സൂര്യൻ അടങ്ങുന്ന നക്ഷത്രസമൂഹത്തിന് അപ്പുറമുള്ള നക്ഷത്രങ്ങളേയും അവയുടെ ഗ്രഹങ്ങളേയും കുറിച്ച് ഇന്ന് നമുക്കറിയാം. ഒരു ഡോക്ടറുടെ സ്പർശനമില്ലാതെ തന്നെ ശസ്ത്രക്രിയ പോലും നടത്താൻ പാകത്തിൽ റോബോട്ടിക്സ്-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകൾ വികസിച്ചു കഴിഞ്ഞിരിക്കുന്നു. ആധുനിക ശാസ്ത്രം അനുദിനം പുതിയ നാഴികക്കല്ലുകൾ താണ്ടി മുൻപോട്ട് കുതിക്കുകയാണ്. അപ്പോഴും ചില മനുഷ്യർ കാലത്തിനൊത്തു നീങ്ങാതെ കടുത്ത അന്ധവിശ്വാസങ്ങളിൽ കുടുങ്ങി ജീവിതം പാഴാക്കുകയാണ്.

അത്തരക്കാരെ വഴി തെറ്റിക്കുന്ന നിരവധി വ്യാജ സിദ്ധന്മാരേയും ആത്മീയ നേതാക്കളേയുമൊക്കെ നാം ഒരുപാട് കണ്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും അവസാനമായി പൊലീസ് പിടിയിലാവുന്ന ഒരു ആത്മീയ ഗുരുവാണ് തായ്ലാൻഡിലെ താവീ നാന്റ എന്ന 75 കാരൻ. കൊടുങ്കാട്ടിനകത്തെ ആത്മീയ ഗുരുവിന്റെ ആശ്രമത്തിലെത്തിയ പൊലീസ് കണ്ടത് കേടാകാതെ ഫോർമാൽഡിഹൈഡിൽ സൂക്ഷിച്ചിരിക്കുന്ന 11 മനുഷ്യ മൃതദേഹങ്ങളാണ്. അതിൽ ഒരു അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങളും ഉൾപ്പെടുന്നു.

ലോകത്തിലെ എല്ലാ മതങ്ങളുടെയും പിതാവ് എന്നാണ് നാന്റ തന്റെ അനുയായികൾക്കിടയിൽ അറിയപ്പെടുന്നത്. മൃതദേഹങ്ങൾ ദഹിപ്പിക്കുകയോ മറവു ചെയ്യുകയോ ചെയ്യാതെ സൂക്ഷിക്കുന്നത് സ്വർഗ്ഗ സന്ദർശനത്തിനു പോയ ആത്മാക്കൾ തിരിച്ചെത്തുമ്പോൾ അവർക്ക് വാസഗൃഹമാക്കുവാനാണത്രെ. പുണ്യം നേടിയെത്തുന്ന ആത്മാക്കളെ കാത്തിരിക്കുന്ന മൃതദേഹങ്ങൾ പുണ്യവസ്തുക്കളാണത്രെ. അതിനാലാണ് അവയെ ആരാധിക്കുന്നത്.

ശവാരാധനയ്ക്ക് ശേഷം ഗുരു തന്റെ ഭക്തർക്ക് പ്രസാദമായി നൽകുന്നത് തന്റെ മൂത്രവും, കഫവും മൂക്കിളയുമാണ്. ലോകത്തിലെ സകല രോഗങ്ങളേയും അകറ്റാനുള്ള ശക്തി ഗുരുവിന്റെ ശരീരസ്രവങ്ങൾക്ക് ഉണ്ടത്രെ. മാത്രമല്ല, തങ്ങളുടെ പാപങ്ങളൊക്കെയും നശിപ്പിച്ച് സ്വർഗ്ഗരാജ്യത്തിലേക്ക് തങ്ങളെ ആനയിക്കാനുള്ള ശക്തിയും ഗുരുവിന്റെ വിസർജ്ജ്യങ്ങൾക്ക് ഉണ്ടത്രെ! പൊലീസ് റെയ്ഡിനെത്തുമ്പോൾ ഇരുപതിലധികം അനുയായികൾ ഗുരുവിനൊപ്പം ആശ്രമത്തിലുണ്ടായിരുന്നു.

പതിവുപോലെ ഭക്തി മൂത്ത അനുയായികൾ തങ്ങളുടെ ഗുരുവിനെ പിടികൂടാൻ വന്ന പൊലീസിനു നേരെ തിരിഞ്ഞു. എല്ലാ മതങ്ങളുടെയും പിതാവാണ് തങ്ങളുടെ ഗുരു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ അവർ ഗുരുവിന്റെ വിസർജ്ജ്യങ്ങളുടെ മാഹാത്മ്യവും പൊലീസുകാരോട് വിളമ്പി. ആത്മീയവിചാരം തീരെയില്ലാത്ത പൊലീസുകാർ അത് ഗൗനിക്കാതിരുന്നപ്പോൾ നിയമത്തിന്റെ വഴിയിലൂടെയായി അനുയായികളും. തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ തങ്ങുന്നതെന്നും ആരും നിർബന്ധിച്ചിട്ടല്ലെന്നും അവർ പറഞ്ഞു.

