കണ്ണൂർ: തളിപ്പറമ്പിൽ മുസ്ലിം ലീഗ് നേതാക്കളെ കാർ തടഞ്ഞുനിർത്തി അക്രമിച്ചു നാലുപേരെ പരുക്കേൽപ്പിച്ച സംഭവത്തിൽ ആറ് എസ്.ഡി.പി. ഐ പ്രവർത്തകർ അറസ്റ്റിൽ.

തളിപ്പറമ്പിലെ പഴയപുരയിൽ കണ്ടൻ പി.കെ മുഹമ്മദ് ഷബീബ്(22) പരിയാരം ഇരിങ്ങലിലെ മുഹമ്മദ് മുസ്തഫ(22) പരിയാരത്തെ പണിക്കരകത്ത്് ഷാജഹാൻ(22) ഏര്യം പാണപ്പുഴയിലെ കായക്കൂൽ വീട്ടിൽ മുഹമ്മദ് ഷഫീഖ്(22)ആലക്കോട് ഫാറൂഖ് നഗറിലെ കീരാന്റകത്ത് ഹൗസിൽ കെ.റഷീദ്(22) ഏര്യം കണ്ണങ്കൈയിലെ മഠത്തിൽ വീട്ടിൽ മുഹമ്മദ് ഫഹദ്(22) എന്നിവരെയാണ് തളിപ്പറമ്പ് പൊലിസ് അറസ്റ്റു ചെയ്തത്.

മുസ്ലിം ലീഗ് ഏരിയാ ട്രഷറർ എൻ.പി അബൂബക്കർ(55) വൈസ് പ്രസിഡന്റ് എൻ.പി അബ്ദുള്ള(50) അബ്ദുൾ റസാഖ്(45) ഷംസീർ(27) എന്നിവരെയാണ് മർദ്ദിച്ചത്. ഇവർ സഞ്ചരിച്ച കാറിന്റെ ചില്ലുകളും അടിച്ചു തകർത്തു. ഞായറാഴ്‌ച്ച രാത്രി എട്ടുമണിയോടെ ചപ്പാരപ്പടവ് ചെമ്മിണിച്ചൂട്ട റോഡിലായിരുന്നു അക്രമം. തളിപ്പറമ്പിൽ നിന്നും രണ്ടു ബൈക്കുകളിലായി പിന്തുടർന്നുവന്നാണ് എസ്.ഡി.പി. ഐ സംഘം കാർ തടഞ്ഞുനിർത്തി അക്രമം നടത്തിയതെന്നാണ് പരാതി.

ഞായാറാഴ്‌ച്ച ഉച്ചയോടെയാണ് സംഭവം. കണ്ണങ്കൈ ഫുട്ബോൾ ഗ്രൗണ്ടിന് സമീപം ഒരു സംഘം യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത യൂത്ത് ലഗ് പ്രവർത്തകൻ അനസിന്(20) മർദ്ദനമേറ്റിരുന്നു. തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനസിനെ സന്ദർശിച്ചു മടങ്ങവെയാണ് കാർ തടഞ്ഞു നിർത്തി ലീഗ് നേതാക്കളെയുംമർദ്ദിച്ചത്. സംഭവത്തിൽ പ്രതികളായ നാല് എസ്. ഡി. പി. ഐ പ്രവർത്തകരെ പൊലിസ് പിടികൂടിയിട്ടുണ്ട്. അനീസ്, സെയിഫുദ്ദീൻ, അബ്ദുള്ള, നിഷാദ് എന്നിവരെയാണ് അറസ്റ്റു ചെയതത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇവരെ അക്രമിച്ചതിന് അനസ് ഉൾപ്പെടെയുള്ള ലീഗ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.