുടർന്നാണ് സണ്ണി തങ്കച്ചനെ വെടിവെച്ചതെന്ന് പറയുന്നു. വന്യമൃഗങ്ങളെ തുരത്താൻ ഉപയോഗിക്കുന്ന എയർ ഗൺ ഉപയോഗിച്ചാണ് വെടിവെച്ചത്.തലയ്ക്ക് കൊണ്ടാൽ മരണം വരെ സംഭവിക്കാവുന്നതാണിത്.പൊലിസ് എയർഗൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.