- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടിയൂർ ഉത്സവത്തിന് നീരെഴുന്നെള്ളത്തോടെ ഭക്തിനിർഭരമായ തുടക്കം; മുഖ്യചടങ്ങുകൾ 15 ന് നെയ്യാട്ടത്തോടെ

കൊട്ടിയൂർ: ദക്ഷിണകാശിയെന്നു അറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ചൊവ്വാഴ്‌ച്ച ടന്ന നീരെഴുന്നള്ളത്തോടെ തുടക്കമായി. ഉത്സവത്തിന് മുന്നോടിയായി അക്കരെ സന്നിധിയിൽ നടക്കുന്ന ആദ്യ ചടങ്ങാണ് നീരെഴുന്നള്ളത്ത്. ഇന്ന് രാവിലെ ഇക്കരെ സന്നിധിയിൽ നടന്ന തണ്ണീർകുടി ചടങ്ങിന് ശേഷം പടിഞ്ഞീറ്റ നമ്പൂതിരിപ്പാടിന്റേയും സമുദായി ഭട്ടതിരിപ്പാടിന്റേയും നേതൃത്വത്തിൽ പുറപ്പെട്ട സംഘം മന്ദംചേരി കൂവപ്പാടത്തെത്തി. ഇവിടെ നിന്നും കൂവയില പറിച്ചെടുത്ത് ഒറ്റപ്പിലാൻ, ജന്മാശാരി, പുറംകലയൻ എന്നിവർ കൂവയിലയിൽ ശേഖരിച്ച ബാവലി തീർത്ഥവുമായി അക്കരെ മണിത്തറയിലെത്തി സ്വയംഭൂവിൽ അഭിഷേകം ചെയ്തു.
ഇതോടെ പടിഞ്ഞീറ്റ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘവും അക്കരെ എത്തി സ്വയംഭൂവിൽ തീർത്ഥം അഭിഷേകം ചെയ്തു. തുടർന്ന് തിടപ്പള്ളി അടുപ്പിൽ നിന്നും ഭസ്മമെടുത്ത്ശ രീരത്തിൽ പൂശിയ ശേഷം സംഘം പടിഞ്ഞാറേ നടവഴി ഇക്കരെ കടന്നു. രാത്രി ആയില്യാർ കാവിലും പൂജ നടന്നു. അക്കരെ സന്നിധിയിൽ ഉത്സവകാലത്ത് ഒരുക്കുന്ന കയ്യാലകളുടെ ജോലികളും ആരംഭിച്ചു. അക്കരെ സന്നിധിയിൽ ഇത്തവണ നാൽപ്പതിലേറെ കയ്യാലകളാണ് തയ്യാറാക്കുക. അക്കരെ സന്നിധിയിലേക്ക് ബാവലയിൽ നിന്നും വെള്ളം ഒഴുക്കുന്നതിനായി നിർമ്മിക്കുന്ന ബാവലിക്കെട്ടിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.
15ന് നടക്കുന്ന നെയ്യാട്ടോടെയാണ് ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളും കർമ്മങ്ങളും ആരംഭിക്കുക. 16 ന് മണത്തണ കരിമ്പന ഗോപുരത്തിൽ നിന്നും ആരംഭിക്കുന്ന ഭണ്ഡാരം എഴുന്നള്ളത്ത് അർദ്ധരാത്രിയോടെ അക്കരെ സന്നിധിയിൽ എത്തിച്ചേരും ഇതിന് ശേഷമേ സ്ത്രീകൾക്ക് അക്കരെ സന്നിധിയിൽ പ്രവേശിക്കാനുള്ള അനുവാദമുള്ളൂ..


