കണ്ണൂർ: പാചകവാതക വില വർദ്ധിപ്പിച്ചും, ഇന്ധന വിലവർദ്ധനവ് വരുത്തിയും കേന്ദ്രസർക്കാർ പാവപ്പെട്ടവന്റെ കഞ്ഞികുടി മുട്ടിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്. പാചകവാതകത്തിന്റെ വില കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വിറക് വിതരണ സമരം തെക്കിബസാറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വശത്ത് കേന്ദ്രസർക്കാർ ഇന്ധനവില വർദ്ധനവിലൂടെ പാവപ്പെട്ടവരെ ജീവിക്കാൻ അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്നു. കേരളത്തിലാകട്ടെ ജലപാതയുടെയും കെ- റയിലിന്റെയും പേരിൽ പാവപ്പെട്ടവന്റെ കിടപ്പാടം പിടിച്ചെടുത്ത് തെരുവിലിറക്കുന്നു.ഒരുതരത്തിലും ജീവിക്കാൻ അനുവദിക്കാൻ പാടില്ലെന്ന നിലപാടുകളുമായാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുന്നോട്ട് പോകുന്നതെന്നും ഇതിനെതിരെ ശക്തമായ സമരവുമായി കോൺഗ്രസും യുവജന പ്രസ്ഥാനങ്ങളും തെരുവിലറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കഞ്ഞികുടി മുട്ടിക്കുന്ന ഗ്യാസ് സിലിണ്ടർ വിലവർധനവിന് എതിരെ വിറക് വിതരണ സമരം നടത്തിയത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന സെക്രട്ടറി സന്ദീപ് പണപ്പുഴ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റോബർട്ട് വെള്ളാംവെള്ളി, രാഹുൽ ദാമോദരൻ, റിജിൻ രാജ് ഉരര ജനറൽ സെക്രട്ടറി കെസി മുഹമ്മദ് ഫൈസൽ,സുരേഷ് ബാബു എളയാവൂർ, എംപി രാജേഷ്, ജില്ലാ ഭാരവാഹികൾ പ്രിനിൽ മതുക്കോത്ത്, ഷാജു കണ്ടബേത്ത്, ദിലീപ് മാത്യു,സുധീഷ് വെള്ളച്ചാൽ,മുഹ്സിൽ കീഴ്‌ത്തള്ളി,അക്ഷയ് കോവിലകം, ജിതേഷ് മണൽ, യഹിയ പള്ളിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.