മരണമടഞ്ഞവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് അവരുടെ ബന്ധുക്കളുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നും അവർ വാദിച്ചു. നിയമവാദങ്ങളും പരാജയപ്പെട്ടപ്പോൾ പിന്നെ പൊലീസിനെ കായികമായി തടയാൻ തന്നെ അനുയായികൾ തയ്യാറായി. ചെറിയ ബലപ്രയോഗത്തിലൂടെ അവരെ കീഴടക്കി പൊലീസ് ഗുരുവിനെയും പൊക്കി സ്റ്റേഷനിലെത്തി.

അധികമാരും കടന്നു ചെല്ലാൻ മടിക്കുന്ന കൊടുങ്കാട്ടിനുള്ളിലായിരുന്നു ഇയാളുടെ ആശ്രമം. ഇയാളും അനുയായികളും കഴിഞ്ഞ നാലു വർഷക്കാലത്തിലേറെയായി ഇവിടെയുണ്ടായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുവരെ ആർക്കും അറിയാതെ അതീവ രഹസ്യമായായിരുന്നു ഗുരുവും ശിഷ്യന്മാരും അവിടെ കഴിഞ്ഞിരുന്നത്. ഗുരുവിന്റെ അനുയായി ആയ ഒരു സ്ത്രീയുടെ മകൾ, ഇതേക്കുറിച്ച് ഒരു സോഷ്യൽ മീഡിയാ അക്റ്റിവിസ്റ്റിനെ അറിയിച്ചതോടെയാണ് കാര്യങ്ങൾ പുറത്തുവരുന്നത്.

ആശ്രമത്തിൽ നിന്നും തന്റെ 80 കാരിയായ അമ്മയെ പുറത്തിറങ്ങാൻ അനുവദിക്കാതെ തടഞ്ഞു വച്ചിരിക്കുകയാണെന്നും ഇവർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഒരിക്കൽ താൻ അമ്മയെ സന്ദർശിക്കാൻ ആശ്രമത്തിൽ പോയ വിവരവും ഈ സ്ത്രീ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്. മുട്ടിനു മേൽ മാത്രം നീളമുള്ള ഒറ്റമുണ്ട് മാത്രമാണത്രെ സ്ത്രീകളുടെ വേഷം. പുർഷന്മാർക്ക് ട്രൗസറും. എന്നാൽ പാദരക്ഷകൾ ആശ്രമ പരിസരത്ത് അനുവദനീയമല്ല.

എന്നാൽ, തന്നെ ഞെട്ടിച്ച കാര്യം, താൻ ചെല്ലുമ്പോൾ തന്റെ അമ്മ ഗുരുവിന്റെ മൂക്കിള കൈകളിൽ വാങ്ങി സ്വന്തം മുഖത്ത് തേയ്ക്കുകയായിരുന്നു എന്നതാണെന്ന് അവർ പറയുന്നു. അതിനെ കുറിച്ച് ദേഷ്യപ്പെട്ടപ്പോൾ അതീവ ഔഷധ മൂല്യമുള്ളതാണ് അതെന്നായിരുന്നു അമ്മയുടെ മറുപടി. അതിനൊപ്പം ഗുരുവിന്റെ കാലിലെ വ്രണത്തിൽ ഊറിക്കൂടി ഉണങ്ങിയ സ്രവം അടർത്തിയെടുത്ത് ഭക്ഷിക്കുകയും ചെയ്തുവത്രെ. താൻ അവിടെ പതിനൊന്നോളം മൃതദേഹങ്ങൾ കണ്ടുവെന്നും മരണമടഞ്ഞാൽ തന്റെ ദേഹവും ഇവിടെ ഉപേക്ഷിക്കണമെന്ന് അമ്മ പറഞ്ഞതായും അവർ പറയുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച അറസ്റ്റിലായ സ്രവ സ്വാമിക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല എന്നാണ് പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്. തായ്ലാൻഡിലെ ഭൂരിപക്ഷം പേരും ബുദ്ധമത വിശ്വാസികളാണ്. എന്നാൽ, മതത്തിനു പുറത്ത് ഇത്തരത്തിലുള്ള കൾട്ടുകളും അവിടെയുണ്ട്. പ്രാദേശികമായ ചില അസുര സങ്കൽപങ്ങളേയും സ്വയം സൃഷ്ടിച്ചെടുത്ത ദൈവങ്ങളേയുമൊക്കെയാണ് ഇവർ ആരാധിക്കുന്നത്. എന്നാലും ഈ ആത്മീയ ഗുരുവിനെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത് അനധികൃതമായി വനഭൂമി കൈയേറിയതിനും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ടം കൂടിയതിനും മാത്രമാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്.