ന്യൂഡൽഹി: നിയമം പുനഃപരിശോധിക്കുന്നതിൽ തീരുമാനം ഉണ്ടാകും വരെ രാജ്യദ്രോഹ നിയമം പ്രയോഗിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചൂകൂടേയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. നിയമം പുനഃപരിശോധിക്കപ്പെടുന്നതു വരെ നിലവിൽ രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസുകളിലെ നടപടികൾ നിർത്തിവയ്ക്കാൻ കേന്ദ്രം തയാറാണോയെന്ന് ബുധനാഴ്ച അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

നിലവിൽ രാജ്യദ്രോഹക്കേസുകളിൽ നടപടി നേരിടുന്നവർക്കു സംരക്ഷണം നൽകുന്നതിലും ഭാവിയിൽ കേസുകൾ എടുക്കുന്നതിലും എന്താണു നിലപാടെന്നു സർക്കാർ വ്യക്തമാക്കണമെന്നു ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യദ്രോഹ നിമയത്തിനെതിരായ ഹർജികൾ പരിഗണിക്കുന്നതു കോടതി ബുധനാഴ്ചത്തേക്കു മാറ്റി. പുനഃപരിശോധനയ്ക്കു കൂടുതൽ സമയം ആവശ്യപ്പെട്ട കേന്ദ്ര നിലപാടിനെ കോടതി ചോദ്യം ചെയ്തു.

'നിയമം പുനഃപരിശോധിക്കാമെന്ന് കേന്ദ്രം പറയുമ്പോൾ അതിന് തടസ്സം നിൽക്കുന്നത് യുക്തിപരമല്ല. പ്രധാനമന്ത്രി തന്നെ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പക്ഷേ പുനഃപരിശോധനയ്ക്ക് എത്ര സമയം നൽകണമെന്ന് തീരുമാനിക്കേണ്ടതുണ്ട്. മാസങ്ങളോളം ഒരാൾക്ക് ജയിലിൽ കഴിയാൻ സാധിക്കുമോ? നിങ്ങളുടെ സത്യവാങ്മൂലം പൗരാവകാശങ്ങൾ പറയുന്നു. ആ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കും?' ചിഫ് ജസ്റ്റിസ് ചോദിച്ചു.

രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുന്നതായി അറ്റോർണി ജനറൽ തന്നെ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ബുധനാഴ്ച രാവിലെ ഇക്കാര്യത്തിൽ കേന്ദ്രം നിലപാട് അറിയിക്കും. രാജ്യദ്രോഹ നിയമത്തിലെ 124 എ വകുപ്പിലെ ചില വ്യവസ്ഥകൾ പുനഃപരിശോധിക്കുമെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ ഇത് എത്രനാൾക്കകം പൂർത്തിയാകുമെന്നതിന് കൃത്യമായ മറുപടി കേന്ദ്രം നൽകിയില്ല. ഇതോടെയാണ് നിയമം പുനഃപരിശോധിക്കും വരെ 124 എ ഇല്ലാതാക്കിക്കൂടെയെന്ന് കോടതി ചോദിച്ചത്.

വിവിധ സംസ്ഥാന സർക്കാരുകളോട് നിയമം പുനഃപരിശോധിക്കുന്നത് വരെ 124 എ പ്രകാരം കേസിന്റെ നടത്തിപ്പിനുള്ള മാർഗരേഖ പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിന് കഴിയില്ലേയെന്നും കോടതി ആരാഞ്ഞു.രാജ്യദ്രോഹ നിയമത്തിന്റെ തെറ്റായ ഉപയോഗത്തെക്കുറിച്ച് സുപ്രീംകോടതി ബെഞ്ച് ആശങ്ക അറിയിച്ചിരുന്നു.

ഹനുമാൻ ചാലീസ ജപിച്ചതിന് വരെ രാജ്യദ്രോഹ നിയമം പ്രയോഗിച്ചത് എജി ചൂണ്ടിക്കാട്ടിയിരുന്നതായി ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞിരുന്നു. രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാൻ തയ്യാറാണെന്നും എന്നാൽ അതിലെ ഭരണഘടനാ സാധുത പരിശോധിക്കുന്നത് കോടതി ഒഴിവാക്കണമെന്നും കേന്ദ്രസർക്കാർ ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാൻ തയാറാണെന്ന് കേന്ദ്ര സർക്കാർ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ വകുപ്പിന്റെ ഭരണഘടനാസാധുത കോടതി പരിശോധിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചിരുന്നു.

എത്രകാലത്തിനുള്ളിൽ പുനഃപരിശോധന പൂർത്തിയാകുമെന്ന് കോടതിയുടെ ചോദ്യത്തിന് കേന്ദ്രം കൃത്യമായ മറുപടി നൽകിയില്ല. ഇതോടെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്താൻ അധികാരം നൽകുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124എ വകുപ്പ് താൽക്കാലികമായി ഇല്ലാതാക്കിക്കൂടേ എന്ന് കോടതി ചോദിച്ചത്.

എല്ലാ സംസ്ഥാനങ്ങൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകാൻ കേന്ദ്ര സർക്കാരിന് കഴിയില്ലേയെന്ന് കോടതി ആരാഞ്ഞു. രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുന്നുവെന്ന ആശങ്ക പലർക്കുമുണ്ട്. ഹനുമാൻ ചാലീസ ചൊല്ലുന്നവർക്ക് എതിരേപോലും ഈ വകുപ്പ് ഉപയോഗിക്കുന്നു എന്ന ആശങ്ക അറ്റോർണി ജനറൽ തന്നെ പങ്കുവച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങളാണ് 124 എ വകുപ്പ് ചുമത്തുന്നതെന്ന് സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് കോടതി മരവിപ്പിക്കരുതെന്ന് സോളിസിസ്റ്റർ ജനറൽ ആവശ്യപ്പെട്ടു. കൊളോണിയൽ കാലത്തെ കാലഹരണപ്പെട്ട നിയമങ്ങൾ സ്വാതന്ത്ര്യത്തതിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഉപേക്ഷിക്കണമെന്ന നിലപാടാണ് പ്രധാനമന്തിക്കുള്ളതെന്ന് ചീഫ് ജസ്റ്റിസ് എൻ. വി. രമണ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ ഫയൽചെയ്ത സത്യവാങ്മൂലം ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം.